തെയ്യം
- admin trycle
- Feb 21, 2020
- 0 comment(s)
തെയ്യം
കോലത്തുനാട്ടിലെ അനുഷ്ഠാന കലാരൂപമാണ് തെയ്യം. കാവുകളിലും തറവാട്ടുമുറ്റങ്ങളിലുമാണ് തെയ്യക്കോലങ്ങള്‍ സാധാരണയായി കെട്ടി ആടുന്നത്. തുലാമാസം പത്തു മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലത്ത് മലബാറിലെ കാവുകളില്‍ തെയ്യങ്ങള്‍ നിറഞ്ഞാടുന്നു. വടക്കന്‍ കേരളത്തില്‍, പ്രധാനമായും വടകര മുതല്‍ കാസര്‍കോട് വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലെ തനത് അരാധനാ സമ്പ്രദായമായ തെയ്യം, മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്‍കുകയും ചെയ്യുന്ന വിശ്വാസപ്രക്രിയയാണ് കരുതുന്നത്. കളിയാട്ടം എന്നും ചിലയിടങ്ങളിൽ ഇത് അറിയപ്പെടുന്നുണ്ട്.
ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി എന്നാണ് ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തമിഴിൽ തെയ്‌വം എന്ന രൂപമാണ് ദൈവശബ്ദത്തിന് സമമായി കാണപ്പെടുന്നത്. ദൈവം ആട്ടം എന്നീ പദങ്ങൾ ചേർന്നാണ് ദൈവ ആട്ടം എന്ന കലാരൂപം ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് അത് തെയ്യാട്ടം ആയും തെയ്യം ആയും പരിണമിച്ചു എന്നാണു വിശ്വസിക്കുന്നത്. 1500-ഇൽ പരം വർഷങ്ങളുടെ ചരിത്രം തെയ്യത്തിനുണ്ട്. മലബാർ പ്രദേശങ്ങളിലും, ദക്ഷിണ കർണാടക സംസ്ഥാനങ്ങളിലും ആണ് തെയ്യം എന്ന കലാരൂപം കൂടുതലായി ഉള്ളത്. അറിയപ്പെടുന്ന 450-ഓളം തെയ്യങ്ങൾ ഉണ്ടെങ്കിലും നിലവിൽ 50-നും 60-നും ഇടയിൽ തെയ്യങ്ങൾ ആചരിച്ചു പോരുന്നു. ഓരോ തെയ്യത്തിന്മേലും മിത്തുകളും ആചാരങ്ങളും കലയും സമന്വയിക്കപ്പെട്ടിരിക്കുന്നു. അമ്മ ദൈവങ്ങളും വീരന്മാരും ഇതിഹാസ കഥാപാത്രങ്ങളും വനദൈവങ്ങളും തറവാടുകളില്‍ കാരണവര്‍ വെച്ചാരാധിക്കുന്ന വിവിധ മൂര്‍ത്തികളുമെല്ലാം തെയ്യങ്ങളായി കെട്ടിയാടുന്നു. വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയവ വിഭാഗക്കാരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. നിശ്ചിത തെയ്യങ്ങള്‍ നിശ്ചിത വിഭാഗക്കാര്‍ മാത്രമേ അവതരിപ്പിക്കൂ. അതായത് ഓരോ കാവുകള്‍ക്കും തെയ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരമ്പരാഗതമായ ചില നിബന്ധനകളുണ്ട്. അതനുസരിച്ചാണ് തെയ്യക്കോലങ്ങള്‍ കെട്ടുന്നത്.
