കൊച്ചി തുറമുഖം
- admin trycle
- Mar 4, 2020
- 0 comment(s)
കൊച്ചി തുറമുഖം
660 വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നാണ് കൊച്ചി തുറമുഖം. കേരളത്തിലെ ഒരേയൊരു വന്‍കിട തുറമുഖമായ ഇതിന് 827 ഹെക്ടര്‍ വിസ്തീര്‍ണവും ഏഴര കിലോമീറ്ററോളം നീളത്തില്‍ വാട്ടര്‍ ഫ്രന്റേജുമുണ്ട്. പ്രാചീന ഭാരതത്തിലെ പ്രധാന തുറമുഖം എന്ന് വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341-ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അഴിമുഖത്ത് മണല്‍ വന്ന് നിറഞ്ഞ് ഉപയോഗശൂന്യമായി. ഈ വെള്ളപ്പൊക്കത്തിന്‍റെ ഫലമായി കൊച്ചിയില്‍ ഒരു സ്വാഭാവിക തുറമുഖം രൂപംകൊണ്ടു. വെള്ളപ്പൊക്കത്തിനു മുമ്പ് ഈ പ്രദേശത്ത് ചെറിയ നദികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇവിടെ കായലുകളും വൈപ്പിന്‍ ദ്വീപും രൂപപ്പെട്ടു.
ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ് കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി കൊച്ചി തുറമുഖത്തെ വ്യവസായ കേന്ദ്രമാക്കാന്‍ വേണ്ടി ബ്രിട്ടിഷ് ആധിപത്യകാലത്ത് നിരവധി പഠനങ്ങള്‍ നടന്നതിന്‍റെ ഫലമായി 1920-ല്‍ ബ്രിട്ടീഷ് തുറമുഖ എന്‍ജിനീയറായ റോബര്‍ട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്‍റെ ജോലിക്കായി നിയോഗിച്ചു. ബ്രിസ്റ്റോയുടെ നിര്‍ദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്‍റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ് വെല്ലിങ്ങ്ടണ്‍ ഐലന്‍ഡ്. കൊച്ചി തുറമുഖത്തെ ആഴക്കടലുമായി ബന്ധിപ്പിച്ചുകൊണ്ട് 450 അടി വീതിയിലും മൂന്നര മൈല്‍ നീളത്തിലും ഒരു കടല്‍പ്പാത നിര്‍മ്മിച്ചപ്പോള്‍ എടുത്തുമാറ്റിയ മണ്ണാണ് ഈ ദ്വീപിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ങ്ടണ്‍ പ്രഭുവിന്‍റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.
ആധുനിക തുറമുഖത്തിന്‍റെ ഉദ്ഘടാനം 1928 മെയ് 26-ാം തീയ്യതി നടന്നു. 1931 മുതല്‍ യാത്രാക്കപ്പലുകള്‍ കൊച്ചിയില്‍ വന്നു. ഇന്ത്യയില്‍ ആദ്യമായി കൊച്ചി തുറമുഖത്തിലാണ് കണ്ടെയ്നര്‍ കപ്പല്‍ എത്തിയത്. പ്രസിഡന്‍റ് ടെയ്ലര്‍ എന്ന കപ്പലായിരുന്നു അത്. 1936-ല്‍ ദിവാനായിരുന്ന ആര്‍. കെ. ഷണ്‍മുഖം ചെട്ടി കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്ന് വിശേഷിപ്പിച്ചു. 1964-ല്‍ കൊച്ചിന്‍ പോർട്ട് ട്രസ്റ്റ് രൂപീകരിച്ചു. പി. ആര്‍. സുബ്രഹ്മണ്യനായിരുന്നു ആദ്യത്തെ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍.
വിദേശ വിനോദ സഞ്ചാരികളെ വഹിക്കുന്ന ഉല്ലാസ യാത്രക്കപ്പലുകളുടെ ഒരു പ്രധാന താവളമാണ് കൊച്ചി തുറമുഖം. കൊച്ചിയെ ഇന്ന് കേരളത്തിലെ വ്യവസായക സാമ്പത്തിക-തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാക്കി മാറ്റുന്നതിൽ കൊച്ചി തുറമുഖത്തിനും ചെറുതല്ലാത്ത പങ്കുണ്ട്.