അക്കിറ കുറസോവ
- admin trycle
- Jul 14, 2020
- 0 comment(s)

അക്കിറ കുറസോവ
ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു അക്കിറ കുറസോവ. ഏറ്റെടുത്ത സിനിമകളിൽ ഭൂരിഭാഗവും ലോകസിനിമയിൽ നാഴികകല്ലുകളാക്കി മാറ്റിയ സംവിധായകൻ ആണ് അദ്ദേഹം. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറസോവ പരക്കെ കണക്കാക്കപ്പെടുന്നു.
1910 മാർച്ച് 23ന് ടോകിയോയിലാണ് കുറസോവ ജനിച്ചത്. ഒരു പുരാതന സമുറായി കുടുബത്തിൽ നിന്നുള്ള കുറസോവയുടെ പിതാവ് ഇസാമു ഒരു കാലത്ത് സൈനിക ഓഫീസറും ജപ്പാനിലെ അത്‌ലറ്റിക്സ് പരിശീലനത്തിന് സംഭാവന നൽകിയ അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് ഷിമ, ഒസാക്കയിൽ നിന്നുള്ള ഒരു വ്യാപാര കുടുംബത്തിൽ പെട്ടവളുമായിരുന്നു. പാശ്ചാത്യ പാരമ്പര്യത്തോട് തുറന്ന സമീപനമുണ്ടായിരുന്ന കുറസോവയുടെ പിതാവ് അവരെ സിനിമകൾ കാണാൻ ഇടയ്ക്കിടെ കൊണ്ടുപോയിരുന്നു. അതിനാൽ അദ്ദേഹത്തിന് ചെറുപ്പം മുതൽ തന്നെ സിനിമയോട് താല്പര്യം ഉണ്ടായിരുന്നു. പിന്നീട് പെയിന്റിംഗിൽ താല്പര്യം ജനിച്ച അദ്ദേഹം സെക്കൻഡറി സ്കൂൾ വിട്ടശേഷം ഒരു ആർട്ട് സ്കൂളിൽ ചേർന്ന് പാശ്ചാത്യ ശൈലിയിൽ പെയിന്റിംഗ് ആരംഭിച്ചു.
ആദ്യ കാലങ്ങളിൽ ചിത്രകാരനായി ജോലി ചെയ്ത കുറസോവ 1936 ൽ പിസിഎൽ സിനിമ സ്റ്റുഡിയോയിൽ സഹസംവിധായകനായി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. 1943 വരെ സഹസംവിധാനം അടക്കം സിനിമ രംഗത്തെ മറ്റു പല ജോലികളും ചെയ്ത കുറസോവ, ജപ്പാനിലെ രണ്ടാം ലോക മഹായുദ്ധ സിനിമകളുടെ പ്രധാന സംവിധായകരിലൊരാളായ യമമോട്ടോ കാജിറെയുടെ കൂടെ സഹസംവിധായകനായാണ് പ്രധാനമായും ജോലി ചെയ്തത്. 1943 ൽ തന്റെ ആദ്യ ചലച്ചിത്രമായ സാൻഷിരോ സുഗാറ്റ സംവിധാനം ചെയ്തു. 1948 ൽ പുറത്തിറങ്ങിയ യോയിഡോറേ ടെൻഷി എന്ന ചലച്ചിത്രം കുറസോവയെ പ്രശസ്തനാക്കി. 1950 ൽ കുറസോവ സംവിധാനം ചെയ്ത റാഷോമോൻ എന്ന ചിത്രം വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ഗ്രാൻഡ് പ്രിക്സ് നേടുകയും ചെയ്തു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡും ഇത് നേടി. അക്കാദമി അവാർഡും ഗ്രാൻഡ് പ്രിക്സ് അവാർഡും ലഭിച്ചതോടെ കുറസോവയോടൊപ്പം ജാപ്പനീസ് ചിത്രങ്ങളും ജനശ്രദ്ധ ആകർഷിച്ചു. പിന്നീട് പുറത്തിറങ്ങിയ ഇകിറു (1952), സെവൻ സമുറായ് (1954 ) എന്നീ ചിത്രങ്ങൾ ലോക സിനിമയിലെ തന്നെ നാഴികക്കല്ലുകളായി മാറി.
1960 ൽ കുറസോവ സ്വന്തമായി കുറസോവ പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമാണ കമ്പനി സ്ഥാപിച്ചു, പിന്നീടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഈ നിർമ്മാണ കമ്പനിയിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. 1960 ൽ ജാപ്പനീസ് സിനിമ രംഗത്തെ ബാധിച്ച സാമ്പത്തിക മദ്ധ്യം അദ്ദേഹത്തെ ഹോളിവുഡ് സിനിമകൾ നിർമ്മിക്കുവാൻ പ്രേരിപ്പിച്ചു. 1970 ൽ കുറസോവയുടെ ആദ്യ കളർ ചിത്രമായ ടോഡ്സുകടെൻ പ്രദർശനത്തിന് എത്തി. അന്താരാഷ്ട്ര പ്രശംസ നേടിയ ആദ്യത്തെ ജാപ്പനീസ് ചലച്ചിത്ര സംവിധായകനായ കുറസോവയുടെ മറ്റ് പ്രശസ്ത ചിത്രങ്ങളാണ് ത്രോൺ ഓഫ് ബ്ലഡ് (1957), കഗേമുഷ (1980), റാൻ (1985) എന്നിവ. 1982 ൽ ഗോൾഡൻ ലയൺ ഫോർ കരിയർ അച്ചീവ്മെന്റ്, ആജീവനാന്ത നേട്ടത്തിനുള്ള അക്കാദമി അവാർഡ് (1989), ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് (1992) എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ലഭിച്ച വ്യക്തിയാണ് അക്കിറ കുറസോവ. 1998 സെപ്റ്റംബർ 6 ന് ടോക്കിയോയിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു.