ബ്രൂസ് ലീ
- admin trycle
- Mar 29, 2020
- 0 comment(s)

ബ്രൂസ് ലീ
ലോകം കണ്ട ഏറ്റവും മികച്ച ആയോധനകല വിദഗ്ധനും, നടനും, സംവിധായകനുമായിരുന്നു ബ്രൂസ് ലീ. കുങ്ഫു എന്ന ആയോധനകലയെ ആഗോളതലത്തിൽ ജനപ്രിയമാക്കിയ ബ്രൂസ്‌ലി, അഭ്രപാളികളില്‍ ആയോധനകലയുടെ അവിസ്മരണീയ പ്രകടനം കൊണ്ടാണ് ആരാധകരെ കയ്യിലെടുത്തത്. 'വേ ഓഫ് ദി ഡ്രാഗണ്‍' എന്ന സിനിമയില്‍ നിരവധി തവണ അമേരിക്കന്‍ കരാട്ടെ ചാമ്പ്യനായിരുന്ന ചക്ക് നോറിസുമായുള്ള പോരാട്ടരംഗം മാത്രംമതി കാലം ബ്രൂസ് ലീയെ ഓര്‍ത്തുവെക്കാന്‍.
1940 നവംബര്‍ 27-ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ജാക്‌സണ്‍ സ്ട്രീറ്റ് ആസ്പത്രിയിലാണ് ബ്രൂസ്‌ലീ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്, ഹോങ്കോംഗ് ഓപ്പറ ഗായകനും നടനുമായിരുന്നു ലീ ഹോയി ചുവൻ, ഭാര്യ ഗ്രേസ് ഹോയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം നാടകം അവതരിപ്പിക്കാനെത്തിയതായിട്ടാണ് 1939 ൽ അമേരിക്കയിലേക്ക് എത്തുന്നത്. സാൻ ഫ്രാൻസിസ്കോയിൽ പര്യടനത്തിനിടെയാണ് ബ്രൂസ്‌ലീ ജനിക്കുന്നത്. ജൂന്‍ ഫാന്‍ എന്നായിരുന്നു ഗ്രേസ് മകന് ഇട്ട ആദ്യ പേര്. പക്ഷേ, ആശുപത്രിയിലെ ഒരു നഴ്‌സിൽ നിന്ന് ലീക്ക് "ബ്രൂസ്" എന്ന പേര് ലഭിച്ചു, ലീ എന്ന കുടുംബപ്പേരു ചേര്‍ന്നപ്പോള്‍ അവന്‍ ബ്രൂസ്‌ലീ ആയി. അദ്ദേഹത്തിന്റെ സ്‌കൂൾ കാലഘട്ടത്തിന് മുമ്പ് അദ്ദേഹത്തിന്റെ കുടുംബം ഒരിക്കലും ഈ പേര് ഉപയോഗിച്ചിരുന്നില്ല. പീറ്റർ, റോബർട്ട്, ആഗ്നസ് ഫോയബീ എന്നിവരായിരുന്നു ലീയുടെ സഹോദരങ്ങൾ. ലീ സാൻ ഫ്രാൻസിസ്കോയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം വളർന്നത് ഹോങ്കോങ്ങിലായിരുന്നു.
ലീക്ക് മൂന്ന് മാസം പ്രായമുള്ളപ്പോള്‍ ഗോള്‍ഡന്‍ ഗേറ്റ് ഗേള്‍(1941) എന്ന ചലച്ചിത്രത്തിലെ ഒരു കുട്ടി ആയി ക്യാമറക്ക് മുന്നില്‍ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടു. അധികം വൈകാതെ ലീയുടെ കുടുംബം ഹോങ്കോങ്ങിലേക്ക് മടങ്ങി. ക്യാമറക്ക് മുന്നിലെ അദ്ദേഹത്തിന്‍റെ സ്വാഭാവിക നടനമികവ് കൊണ്ട് പതിനെട്ട് വയസിനിടെ ഇരുപതോളം സിനിമയില്‍ അദ്ദേഹം ബാലതാരമായി അഭിനയിച്ചു.
