ഗൂർഖകൾ
- admin trycle
- Apr 2, 2020
- 0 comment(s)
ഗൂർഖകൾ
നേപ്പാളിലും അത് പോലെ ഉത്തരേന്ത്യയിലും ജീവിക്കുന്ന ഒരു ജന സമൂഹമാണ് ഗൂർഖകൾ. നേപ്പാളിലെ രാജാവായിരുന്ന പ്രിത്വിനാരായൺ ഷായുടെ പട്ടാളമായിരുന്നു ആദ്യ കാലങ്ങളിൽ ഈ സമൂഹം. ഇവർ വസിച്ചിരുന്നത് ഗൂർഖ എന്ന മലമുകളിൽ ആയിരുന്നു. ഇവിടെ നിന്നുള്ള ഈ പട്ടാളത്തെ ഗൂർഖ പട്ടാളം എന്ന് വിളിച്ചു. ഇതാണ് ഗൂർഖ എന്ന പേരിന് പിന്നിൽ എന്ന് പറയുന്നുവെങ്കിലും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹിന്ദു സന്യാസി ആയ ഗുരു ഗോരഖ്നാഥിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം എന്നും പറയപ്പെടുന്നു.
ഗൂർഖകളുടെ പോരാട്ടങ്ങളുടെ കഥ 1814 മുതൽ തുടങ്ങിയതാണ്. നേപ്പാൾ പിടിച്ചടക്കിയ ഇവർ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സമയം അന്ന് ഇന്ത്യ ഭരിച്ചിരുന്ന ഈസ്റ്റ്ഇന്ത്യ കമ്പനിയുടെ പട്ടാളവുമായി യുദ്ധം ചെയ്യേണ്ടി വന്നു. ആംഗ്ലോ നേപ്പാൾ യുദ്ധം എന്ന് പറയുന്ന ഈ യുദ്ധത്തിൽ 4000 പേരടങ്ങുന്ന ബ്രിട്ടീഷ് സൈന്യവും 600 പേരടങ്ങുന്ന ഗൂർഖ പട്ടാളവുമായിരുന്നു ഏറ്റുമുട്ടിയത്. വലിയ രീതിയിൽ ഉള്ള നാശ നഷ്ട്ടങ്ങൾ ഉണ്ടായിട്ടും ഗൂർഖകൾ കാണിച്ച അസാമാന്യ ധൈര്യം ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ അവരെ കുറിച്ച് നല്ല മതിപ്പ് ഉളവാക്കി. യുദ്ധത്തിന് ശേഷം ഗൂർഖകളെ ബ്രിട്ടീഷുകാർ അവരുടെ സൈന്യത്തിലേക്ക് ക്ഷണിച്ചു. അതിന് കാരണം മറ്റൊന്നുമല്ല ഇരു വിഭാഗങ്ങളും പരസ്പരം കാണിച്ച യുദ്ധ മര്യാദ കൊണ്ടാണ്. 1815 ഏപ്രിൽ 24 ന് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ആദ്യ ഗൂർഖ റെജിമെൻറ് രൂപികരിച്ചു. ഇതിനെ നസിറി ബറ്റാലിയൻ എന്ന് പേരിട്ടു. ശേഷം സിർമൂർ ബറ്റാലിയൻ, കുമാൺ ബറ്റാലിയൻ എന്നിങ്ങനെ 2 ബറ്റാലിയൻ കൂടെ രൂപികരിച്ചു. ഇതിന് ശേഷം പല യുദ്ധങ്ങളിലും ഗൂർഖ റജിമെൻറ് പങ്കെടുത്തു. ഗൂർഖ-സിഖ് യുദ്ധം, ആംഗ്ലോ-സിഖ് യുദ്ധങ്ങൾ, അഫ്ഗാൻ യുദ്ധങ്ങൾ, 1857 ലെ ഇന്ത്യൻ കലാപം അടിച്ചമർത്തൽ എന്നിവയിൽ ഇവർ പങ്കെടുത്തു.
ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മൻ നിരയെ ആദ്യം തകർത്തെറിഞ്ഞത് ഗൂർഖ റജിമെൻറ് ആണ്. ഒന്നാം ലോകമഹായുദ്ധസമയത്ത് 90,000 ഗൂർഖകൾ ബ്രിട്ടീഷ് കിരീടത്തെ നേരിട്ട് സേവിച്ചു, അതിൽ 20,000 ത്തിലധികം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്തു. യുദ്ധത്തിലുടനീളം നൂറുകണക്കിന് ഗാലൻട്രി അവാർഡുകൾ ഗൂർഖ റെജിമെന്റുകൾ നേടി. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിലും ഗൂർഖ റജിമെന്റിന്റെ പോരാട്ട വീര്യം ശത്രുക്കൾ നന്നായി അനുഭവിച്ചറിഞ്ഞു. 137,000 ഗൂർഖകൾ ബ്രിട്ടനുവേണ്ടി ഈ യുദ്ധത്തിൽ പങ്കെടുത്തു, അതിൽ 23,000 പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്തു. ധീരതയ്ക്കുള്ള 2500 ഓളം അവാർഡുകളാണ് ഗൂർഖകൾ ഈ യുദ്ധത്തിൽ നേടിയത്.