വൈവിധ്യ പൂര്‍ണ്ണമായ ചടങ്ങുകളാണ് തെയ്യത്തിനുള്ളത്. അടയാളം കൊടുക്കലാണ് തെയ്യത്തിന് മുമ്പുള്ള ആദ്യ ചടങ്ങുകളിലൊന്ന്. കോലക്കാരനെ അഥവാ കോലധാരി അതായത് തെയ്യംകെട്ടുന്ന ആളെ നേരിട്ടെത്തി തീയതി അറിയിച്ച് ദക്ഷിണ നല്‍കി, കോലം കെട്ടാന്‍ ഏല്പിക്കുന്ന ഏര്‍പ്പാടാണിത്. കോലക്കാരന്‍ ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ വ്രതം എടുക്കാറുണ്ട്. പൂര്‍ണ്ണരൂപത്തിലുള്ള തെയ്യക്കോലത്തിന് മുന്നോടിയായി ലളിതമായ വേഷത്തോടുകൂടിയുള്ള അവതരണമാണ് തോറ്റവും വെള്ളാട്ടവും. തോറ്റം കെട്ടിയ അവസരത്തില്‍ അതാത് തെയ്യത്തിന്റെ ഉല്പത്തി കഥ ഉള്‍ക്കൊള്ളുന്ന ഭാഗം തോറ്റി ഉണര്‍ത്തുന്ന ചടങ്ങുണ്ട്. തോറ്റം കെട്ടിയ കോലക്കാരനും സഹായികളും ഇതില്‍ പങ്കെടുക്കും. ഇതിനു തോറ്റംപാട്ട് എന്നു പറയും. തോറ്റം പാട്ടുകളിലൂടെയാണ് അതാതു തെയ്യത്തിന്റെ ഉല്പത്തിയും മറ്റു പ്രത്യേകതകളും വിവരിക്കുന്നത്. തോറ്റമുള്ള തെയ്യങ്ങള്‍ക്ക് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നിവ ഉണ്ടാകും. തോറ്റത്തേക്കാള്‍ വേഷവും ഉടയാടകളും വെള്ളാട്ടത്തിന് ഉണ്ടാകും. മുഖത്ത് തേപ്പും തലയില്‍ ചെറിയ മുടിയും വെക്കും. എല്ലാ തെയ്യങ്ങള്‍ക്കും വെള്ളാട്ടമുണ്ടാകാറില്ല. തോറ്റമോ വെള്ളാട്ടമോ ഇല്ലാത്ത തെയ്യങ്ങള്‍ക്ക് കൊടിയില വാങ്ങുന്ന ചടങ്ങു മാത്രമേ കാണുകയുള്ളൂ. തോറ്റവും വെള്ളാട്ടവും കഴിഞ്ഞാൽ അതാതു മൂര്‍ത്തികളുടെ മുഖത്തെഴുത്തും ചമയങ്ങളും മുടിയുമെല്ലാം അണിഞ്ഞ് പുറപ്പാട് അറിയിക്കുന്നു. തെയ്യങ്ങള്‍ക്ക് മുമ്പില്‍ സങ്കടങ്ങളും ആവലാതികളും കേള്‍പ്പിക്കുവാനും പരിഹാരങ്ങളും ആശ്വാസവും കണ്ടെത്തുവാനും ഭക്തര്‍ എത്തുന്നു. മലബാറിലെ ആളുകളെ സംബന്ധിച്ച് ഇത് കലാരൂപമെന്നതിനപ്പുറം അവരുടെ ആരാധനയുടെ കൂടെ ഭാഗമായതിനാൽ വളരെ പവിത്രമായാണ് അവര്‍ ഈ ചടങ്ങുകളെ കാണുന്നത്. ജാതീയ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന കാലങ്ങളിലും തെയ്യം കെട്ടുന്ന സമയമായാല്‍ കോലധാരികള്‍ക്ക് പവിത്രമായ സ്ഥാനം ഇവിടങ്ങളിൽ കല്പിച്ചു നല്‍കിയിരുന്നു.
