പാഥേര്‍ പാഞ്ചാലി (സിനിമ)
- admin trycle
- Mar 24, 2020
- 0 comment(s)
പാഥേര്‍ പാഞ്ചാലി (സിനിമ)
1955- ൽ സത്യജിത്ത് റേ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമാണ് പാഥേര്‍ പാഞ്ചാലി. സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ നിന്നും ആഗോള നിരൂപകപ്രശംസ പിടിച്ചുപറ്റിയ ആദ്യ സിനിമയായ പാഥേര്‍ പാഞ്ചാലി 1956-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഹ്യുമണ്‍ ഡോക്യുമെന്ററി പുരസ്കാരം നേടി.ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ പാഥേര്‍ പാഞ്ചാലി എന്ന നോവലിനെ അവലംബിച്ചാണ് റേ അതെ പേരിലുള്ള ഈ ചലച്ചിത്രം സംവിധാനം ചെയ്തത്.
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായെ ബംഗാളിസാഹിത്യത്തില്‍ ശ്രദ്ധേയനാക്കിയ നോവലാണ് പാഥേര്‍പാഞ്ചാലി. 1928-ല്‍ വിചിത്ര എന്ന ബംഗാളി മാസികയില്‍ തുടര്‍ക്കഥയായും പിന്നീട് 1929-ല്‍ പുസ്തകരൂപത്തിലും ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഹരിഹറിന്‍റെ കുടുംബത്തിന്‍റെ അവസ്ഥയായിരുന്നു കഥാതന്തു. നോവലിലെ പ്രധാന കഥാപാത്രം ഹരിഹറും, ഭാര്യ സര്‍വജയ, മകന്‍ അപു എന്നിവരും ആയിരുന്നു. നോവലിന്‍റെ രണ്ടാം ഭാഗമായ അപരാജിത 1932-ല്‍ പുറത്തിറങ്ങി. പാഥേര്‍ പാഞ്ചാലി എന്നാല്‍ പാതയുടെ പാട്ട് എന്നാണ്. പാട്ടുപാടുന്നതുപോലെയുള്ള പ്രത്യേക കഥാഖ്യാനരീതിയാണ് ഈ നോവലിനുള്ളത്. മൂന്ന് തലമുറയുടെ കഥപറയുന്ന ഏതാണ്ട് മുന്നൂറോളം കഥാപാത്രങ്ങൾ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ സിനിമയ്ക്കായി ഇവയെ വലിയതോതില്‍ വെട്ടിച്ചുരുക്കിയാണ് റേ അവതരിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് 30 ഓളം കഥാപാത്രങ്ങള്‍ മാത്രമാണ് സിനിമയിലുള്ളത്. സുബീര്‍ ബാനര്‍ജി, കനു ബാനര്‍ജി, കരുണാബാനര്‍ജി, ഉമദാസ്ഗുപ്ത, ചുനിബാലദേവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചലച്ചിത്രത്തിന് സംഗീതം പകര്‍ന്നത് രവിശങ്കര്‍ ആണ്.
ഒരു നാടകമെഴുത്തുകാരനാകണമെന്ന മോഹം മാറ്റിവച്ച് ഉപജീവനത്തിനായി നാടുവിടേണ്ടി വന്ന ഹരിഹരറായിയുടെ കുടുംബത്തിന്റെ കഥ പറയുന്നുണ്ടെങ്കിലും വിഭജനത്തിനു മുന്‍പുള്ള ഇന്ത്യന്‍ ഗ്രാമത്തിന്റെ അവസ്ഥയാണ് ഈ ചിത്രത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. ഭാര്യ സര്‍വ്വജയ, മകള്‍ ദുര്‍ഗ മകൻ അപു എന്നിവരടങ്ങുന്നതാണ് കവിയും പൂജാരിയുമായ ഹരിഹരറായിയുടെ കുടുംബം. കൂട്ടിന് പ്രായം ചെന്ന പിഷിയെന്ന സ്ത്രീയുമുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണം, കുടുംബം പോറ്റാന്‍ മറ്റു മാര്‍ഗമില്ലാതെ, ഹരിഹരറായ് ജോലി തേടി നാടുവിടുന്നു. ദുര്‍ഗ അയല്‍വീട്ടില്‍ ചില്ലറ മോഷണങ്ങൾ നടത്തി പിടിക്കപ്പെടുകയും സര്‍വ്വജയ മകളെ ശിക്ഷിക്കുകയും ചെയ്യുന്നു. മകളുടെ മോഷണ വസ്തു പങ്കുവയ്ക്കാന്‍ കൂടുന്ന പ്രായം ചെന്ന പിഷിയെ ഒരു ഘട്ടത്തില്‍ സര്‍വ്വജയ വീട്ടില്‍ നിന്നു പുറത്താക്കുന്നു. എന്നാൽ ഈ ഇറക്കിവിടല്‍ പിഷിയുടെ മരണത്തിലാണ് കലാശിക്കുന്നത്. പിന്നീട് ജ്വരം ബാധിച്ച് ദുര്‍ഗയും മരണമടയുന്നു. ദുര്‍ഗ മരണശേഷമാണ് ഹരിഹരറായി തിരിച്ച് വരുന്നത്. മക്കള്‍ക്കും കുടുംബത്തിനും ആവശ്യമായ സാധനങ്ങള്‍, കുറെ പണവുമായി വരുന്ന അയാൾ കുടുംബം സമ്പൂര്‍ണമായി തകര്‍ന്നതാണ് കാണുന്നത്. എല്ലാം തകര്‍ന്നടിഞ്ഞ ഈ ചുറ്റുപാടില്‍ നിന്നും ഹരിഹരറായി സര്‍വ്വജയയെയും അപുവിനെയും കൂട്ടി കാളവണ്ടിയില്‍ കയറി യാത്രയാവുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം.