1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടതിനെത്തുടർന്ന് നേപ്പാളും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാർ പ്രകാരം ബ്രിട്ടീഷ് ഇന്ത്യൻ ആർമിൽ നിലവിലുണ്ടായിരുന്ന ഗൂർഖ റെജിമെന്റുകളിൽ ആറെണ്ണം ഇന്ത്യൻ ആർമിയിലേക്കും നാല് ഗൂർഖ റെജിമെന്റുകൾ ബ്രിട്ടീഷ് ആർമിയിലേക്ക് മാറ്റി. എഡ്വേർഡ് ഏഴാമൻ രാജാവിന്റെ സ്വന്തം ഗൂർഖ റൈഫിൾസായ സിർമൂർ റൈഫിൾസ് എന്ന 2 ആം റൈഫിളും 6, 7, 10 ഗൂർഖ റൈഫിളുകളും ആണ് ബ്രിട്ടീഷ് ആർമിയിൽ ചേർത്തത്, ഇവ പിന്നീട് ഗൂർഖ ബ്രിഗേഡ് എന്നറിയപ്പെട്ടു. കെന്റിലെ ഫോക്ക്സ്റ്റോണിനടുത്തുള്ള ഷോർൺക്ലിഫിലാണ് ബ്രിട്ടീഷ് ആർമിയിലെ ഗൂർഖകൾ കൂടുതലും താമസിക്കുന്നത്, പക്ഷേ അവർ ബ്രിട്ടീഷ് പൗരന്മാരല്ല. നേപ്പാളിലെ കുന്നുകളിൽ താമസിക്കുന്ന ചെറുപ്പക്കാരിൽ നിന്നാണ് സൈനികരെ ഇപ്പോഴും തിരഞ്ഞെടുക്കുന്നത്, ഓരോ വർഷവും ഏകദേശം 28,000 യുവാക്കൾ ഈ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പങ്കുടുക്കുന്നു. ഈ സെലക്ഷൻ പ്രക്രിയ ലോകത്തിലെ ഏറ്റവും കഠിനമായ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു.
ഇന്ത്യൻ പട്ടാളത്തിലും ഇന്നും ഗൂർഖ റജിമെന്റ് നിലനിൽക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ബ്രിട്ടീഷ് ഇന്ത്യൻ ആർമിൽ നിന്നുമുള്ള 6 ഗൂർഖ റെജിമെന്റുകൾക്ക് പുറമെ ഏഴാമതൊരു ഗൂർഖ റൈഫിൾസ് റെജിമെന്റ് കൂടി ഇന്ത്യൻ സൈന്യത്തിൽ രൂപീകരിച്ചു. ഗൂർഖ റെജിമെന്റുകളുടെ വിഭജനത്തെത്തുടർന്ന്, ബ്രിട്ടീഷ് സൈന്യത്തിൽ ചേരുന്നതിനെക്കുറിച്ച് ഗൂർഖ സൈനികർക്ക് സ്വമേധയാ തീരുമാനമെടുക്കാം എന്ന് പ്രഖ്യാപിക്കുകയും ഒരു അഭിപ്രായ സർവേ നടത്താൻ തീരുമാനിക്കുകയും ചെയ്തു. തൽഫലമായി ഏഴാം ഗൂർഖ റൈഫിൾസിലെയും പത്താം ഗൂർഖ റൈഫിൾസിലെയും നിരവധി സൈനികർ ബ്രിട്ടീഷ് ആർമിയിലേക്ക് മാറേണ്ടെന്ന് തീരുമാനിച്ചു. ഇവരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഏഴാമതൊരു ഗൂർഖ റൈഫിൾസ് റെജിമെന്റ് രൂപീകരിച്ചത്. 1949 ൽ ഇന്ത്യൻ സൈന്യത്തിൽ ഗൂർഖയുടെ അക്ഷരവിന്യാസം ബ്രിട്ടീഷുകാരുടെ 'Gurkha' എന്നതിൽ നിന്നും പരമ്പരാഗതമായ 'Gorkha' എന്നാക്കി മാറ്റി. 1950 ൽ ഇന്ത്യ റിപ്പബ്ലിക്കായി മാറിയപ്പോൾ ഇന്ത്യൻ ഗൂർഖ റെജിമെന്റുകളുമായി ബന്ധപ്പെട്ട എല്ലാ ബ്രിട്ടീഷ് രാജകീയ പേരുകളും ഉപേക്ഷിക്കപ്പെട്ടു.
നേപ്പാളിസ് ആർമി, സിംഗപ്പൂർ പോലീസ് ഫോഴ്സ്, ബ്രൂണൈ പോലീസ് ഫോഴ്സ്, യുഎൻ സമാധാന സേന എന്നിവയിലും ഗൂർഖകൾ സേവനമനുഷ്ഠിക്കുന്നു. "ഭീരുവാകുന്നതിലും നല്ലത് മരിക്കുന്നതാണ്" എന്നാണ് ഗൂർഖകളുടെ ആദര്‍ശവചനം. തങ്ങളുടെ പരമ്പരാഗത ആയുധമായ കുക്രി എന്നറിയപ്പെടുന്ന 18 ഇഞ്ച് നീളമുള്ള വളഞ്ഞ കത്തി അവർ ഇപ്പോഴും യുദ്ധത്തിൽ കയ്യിൽ കരുതുന്നു. പൊതുവേ ഇവർക്ക് ഇത്തരത്തിലുള്ള രണ്ടു കത്തികൾ കൈവശമുണ്ടാകും. ഒന്ന് ആചാരങ്ങൾക്കും മറ്റേത് പോരടിക്കുന്നതിനും. കുക്രി അതിന്റെ ഉറയിൽ നിന്ന് പുറത്തെടുത്താൽ അതിൽ രക്തം പുരളാതെ തിരിച്ച് ഉറയിലിടുകയില്ല എന്ന ഒരു പതിവും ഇവർക്കുണ്ട്. സ്വന്തം കൈവിരൽ മുറിച്ച് രക്തം തൊടുവിച്ചെങ്കിലും അവർ ഈ പതിവ് പാലിക്കാറുണ്ട്.