മെര്ലിന് മണ്‍റോ
- admin trycle
- Apr 8, 2020
- 0 comment(s)

മെര്ലിന് മണ്‍റോ
നോര്‍മ ജീൻ മോർട്ടൻസൺ എന്ന വനിത ലോകചരിത്രത്തില്‍ ഇടം നേടിയത് മെര്ലിന് മണ്‍റോ എന്ന നാമത്തിലാണ്. അമേരിക്കൻ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്ന മെര്ലിന് മണ്‍റോ തന്റെ വശ്യസൗന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകൾക്കും പ്രശസ്തയായിരുന്നു. ലോകസിനിമാചരിത്രത്തിലെ ഏറ്റവും മനോഹരിയായി അറിയപ്പെടുന്ന മെര്ലിന് 1950 കളിൽ വലിയ വാണിജ്യ വിജയം നേടിയ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ആ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. മെര്ലിന് മണ്‍റോയുടെ സിനിമകൾ 200 മില്യൺ ഡോളറിലധികം ആ കാലഘട്ടത്തിൽ നേടിയിരുന്നു.
1926 ജൂൺ 1 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് മൺറോ ജനിച്ചത്. നോര്‍മ ജീൻ എന്ന മെര്‍ലിന്റെ ബാല്യകാലം അത്യധികം യാതനാപൂര്‍ണമായിരുന്നു. പിതാവ് വീട് വിട്ട് പോവുകയും അമ്മ മാനസിക രോഗിയായിരുന്നതിനാലും നോർമ പലപ്പോഴും ബന്ധുക്കളുടെ വീട്ടിലായിരുന്നു നിന്നിരുന്നത്. ബാല്യകാലത്ത് ദത്ത്പുത്രിയായി 12 ഓളം വീട്ടില്‍ 14 വര്‍ഷത്തിനിടയില്‍ നോര്‍മ ജീവിച്ചു. ചില സമയങ്ങളില്‍ അവള് അനാഥാലയത്തിലുമായിരുന്നു. 1937 മുതൽ കുടുംബസുഹൃത്തായ ഗ്രെയ്സും ഭർത്താവ് ഡോക് ഗോഡ്ഡാർഡും ഏതാനും വർഷങ്ങൾ മൺറോയെ പരിപാലിച്ചു. അവരെ വളർത്താൻ മൺറോയുടെ അമ്മയ്ക്ക് ആഴ്ചയിൽ 25 ഡോളർ അവർ നൽകിയിരുന്നു. ഈ ദമ്പതികൾ അങ്ങേയറ്റം മതവിശ്വാസികളായിരുന്നു, മതമൗലികവാദ സിദ്ധാന്തങ്ങൾ പിന്തുടർന്ന അവർ മൺറോയെ സിനിമകൾക്കും മറ്റും പോകാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഡോക്കിന്റെ ജോലി ഈസ്റ്റ് കോസ്റ്റിലേക്ക് മാറിയപ്പോൾ മൺറോയെ അവരോടൊപ്പം കൊണ്ടുവരാൻ ഈ ദമ്പതികൾക്ക് കഴിഞ്ഞില്ല. തുടർന്ന് 1942-ല്‍, 16-ാം വയസിൽ എയര്‍ക്രാഫ്റ്റ് ഫാക്ടറിയിലെ ഉദ്യോഗസ്ഥനെ മൺറോ വിവാഹം കഴിച്ചുവെങ്കിലും രണ്ടാം ലോക മഹായുദ്ധ ശേഷം അവര്‍ വേര്‍പിരിഞ്ഞു.