ബ്രൂസ് ലീയുടെ ആദ്യകാല പഠനവും കുങ്ഫൂ പരിശീലനവും ഹോങ്കോംഗിലായിരുന്നു. കൗമാരപ്രായത്തിൽ, പ്രാദേശിക സംഘങ്ങളുമായി ഏറ്റുമുട്ടിയ ലീ പിന്നീട് സ്വയം പ്രതിരോധിക്കാൻ കുങ്ഫു പഠികാൻ ആരംഭിച്ചു. 1953-ല്‍ മാസ്റ്റര്‍ യിപ്പ് മാന്‍റെ ശിക്ഷണത്തിലാണ് കുങ്-ഫൂ അഭ്യസിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് അദ്ദേഹം നൃത്ത പാഠങ്ങളും ആരംഭിച്ചു, അത് അദ്ദേഹത്തിന്റെ കാൽ ചലനങ്ങളും ബാലൻസിങ്ങും കൂടുതൽ പരിഷ്കരിച്ചു. 1958 ൽ ലീ ഹോങ്കോംഗ് ചാ-ചാ ചാമ്പ്യൻഷിപ്പ് നേടി.
മകന്റെ അടിപിടിയും പൊലീസിന്റെ കയ്യിൽപെടാതെയുള്ള ഓട്ടങ്ങളും ലീയുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കി, മകന്‍ നാട്ടില്‍ നിന്നാല്‍ ജയിലില്‍ എത്തുമെന്ന് ഭയന്ന അവർ 18 വയസ്സ് തികഞ്ഞയുടനെ മകനെ അമേരിക്കയിൽ ഒരു സുഹൃത്തിനടുത്തേക്ക് അയച്ചു. വാഷിഗ്ടണിലെ സിയാറ്റലിന് പുറത്ത് കുടുംബസുഹൃത്തുക്കളോടൊപ്പം താമസിച്ച ലീ അവിടെ വെച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് ഫിലോസഫി ആൻഡ് ഡ്രാമയിൽ ബിരുദം നേടുകയും ചെയ്തു. ഈ കാലത്ത്, ഡാന്‍സ് ഇന്‍സ്ട്രക്ടര്‍ ആയി ലീ ജോലിയും ചെയ്തിരുന്നു.
വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ വച്ച്,1961-ലാണ് ലീ ലിൻഡയെ കണ്ടുമുട്ടിയത്. പ്രണയബദ്ധരായ അവർ 1964 ആഗസ്റ്റിൽ വിവാഹിതരായി. അപ്പോഴേക്കും ലീ സിയാറ്റിലിൽ സ്വന്തമായി ഒരു മാർഷ്യൽ ആർട്സ് സ്കൂൾ ആരംഭിച്ചു. പിന്നീട് ഇവർ കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിലേക്ക് താമസം മാറ്റിയപ്പോൾ രണ്ടാമത്തെ സ്കൂളും ആരംഭിച്ചു. പരമ്പരാഗത ആയോധനകലകൾക്ക് പകരം പുരാതന കുങ്‌ഫു, ഫെൻസിംഗ്, ബോക്സിംഗ്, ഫിലോസഫി എന്നിവയുടെ സമന്വയമായ ജീറ്റ് കുനെ ദോ എന്ന അഭ്യാസമുറ ലീ വികസിപ്പിച്ചെടുത്തത് ആ സമയത്താണ്.
1964-ലെ ലോസാഞ്ചലസ് പ്രദേശത്തെ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ ലീയുടെ പ്രകടനം കണ്ട പ്രസിദ്ധ ടെലിവിഷന്‍ നിര്‍മാതാവ് വില്യം ഡോസിയര്‍ തന്റെ പുതിയ പരമ്പരയായ ഗ്രീന്‍ഹോണറ്റിലേക്ക് ക്ഷണിച്ചതോടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് വീണ്ടും വന്നത്. 1965-ലാണ് ഗ്രീൻഹോണറ്റിൻറെ ചിത്രീകരണം തുടങ്ങിയത്. ഷൂട്ടിങ്ങിനും മറ്റുമുള്ള സൌകര്യത്തിനായി ലീയും കുടുംബവും ലോസാഞ്ചലസിലേക്ക് താമസം മാറി. 1966 ൽ സംപ്രേഷണം ആരംഭിച്ച ഗ്രീൻഹോണറ്റിന് അമേരിക്കയിലെ ചെറുപ്പകാർക്കിടയിൽ വലിയ പ്രചാരം ലഭിച്ചു. 1967 ജൂലൈ 14-നു പരമ്പര സംപ്രേഷണം അവസാനിപ്പിച്ചു. അപ്പോഴേക്കും ലീ സ്റ്റാറായിക്കഴിഞ്ഞിരുന്നു.
