LED ബൾബുകൾ
- admin trycle
- Jun 3, 2020
- 0 comment(s)
LED
LED ബൾബുകൾ അഥവാ ലൈറ്റ് എമിറ്റിങ് ഡയോഡ് ബൾബുകളുടെ കണ്ടുപിടുത്തം വൈദ്യുതി മേഖലയിൽ വലിയ വിപ്ലവമാണ് സൃഷ്ട്ടിച്ചത്. ഇവയുടെ കണ്ടുപിടുത്തം വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ മാറ്റം വരുത്തി. എൽഇഡികൾ വലുപ്പത്തിൽ വളരെ ചെറുതും വളരെ കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നതുമാണ്. ഇവയുടെ ശ്രദ്ധേയമായ ചില പ്രത്യേകതകൾ കാരണം ജനപ്രീതിയും അപ്ലിക്കേഷനുകളും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സെൽഫോൺ മുതൽ വലിയ പരസ്യ ഡിസ്പ്ലേ ബോർഡുകൾ വരെ, ഈ ബൾബുകളുടെ വിപുലമായ അപ്ലിക്കേഷനുകൾ എല്ലായിടത്തും കാണാനാകും.
LED ബൾബുകളുടെ കണ്ടുപിടുത്തത്തിൽ എടുത്ത് പറയേണ്ടതാണ് ബ്ലൂ LED ലൈറ്റുകളുടെ കണ്ടുപിടുത്തം. 1950 കളിൽ ഗാലിയം നൈട്രൈഡ് എന്ന സെമികണ്ടക്ടർ ഉപയോഗിച്ച് നീല വെളിച്ചം ഉണ്ടാക്കാം എന്ന് തിരിച്ചറിഞ്ഞു. പക്ഷെ കൂടുതൽ നേരം ഇത് ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. 1970 ആയപ്പോഴേക്കും പല ശാസ്ത്രജ്ഞന്മാരും ഗാലിയം നൈട്രൈഡ് ഉപയോഗിച്ചുള്ള LED ലൈറ്റുകളുടെ പരീക്ഷണത്തിൽ നിന്ന് വിജയം കാണാതെ പിന്മാറി. എന്നാൽ 1974 ൽ ഇസാമു അകസാകിയും പിന്നീട് ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവർ ഈ മേഖലയിൽ പരീക്ഷണം തുടർന്നു. 1986 വരെ ഇവരുടെ പരീക്ഷണം വിജയം കണ്ടിരുന്നില്ല. എന്നാൽ 90 കളുടെ ആദ്യവർഷങ്ങളിൽ ഇവർ പുതിയ LED ക്ക് രൂപം നൽകി. ഈ ഒരു കണ്ടുപിടുത്തത്തിന് ഇസാമു അകസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ എന്നിവർക്ക് 2014 ഒക്ടോബർ 7-ന് ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
നിലവിലുണ്ടായിരുന്ന പച്ച ചുവപ്പ് LED കളിൽ നീല വെളിച്ചം സംയോജിപ്പിച്ചാണ് പുതിയ ബൾബുകൾക്ക് ഇവർ രൂപം നൽകിയത്. കൂടുതല്‍ പ്രകാശം, കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊർജ്ജോപയോഗം ഇതാണ് എല്‍.ഇ.ഡി ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതില്‍ LED ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്. പി-എൻ സന്ധി ഡയോഡാണ് LED കളിൽ ഉപയോഗിക്കുന്നത്. ഇത് ഫോർവേഡ് ബയസിലാകുമ്പോൾ വൈദ്യുതി പ്രവഹിക്കുകയും ഇലക്ട്രോണുകൾ ഉത്തേജിപ്പിക്കപ്പെടുകയും ഹോളുകളുമായി ചേരുകയും ചെയ്യുന്നു. അപ്പോൾ സ്വതന്ത്രമാകുന്ന ഊർജം പ്രകാശമായി പുറത്തുവരുന്നു. ഈ പ്രതിഭാസത്തെ ഇലക്ട്രോലൂമിനസൻസ് എന്ന് പറയുന്നു. എനർജ്ജി ഗ്യാപ്പനനുസരിച്ച് വിവിധ വർണങ്ങൾ ഉണ്ടാക്കുന്ന എൽ.ഇ.ഡികൾ ഇന്ന് ലഭ്യമാണ്.
വൈമാനിക ആവശ്യങ്ങൾക്കും, വാഹനങ്ങളിലെ പ്രകാശത്തിനും, പരസ്യങ്ങൾ, ട്രാഫിക് സിഗ്നലുകൾ എന്നിവയിലെ പ്രകാശത്തിനായും എൽ.ഇ.ഡികൾ ഉപയോഗിച്ചുവരുന്നു. വലിപ്പക്കുറവും ഓൺ-ഓഫ് സമയക്കുറവും കണക്കിലെടുത്ത് വീഡിയോ ഡിസ്പ്ലേകളിലും എൽ.ഇ.ഡികൾ ഉപയോഗിക്കുന്നു. കൂടാതെ, റിമോട്ട് കൺട്രോളുകളിൽ ഇൻഫ്രാറെഡ് എൽ.ഇ.ഡികളും ഉപയോഗിക്കുന്നു. ഇൻകാൻഡെസൻറ്റ് വിളക്കുകളെ അപേക്ഷിച്ച് കൊടുക്കുന്ന വൈദ്യുതിക്ക് കൂടുതൽ പ്രകാശം എൽ.ഇ.ഡികൾക്ക് പുറപ്പെടുവിക്കാൻ സാധിക്കും. മറ്റുവിളക്കുകളിൽ നിന്ന് വ്യത്യസ്തമായി വിളക്കുകളുടെ എണ്ണമോ ആകൃതിയോ എൽ.ഇ.ഡികളുടെ ക്ഷമതയെ ബാധിക്കുന്നില്ല. ഫിൽട്ടറുകളുടെ ഉപയോഗം ഇല്ലാതെതന്നെ നിശ്ചിത നിറത്തിൽ വെളിച്ചം പുറപ്പെടുവിക്കാൻ എൽ.ഇ.ഡികൾക്ക് സാധിക്കും. മറ്റുവിളക്കുകളെ അപേക്ഷിച്ച് വളരെ കുറച്ച് താപം പുറപ്പെടുവിക്കുന്ന എൽ.ഇ.ഡികളിൽ ഇൻഫ്രാ റെഡ് വികിരണം വളരെ കുറവാണ്. ഒരു ഇൻകാൻഡെസൻറ്റ് വിളക്ക് 1000-2000 മണിക്കൂറും, ഫ്ലൂറസെൻറ് ട്യൂബുകൾ 10,000-15,000 മണിക്കൂറും പ്രവർത്തിക്കുമ്പോൾ എൽ.ഇ.ഡികൾ 35,000-50,000 മണിക്കുർ വരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കണക്കുകൾ പ്രകാരം ഈ നീണ്ട പ്രവർത്തനകാലം കൊണ്ട് നന്നാക്കാനുള്ള ചെലവ് വളരെ കുറയുന്നു.