ചെണ്ട, ഇലത്താളം, കുഴല്‍ എന്നിവയാണ് തെയ്യത്തിലെ പ്രധാന വാദ്യോപകരണങ്ങള്‍. പുലയര്‍ മുതലായ സമുദായക്കാര്‍ തുടിയും ഉപയോഗിക്കാറുണ്ട്. തുളു സംസ്‌കാരത്തിന്റെ സ്വാധീനം കാസര്‍കോട് ഭാഗത്തെ തെയ്യങ്ങളില്‍ വളരെ പ്രകടമാണ്. ചെണ്ടയ്ക്ക് പകരം നാസിക് ഡോളിനോട് സാദൃശ്യമുള്ള ഒരു വാദ്യോപകരണമാണ് അവര്‍ ഉപയോഗിക്കുക. തെയ്യത്തിന്റെ വേഷവിധാനങ്ങൾ തയ്യാറാക്കുന്നത് പൂർണമായും പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വൈവിധ്യമുള്ള നിറങ്ങളാണ് തെയ്യത്തിന്റെ മുഖത്തെഴുത്തിന് ഉപയോഗിക്കുക. ചുവപ്പും വെള്ളയും മഞ്ഞയും കറുപ്പും പച്ചയും നിറങ്ങളാണ് കൂടുതലും ഉപയോഗിക്കുക. ചായില്യം, കരിമഷി, അരിപ്പൊടി, മനയോല തുടങ്ങിയവ വര്‍ണ്ണങ്ങൾക്കായി ഉപയോഗിക്കുന്നു. വ്യത്യസ്ത തെയ്യങ്ങള്‍ക്ക് വ്യത്യസ്ത മുഖത്തെഴുത്താണ്. ഒളികണ്ണ്, ശംഖും വൈരിദ്ദളം, കുറിയെഴുത്ത്, തേപ്പും കുറി, കാട്ടാരംപുള്ളി തുടങ്ങിയ പേരുകളിലാണ് മുഖത്തെഴുത്തുകള്‍ അറിയപ്പെടുന്നത്. വട്ടമുടി, വലിയമുടി, പൂമുടി, തിരുമുടി, ചട്ടമുടി, പുറത്താട്ടുമുടി എന്നിങ്ങനെ മുടികള്‍ വിവിധ തരത്തിലുണ്ട്. ഓട്, വെള്ളി, സ്വര്‍ണ്ണം, കുരുത്തോല, പട്ട്, ചെക്കിപ്പൂവ് എന്നിവ കൊണ്ടാണ് അലങ്കാരങ്ങള്‍. ചുട്ടികളും കോപ്പുകളും ആടയാഭരണങ്ങളും പൂക്കളും കുരുത്തോലയും ഉപയോഗിച്ച് അണിഞ്ഞൊരുങ്ങുന്ന തെയ്യക്കോലങ്ങള്‍ കാവുകളെയും നാടിനെയും സജീവമാക്കുന്നു. സ്ഥലങ്ങള്‍ക്കും കാവുകള്‍ക്കും മൂര്‍ത്തികള്‍ക്കും അനുസരിച്ച് മുഖത്തെഴുത്തിലും കിരീടത്തിലും ആടയാഭരണങ്ങളിലും പാട്ടിലുമെല്ലാം വ്യത്യാസമുണ്ടാകും. പുളിവിറക് കത്തിച്ച് കനലുണ്ടാക്കി അതിലാടുന്ന കണ്ടനാര്‍ കേളനും തീച്ചാമുണ്ടിയുമെല്ലാം ഉള്‍പ്പെടുന്ന തെയ്യങ്ങളുടെ വന്യസൗന്ദര്യവും തെച്ചിപ്പൂവിന്റെ കിരീടം ചൂടിയെത്തുന്ന മുച്ചിലോട്ട് ഭഗവതിയുടെ തെയ്യത്തിന്റെ ഭംഗിയും ഒക്കെ ഇത്തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. പ്രകൃതിയും മനുഷ്യനും ദൈവങ്ങളുമെല്ലാം പരസ്പര പൂരകങ്ങളായി മാറുന്ന തെയ്യം കാണുവാനും അതിനെപ്പറ്റി പഠിക്കുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം ആളുകള്‍ ഇന്ന് കേരളത്തിൽ എത്തുന്നു. ഒരുകാലത്ത് യൂറോപ്യരെ ഏറെ ആകര്‍ഷിച്ചിരുന്ന കഥകളിയുടെ സ്ഥാനം തെയ്യവും കൈവരിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് മലബാറിലെ വിനോദസഞ്ചാരത്തിനും പുത്തന്‍ സാധ്യതകള്‍ തുറന്നുനല്‍കുകയാണ്.