സ്റ്റീഫന്‍ ഹോക്കിങ്
- admin trycle
- Apr 30, 2020
- 0 comment(s)

സ്റ്റീഫന്‍ ഹോക്കിങ്
ഐന്‍സ്റ്റീനും ന്യൂട്ടണും ശേഷമുള്ള ഏറ്റവും മികച്ച ഭൗതികശാസ്ത്ര സൈദ്ധാന്തികന്‍ എന്നറിയപ്പെടുന്ന സ്റ്റീഫന്‍ ഹോക്കിങ് തമോഗര്‍ത്തങ്ങളുടെയും (Black hole), ആപേക്ഷിതയുടെയും (relativity) പഠനങ്ങളിലൂടെയാണ് ലോകപ്രശസ്തനായത്. 1942 ജനുവരി 8-ന്, ഗലീലിയോ ഗലീലിയുടെ 300-ാം ചരമവാര്‍ഷികദിനത്തില്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ഫ്രാങ്ക്, ഇസൊബെൽ ഹോക്കിങ്ങ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഹോക്കിങ്ങിന് ഫിലിപ്പോ, മേരി എന്നീ രണ്ടു ഇളയ സഹോദരിമാരും എഡ്വേർഡ് എന്ന ഒരു ദത്ത് സഹോദരനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്കോട്ടിഷ്കാരിയായ അമ്മ വളരെ കുറച്ച് സ്ത്രീകൾ മാത്രം കോളേജ് വിദ്യാഭ്യാസം നേടിയിരുന്ന 1930 കളിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ പ്രവേശനം നേടിയവരായിരുന്നു. അദ്ദേഹത്തിന്റെ പിതാവും ഓക്സ്ഫോർഡ് ബിരുദധാരിയും, ഉഷ്ണമേഖലാ രോഗങ്ങളുടെ പ്രത്യേകതകളെ കുറിച്ച് പഠിക്കുന്ന മെഡിക്കൽ ഗവേഷകനുമായിരുന്നു. ലണ്ടനിലെ ഹൈഗേറ്റിലെ ബൈറോണ്‍ ഹൗസ് സ്കൂളിലായിരുന്നു ഹോക്കിംങിന്‍റെ സ്കൂള്‍പഠനം. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്‍റ് ആല്‍ബന്‍സ് സ്കൂളില്‍ ചേര്‍ന്നു. 1962 ൽ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഭൗതികശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയും 1966 ൽ അവിടെനിന്നും Phd നേടുകയും ചെയ്തു.
കേംബ്രിഡ്ജിൽ ഗവേഷണം നടത്തുന്ന കാലത്താണ് അദ്ദേഹത്തിന് കൈകാലുകള്‍ തളര്‍ന്ന് പോകുന്ന നാഡീരോഗമായ അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസീസ് ബാധിച്ചത്. ദീര്‍ഘകാലം ജീവിച്ചിരിക്കില്ലെന്ന ഡോക്ടറുടെ വിധിയെഴുത്തില്‍ പകച്ചുപോകാതെ അദ്ദേഹം താന്‍ ചെയ്തുകൊണ്ടിരുന്ന ഗവേഷണത്തില്‍ വ്യാപൃതനാവുകയാണ് ചെയ്തത്. 1969-ല്‍ അദ്ദേഹത്തിന്‍റെ ശാരീരികശേഷി നഷ്ടപ്പെട്ട് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാവുകയും, 1985-ല്‍ ശബ്ദം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ തലയുടെയും കണ്ണിന്‍റെയും ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സെന്‍സറുകൾ ഉപയോഗിച്ച് അദ്ദേഹം ലോകത്തോട് സംവദിച്ചു. പിന്നീട് കവിള്‍ പേശിയുമായി ബന്ധിപ്പിക്കുന്ന സെന്‍സറുകളിലൂടെയും സഹായികളുടെ സഹകരണത്തോടെയും അദ്ദേഹം തന്‍റെ ഗവേഷണപ്രബന്ധങ്ങള്‍ എഴുതിക്കൊണ്ടിരുന്നു.
സൈദ്ധാന്തിക ജ്യോതിശാസ്ത്രമായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ ഗവേഷണമേഖല. 1979 മുതല്‍ 30 വര്‍ഷം വരെ സ്റ്റീഫന്‍ കേംബ്രിജ് സര്‍വ്വകലാശാലയില്‍ അപ്ലൈഡ് മാത്തമറ്റിക്സ് ആന്‍ഡ് ഫിസിക്സ് വിഭാഗത്തില്‍ ല്യൂക്കേഷ്യന്‍ പ്രൊഫസറായിരുന്നു. ഐസക് ന്യൂട്ടണ്‍ വഹിച്ചിരുന്ന പദവിയായിരുന്നു ഇത്. തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ പ്രപഞ്ചത്തിന്‍റെ ഉത്പത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചു. 2004-ല്‍ നടന്ന രാജ്യാന്തര ഗുരുത്വാകര്‍ഷണ-പ്രപഞ്ചശാസ്ത്ര സമ്മേളനത്തില്‍ തമോഗര്‍ത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച പുതിയ സിദ്ധാന്തം ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (A Breif History Of Time) എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറാണ്. ഇത് കൂടാതെ വേറെയും പുസ്തകങ്ങളും ഒട്ടനവധി ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ദ യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ ജോർജ്ജ്സ് സീക്രട്ട് കി റ്റു ദ യൂണിവേഴ്സ് , ദ ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘'ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’', ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ '‘ജനറൽ റിലേറ്റിവിറ്റി’' എന്നിവയാണു മറ്റു പ്രധാന രചനകൾ.
2018 മാര്‍ച്ച് 14-ന് എഴുപത്തി ആറാം വയസില്‍ കേംബ്രിഡ്ജിലെ വസതിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ജീവിതകഥയുടെ ഒരു ഭാഗം 2014-ൽ പുറത്തിറങ്ങിയ ദി തിയറി ഓഫ് എവരിതിംഗ് എന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു.