ശകുന്തള ദേവി
- admin trycle
- May 19, 2020
- 0 comment(s)

ശകുന്തള ദേവി
ഒരു കമ്പ്യൂട്ടറിന്റെ കണക്കു കൂട്ടുവാനുള്ള വേഗത നമുക്ക് അറിവുള്ളതാണ്. 1977-ൽ ഡല്ലസിലെ സൗത്തേൺ മെതോഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ (southern methodist university) ഒരു മത്സരം നടന്നു. 201 അക്കങ്ങൾ ഉള്ള ഒരു സംഖ്യയുടെ 23-മത്തെ വർഗ്ഗമൂലം(root ) കാണുവാൻ. ഇത് കണക്കാക്കുവാൻ അന്ന് അവിടെ ഉണ്ടായിരുന്ന യൂണിവാക്ക് കമ്പ്യൂട്ടർ 62 സെക്കൻഡുകൾ എടുത്തു. എന്നാൽ ഏവരേയും ഞെട്ടിച്ചു കൊണ്ട് ഒരു വനിത വെറും 50 സെക്കൻഡുകൾ കൊണ്ട് ഉത്തരം കണ്ടെത്തി. ആ വനിതയുടെ പേരാണ് ശകുന്തള ദേവി. ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ ശകുന്തളാ ദേവി "മനുഷ്യ കമ്പ്യൂട്ടർ" എന്ന പേരിലാണ് അറിയപ്പെടുന്നത്.
1929 നവംബർ 4 നു ബംഗളൂരുവിൽ നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായിട്ടായിരുന്നു ശകുന്തള ദേവിയുടെ ജനനം. ശകുന്തള ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സർക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിന് മുകളിലൂടെയുള്ള നടത്തം, പീരങ്കിയിൽ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദർശിപ്പിച്ചിരുന്നത്. സർക്കസിലെ കലാകാരനായിരുന്ന പിതാവിന്റെ കയ്യിലെ ചീട്ടുകളിൽ നിന്നുമാണ് കുഞ്ഞു ശകുന്തളയുടെ കണക്കിലെ കളികൾ ആരംഭിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ കണക്കുകൾ കൊണ്ട് മാന്ത്രികത സൃഷ്ടിച്ച ശകുന്തള ദേവി ആറാം വയസ്സിൽ തന്റെ കഴിവുകൾ മൈസൂർ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ് നാട്ടിലെ അണ്ണാമല സർവകലാശാലയിലും ഇത് ആവർത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മുമ്പായിരുന്നു ശകുന്തള ദേവിയുടെ ഈ പ്രദർശനങ്ങൾ എന്നത് എല്ലാവരിലും അത്ഭുതം ഉളവാക്കി. പിന്നീട് ഭാരതത്തിലെ പല സർവകലാശാലകളിലും കുഞ്ഞു ശകുന്തള ദേവി പ്രദർശനങ്ങൾ നടത്തി. 1944 ൽ ശകുന്തള ദേവി തന്റെ അച്ഛനോടൊപ്പം ലണ്ടനിലേക്ക് പുറപ്പെട്ടു. അവിടെ പല സർവകലാശാലകളിലും ശകുന്തള ദേവി തന്റെ കണക്കിലെ മാന്ത്രികത പ്രദർശിപ്പിച്ചു. ഇതോടെ വിദേശ മാധ്യമങ്ങളിൽ ശകുന്തള ദേവി എന്ന പേര് നിറഞ്ഞു.
1950 ൽ BBC ചാനൽ ശകുന്തള ദേവിയുടെ അഭിമുഖമെടുത്തു. അതിലെ അവതാരകൻ ലെസ്ലി വളരെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചു. കുറഞ്ഞ സെക്കൻഡുകൾക്കുള്ളിൽ ശകുന്തള ദേവി ഉത്തരം പറഞ്ഞു. പക്ഷേ പറഞ്ഞ ഉത്തരം ശരിയല്ല എന്ന് അവതാരകൻ തൻ്റെ കൈവശമുള്ള ഉത്തരം വച്ചു പറഞ്ഞു. എന്നാൽ പിന്നീട് തനിക്ക് തെറ്റ് പറ്റിയതാണ് എന്നും ശകുന്തളാ ദേവിയുടെ ഉത്തരമാണ് ശരിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാന സംഭവം നടക്കുന്നത് 1980 ൽ ലണ്ടൻ ഇമ്പിരിയൽ കോളേജിൽ നടന്ന പ്രദർശനത്തിലാണ്. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ആ സംഖ്യകളുടെ ഗുണനഫലം ശകുന്തള ദേവി 28 സെക്കൻഡുകൾ കൊണ്ട് കണ്ടുപിടിക്കുകയും ഇത് ഒരു വേൾഡ് റെക്കോർഡ് ആയി കണക്കാക്കപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഒട്ടനവധി സ്ഥലങ്ങളിൽ ശകുന്തള ദേവി പ്രദർശനങ്ങൾ നടത്തി. പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടുന്നതിന് മുൻപ് ലോകത്തെ കണക്കിലെ കളികൾ കൊണ്ട് അത്ഭുതപ്പെടുത്തിയ ശകുന്തള ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ബാഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് 84 - മത്തെ വയസ്സിൽ ഏപ്രിൽ 21, 2013 നു വൈകുന്നേരം ശകുന്തളാദേവി അന്തരിച്ചു.