1946-ല്‍ റ്റൊൻറ്റീത് സെഞ്ച്വറി ഫോക്സുമായി ഏര്‍പ്പെട്ട കരാര്‍ നോര്‍മയെ മെർലിൻ മൺറോ എന്ന അറിയപ്പെടുന്ന മോഡലാക്കി മാറ്റി. ഇതിന് ശേഷം ധാരാളം സിനിമകളിൽ മെർലിന് അവസരം ലഭിച്ചു. തുടക്കത്തിൽ മൺറോയെ സ്റ്റാർ ആക്ടിംഗ് മെറ്റീരിയലായി കണക്കാക്കിയിരുന്നില്ല. മാത്രമല്ല കുറച്ച് വർഷങ്ങൾ അവർക്ക് തന്റെ യഥാർത്ഥ അഭിനയ ശേഷി പുറത്തെടുക്കാൻ കഴിയുന്ന വേഷങ്ങളും ലഭിച്ചിരുന്നില്ല. എന്നാൽ അധികം വൈകാതെ ഹോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളായി അവർ മാറി. 1950-ല്‍ ദി അസ്ഫാൾട് ജംഗിൾ, ഓൾ അബൗട്ട് ഈവ് എന്നീ സിനിമകളിലെ മെര്‍ലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ പ്രശസ്ത നടി ബെറ്റി, നടൻ ഡേവിസ് എന്നിവരോടൊപ്പം അഭിനയിച്ച ഓള് എബൗട്ട് ഈവ് എന്ന നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം മെര്‍ലിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ലെറ്റ്സ് മേക്ക് ഇറ്റ് ലീഗൽ (1951), ലവ് നെസ്റ്റ് (1951), ക്ലാഷ് ബൈ നൈറ്റ് (1952), നയാഗ്ര (1953) എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ പിന്നീട് മെർലിൻ ശ്രദ്ധിക്കപ്പെട്ടു. ഈ കാലഘട്ടത്തിലെ ചിത്രങ്ങൾ അധികവും മർലിന്റെ വശ്യതയെ കേന്ദ്രീകരിച്ച ചിത്രമായിരുന്നു.
1954 ൽ ബേസ്ബോൾ താരം ജോ ഡിമാഗിയോയെ മെര്ലിൻ വിവാഹം കഴിച്ചു. ഒരു വർഷത്തിനുശേഷം അവരുടെ ദാമ്പത്യം അവസാനിച്ചതോടെ അവർക്ക് തന്റെ കരിയറിൽ അതൃപ്തി തുടങ്ങി. ഒരേ തരം വേഷങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മൺറോ ന്യൂയോർക്ക് നഗരത്തിലെ ആക്ടേഴ്സ് സ്റ്റുഡിയോയിൽ പഠനം ആരംഭിച്ചു. തനിക്കഭിനയിക്കാൻ സാധിക്കുന്ന ചലച്ചിത്രങ്ങളുടെ ശ്രേണി വർദ്ധിപ്പിച്ച മെർലിൻ അഭിനയജീവിതത്തിന്റെ രണ്ടാം പാദത്തിൽ കൂടുതൽ ഗൗരവമുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങി. സെവൻ ഇയർ ഇച്ച് (1955), ബസ് സ്റ്റോപ്പ് (1956) എന്നീ ചിത്രങ്ങളിലൂടെ മെർലിൻ ഒരു മികച്ച ഹാസ്യനടിയായി ഉയർന്നു വന്നു. 1955-ലെ സെവന് ഇയര്‍ ഇച്ച് എന്ന പടത്തിലെ ശക്തമായ സ്ത്രീകഥാപാത്രം മെര്‍ലിന്റെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. നിരവധി തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ മെര്ലിന് 1962-ല്‍ 36-ാം വയസില്‍ ആത്മഹത്യ ചെയ്ത രീതിയില്‍ ദുരൂഹമായി മരണപ്പെട്ടു. ബാല്യത്തില്‍ പലരുടെയും സഹായത്താല്‍ ജീവിതം കരുപിടിപ്പിച്ച മെര്ലിന് തന്റെ കഠിനാധ്വാനത്താല്‍ ലോകചരിത്രത്തിലെ അനശ്വരരായ വ്യക്തികളിലൊരാളായി മാറി.