ആ ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ട ഉള്ളുലയ്ക്കുന്ന മനുഷ്യാനുഭവങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ചു. റായി എന്ന ചലച്ചിത്രകാരന്റെ സാർവലൗകികമായ മാനവിക ദർശനത്തിലേക്കുകൂടിയായിരുന്നു ഈ ചിത്രം വിരൽ ചൂണ്ടുന്നത്. അതിനാൽ തന്നെ പാഥേർ പാഞ്ചാലിയുടെ രചയിതാവിനെ ലോകസിനിമയിലെ അതികായരായ ചാർലി ചാപ്ലിൻ, അന്റോണിയോനി, കുറോസാവ, ബെർഗ്മാൻ എന്നിവർക്കൊപ്പമാണ് ബ്രിട്ടീഷ് ചലച്ചിത്രകാരനും നിരൂപകനുമായ ലിൻഡ്‌സെ ആൻഡേഴ്‌സൺ പ്രതിഷ്ഠിച്ചത്. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ സൈറ്റ് ആൻഡ് സൗണ്ട് 1962-ൽ പാഥേർ പാഞ്ചാലിയെ ലോകസിനിമയിലെ മഹത്തായ പത്ത് ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുത്തതോടെയാണ് ഒരു ഇന്ത്യൻ ക്ലാസിക് എന്ന പദവി ഈ ചിത്രത്തിനു ലഭിച്ചത്.
പാഥേര്‍പാഞ്ചാലി എന്ന സിനിമക്ക് ശേഷം അപു എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി റേ 2 സിനിമകള്‍ കൂടി സംവിധാനം ചെയ്തിട്ടുണ്ട്. ഇവ മൂന്നും ചേർന്നാണ് അപുത്രയങ്ങള്‍ എന്നറിയപ്പെടുന്നത്. അപരാജിതോ (1956) അപുർ സൻസാർ (1959) എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങൾ. ജൽ സാഗർ, ദേവി, മഹാനഗർ, ചാരുലത, ആരണ്യേർ ദിൻരാത്രി, അശനിസങ്കേത്, ഗണശത്രു തുടങ്ങിയവ അദ്ദേഹത്തിന്റെ വിഖ്യാത ചലച്ചിത്രങ്ങളില്‍ ചിലതാണ്. സാമൂഹിക-രാഷ്ട്രീയാസ്വസ്ഥതകളാൽ പ്രക്ഷുബ്ധമായ അമ്പതുകളിലെയും അറുപതുകളിലെയും എഴുപതുകളിലെയും ബംഗാളിന്റെ പശ്ചാത്തലത്തിലാണ് റായിയുടെ ശ്രദ്ധേയരചനകളെല്ലാം പിറവിയെടുത്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആന്തരികവൈരുധ്യങ്ങളെയും ജീവിത പ്രശ്നങ്ങളെയും സ്വാതന്ത്ര്യത്തെത്തന്നെ അപഹാസ്യമാക്കുന്ന കാപട്യങ്ങളെയുമാണ്, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാധാരണമനുഷ്യരുടെ ജീവിത സന്ദർഭങ്ങളിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയും സത്യജിത് റായി ആവിഷ്കരിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രകാരന്‍ ആയ റേ ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫെല്ലോഷിപ്പ് ഓക്‌സ്‌ഫോര്‍ഡ് അടക്കം ഒന്‍പത് യൂണിവേഴ്‌സിറ്റികളുടെ ഡിലിറ്റ് ബിരുദങ്ങള്‍, ഫ്രാന്‍സില്‍ നിന്നു ലീജിയന്‍ ഡി ഹോണിയന്‍ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പഥേര്‍ പാഞ്ചാലിയില്‍ തുടങ്ങി റേയുടെ ഒട്ടുമിക്ക ചിത്രങ്ങള്‍ ഭാരതീയ സര്‍ക്കാരിന്റെ സിനിമ മേഖലയിലെ പരമോന്നത ബഹുമതിയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ (സംവിധാനം, തിരക്കഥ രചന, എഡിറ്റിങ്, സംഗീതം, ആര്‍ട് ഡയറക്ഷന്‍) നേടിയിട്ടുണ്ട്. മൂന്ന് 'പദ്മ' പുരസ്കാരങ്ങളും ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും നേടിയ രണ്ടു പേരിൽ ഒരാളാണ് റേ. ദാദാ സാഹേബ് ഫാൽക്കേ അവാര്‍ഡ്, സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള സ്‌പെഷ്യല്‍ ഒസ്‌കാര്‍ അവര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചു. റേ നിര്‍മിച്ച് സംവിധാനം ചെയ്ത മിക്ക ഡോക്യുമെന്ററികളും ലോകോത്തര നിലവാരമുള്ളവയും പുരസ്‌കാരങ്ങളും ബഹുമതികളും നേടിയവയുമാണ്. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.