ഒരു ടി.വി. ഷോയില്‍ അഞ്ച് മരക്കട്ടകള്‍ ഒന്നിച്ച് അടിച്ചുതകര്‍ക്കുന്നതുകണ്ട റെയ്മണ്ട് ചോ, ബ്രൂസ്‌ലീയെ നായകനാക്കി പുതിയ ഒരു ചലച്ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 1971-ല്‍ തായ്‌ലന്‍ഡില്‍ ചിത്രീകരിച്ച 'ദ ബിഗ്‌ബോസ്' എന്ന ആദ്യചിത്രം ഹോങ്കോങ്ങില്‍ വലിയ ചലനമുണ്ടാക്കി. അതുവരെ സിനിമയില്‍ വന്നിരുന്ന നാടകീയ ആക്ഷന്‍ രംഗങ്ങളില്‍നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ ഓരോ ഇടിയും കാണികള്‍ ശ്വാസമടക്കി കണ്ടിരുന്നു. തൊട്ടുപിന്നാലെ വന്ന 'ഫിസ്റ്റ് ഓഫ് ഫ്യൂറി'യും അതുവരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു. 1972 ആയപ്പോഴേക്കും ഏഷ്യയിലെ പ്രധാന സിനിമാതാരമായി ലീ മാറി. സ്വന്തമായി വികസിപ്പിച്ചെടുത്ത 'ജീറ്റ് കുനെ ദോ' എന്ന അഭ്യാസമുറയുമായി അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞാടി. പല ചിത്രങ്ങളിലും സംഘട്ടനരംഗങ്ങള്‍ തന്മയത്വത്തോടെ സംവിധാനം ചെയ്യുകയും ചെയ്തു. റെയ്മണ്ട് ചോവുമായി സഹകരിച്ച് കോണ്‍കോഡ് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം സിനിമാകമ്പനിയും ലീ സ്ഥാപിച്ചു.
1973-ല്‍ റോബര്‍ട്ട് ക്ലൗസ് സംവിധാനം ചെയ്ത 'എന്റര്‍ ദ ഡ്രാഗണ്‍' എന്ന വമ്പന്‍ ഹോളിവുഡ് പ്രൊജക്റ്റ് അദ്ദേഹത്തിന്‍റെ സ്വപ്നപദ്ധതിയായിരുന്നു. ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്-വാര്‍ണര്‍ ബ്രോസ് നിര്‍മാണ കമ്പനിയുടെ ആദ്യ ചിത്രമായിരുന്നു അത്. പക്ഷേ, അന്നുവരെ ലോകസിനിമയിലുണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് ചിത്രം നാല് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ലാഭമുണ്ടാക്കുന്നതും താന്‍ ലോകസിനിമയിലെ ഏഷ്യക്കാരനായ ആദ്യ സൂപ്പര്‍താരമാകുന്നതും കാണാന്‍ ലീ ജീവിച്ചിരുന്നില്ല. 1973 ജൂലൈ 20-ന് എന്‍റര്‍ ദ ഡ്രാഗണ്‍ റിലീസ് ചെയ്യേണ്ടതിന് ആറ് ദിവസം മുമ്പ് അദ്ദേഹം ഹോങ്കോങ്ങില്‍ വച്ച്, 32-മത്തെ വയസ്സില്‍ അന്തരിച്ചു. ഗെയിം ഓഫ് ഡെത്ത് ("Game Of Death") എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം.
ലീ ലിൻഡ ദമ്പതിമാർക്ക് രണ്ടു മക്കളായിരുന്നു. ബ്രണ്ടൻ ലീയും ഷാനൻ ലീയും. പിൽക്കാലത്ത് അഭിനേതാവെന്ന നിലയിൽ പ്രശസ്തനായ ബ്രണ്ടൻ ലീ 1993-ൽ ദ ക്രോ (The Crow) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിയേറ്റാണു മരിച്ചു.
ബ്രൂസ് ലീയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെട്ട വീഡീയോ ഗെയിമിലെ താരങ്ങൾ ആയിരുന്നു മോര്‍ട്ടല്‍ കോമ്പാറ്റിലെ ലിയു കാങ്, സ്ടീറ്റ് ഫൈറ്റര്‍ 2 ലെ ഫെയ് ലോങ്, ടെക്കനിലെ ലോ എന്നിവ.