ഡോ.ബി.ആർ.അംബേദ്കർ
- admin trycle
- Jul 30, 2020
- 0 comment(s)

ബാബാസാഹേബ് അംബേദ്കർ എന്നറിയപ്പെടുന്ന ഡോ. ഭീംറാവു റാംജി അംബേദ്കർ ഒരു നിയമജ്ഞനും സാമൂഹിക പരിഷ്കർത്താവും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്നും അദ്ദേഹം അറിയപ്പെടുന്നു. തൊട്ടുകൂടായ്മ, ജാതി നിയന്ത്രണങ്ങൾ തുടങ്ങിയ സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യുന്നതിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു.
നൂറ്റാണ്ടുകളായി മഹാരാഷ്ട്രയില്‍ അധ:കൃതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിൽ 1891 ഏപ്രിൽ 14 നായിരുന്നു ഭീം റാവു അംബേദ്കറുടെ ജനനം. രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി ജനിച്ച അദ്ദേഹം കുട്ടിക്കാലം മുഴുവൻ ജാതി വിവേചനത്തിന്റെ പ്രശ്നങ്ങൾ അംബേദ്കർ നേരിട്ടു. ഹിന്ദു മഹർ ജാതിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ സവർണ്ണർ “തൊട്ടുകൂടാത്തവരായി” കണക്കാക്കി. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും. അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന വാശി അംബേദ്കറുടെ പിതാവ് രാംജിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സത്താറയിലേക്ക് രാംജിയും കുടുംബവും താമസം മാറി. രാംജിയുടെ സഹോദരി മീരയായിരുന്നു ഇക്കാലത്ത് അംബേദ്കറുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. സത്താറയിലെ സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം.
പിന്നീട് അദ്ദേഹത്തിന്റെ കുടുംബം മുംബൈയിലേക്ക് താമസം മാറ്റുകയും മറാഠി ഹൈസ്ക്കൂളിൽ പഠനം തുടരുകയും ചെയ്തു. ദലിത് മഹർ കുടുംബത്തിൽ ജനിച്ചതിനാൽ ഉയർന്ന ജാതിയിലുള്ള സ്കൂൾ വിദ്യാർത്ഥികളാൽ അപമാനിക്കപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. എന്നാൽ, ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക് അതിന് കഴിഞ്ഞത്. പിന്നീട് ബറോഡയിലെ (ഇപ്പോൾ വഡോദര) ഗെയ്ക്ക്വാഡ് ഭരണാധികാരിയിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ച അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, ജർമ്മനി എന്നിവിടങ്ങളിലെ സർവ്വകലാശാലകളിൽ പഠനം നടത്തി. പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം അംബേദ്കർ ബറോഡ പബ്ലിക് സർവീസിൽ പ്രവർത്തിച്ചുവെങ്കിലും അവിടെയും ‘തൊട്ടുകൂടാത്തവൻ’ എന്ന അപമാനം അദ്ദേഹത്തിന് നേരിടേണ്ടിവന്നു. പിന്നീട് കുറച്ചു കാലം നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.
1927 ആയപ്പോഴേക്കും അംബേദ്കർ ദലിത് അവകാശങ്ങൾക്കായി ഫുൾ-ഫ്ലഡ്ജ്ഡ് മൂവ്മെന്റ്സ് ആരംഭിച്ചു. പൊതു കുടിവെള്ള സ്രോതസ്സുകൾ എല്ലാവർക്കുമായി തുറന്നു കൊടുക്കാനും, എല്ലാ ജാതിക്കാർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. 1932 ൽ ബ്രിട്ടീഷുകാർ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിലേക്ക് അംബേദ്കറെ ക്ഷണിച്ചപ്പോൾ, തൊട്ടുകൂടാത്തവർക്കായി പ്രത്യേക വോട്ടവകാശവും പ്രതിനിധികളും വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഈ വിഷയത്തിൽ ഗാന്ധിജിയുമായി ഉണ്ടായ തർക്കമാണ് പൂനാ പാക്‌ട്ന് കാരണമായത്. 1936 ൽ അംബേദ്കർ സ്ഥാപിച്ച ഇൻഡിപെൻഡന്റ് ലേബർ പാർട്ടി 1937 ലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ നേടി.
1947 ആഗസ്റ്റ് 29 ന് ഭരണഘടന കരട് സമിതിയുടെ ചെയർമാനായി നിയമിക്കപ്പെട്ട ഡോ. അംബേദ്കർ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രിയുമായിരുന്നു. സർക്കാരിലെ തന്റെ സ്വാധീനത്തിൽ നിരാശനായി 1951 ൽ അദ്ദേഹം രാജിവച്ചു.1956 ഒക്ടോബറിൽ, ഹിന്ദുമതത്തിൽ വിവേചനങ്ങൾ നിലനിൽക്കുന്നതിനാൽ നിരാശനായി അദ്ദേഹം ഹിന്ദുമതം ഉപേക്ഷിക്കുകയും, നാഗ്പൂരിൽ നടന്ന ഒരു ചടങ്ങിൽ 200,000 ഓളം ദലിതരോടൊപ്പം ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. 1956 ഡിസംബർ 6 ന് ഡൽഹിയിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു.