എം.ടി വാസുദേവന്‍ നായര്‍
- admin trycle
- May 12, 2020
- 0 comment(s)

എം.ടി വാസുദേവന്‍ നായര്‍
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് എം.ടി വാസുദേവന്‍ നായര്‍. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരെന്ന എം.ടി വാസുദേവന്‍ നായര്‍ അദ്ധ്യാപകൻ, പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചു.
1933 ജൂലൈ 15ന് കൂടല്ലൂരാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ ശ്രീ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും. ഇവരുടെ നാലാണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിൽ വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പിന്നീട്, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിൽ നിന്നും കുമരനെല്ലൂർ ഹൈസ്‌ക്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ബിരുദം പഠിക്കുന്ന സമയത്ത് ആദ്യ കഥാസമാഹാരമായ രക്തം പുരണ്ട മണ്‍തരികള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സാഹിത്യലോകത്തേക്ക് കടന്നുവന്നത്. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി. തുടര്‍ന്ന് 1957ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു.
1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്‍റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാംസ്ഥാനം നേടിയതോടെ അദ്ദേഹം സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അന്‍പതുകളുടെ രണ്ടാം പകുതിയിലാണ് സജീവ സാഹിത്യകരാന്‍ എന്ന നിലക്കുള്ള എം.ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നത്. 'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡശയായി പുറത്തുവരുന്നത് ആ സമയത്താണ്. 1958ല്‍ പ്രസിദ്ധീകരിച്ച 'നാലുകെട്ട്' ആണ് ആദ്യം പുസ്തകരൂപത്തില്‍ പുറത്തു വന്നത്. തകരുന്ന നായര്‍ത്തറവാടുകളിലെ വൈകാരിക പ്രശ്‌നങ്ങളും മരുമക്കത്തായത്തിലെ പ്രശ്നങ്ങളിലേക്കുമെലാം ചൂണ്ടുവിരലുയര്‍ത്തുന്ന ഈ നോവല്‍ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നേടി. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
'കാലം', 'അസുരവിത്ത്, 'വിലാപയാത്ര', 'മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്, 'രണ്ടാമൂഴം', 'വാനപ്രസ്ഥം' തുടങ്ങിയ നോവലുകള്‍ അദ്ദേഹത്തിന്റെ അദ്ദേഹത്തെ കൂടുതൽ വായനക്കാരിലേക്ക് എത്തിച്ചു. കൂടാതെ വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും അദ്ദേഹത്തിന്റേതായുണ്ട്. 1984ല്‍ ആണ് 'രണ്ടാമൂഴം' പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ എഴുതിയ ജനസ്വീകാര്യതയേറെ ലഭിച്ച കൃതിയായിരുന്നു അത്. അതിനു ശേഷം 'തൊണ്ണൂറുകളിലാണ് 'വാരണാസി' പുറത്തുവന്നത്. കാലം 1970 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയപ്പോൾ, ‘രണ്ടാമൂഴം’ 1985 ലെ വയലാർ അവാർഡും വാനപ്രസ്ഥം ഓടക്കുഴൽ അവാർഡും നേടി.
1963-64 കാലത്ത് സ്വന്തം കഥയായ മുറപ്പെണ്ണ് തിരക്കഥയായെഴുതി ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചു. അമ്പതിലേറെ തിരക്കഥയെഴുതിയ ഇദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്കാരം ലഭിച്ചു. 'നിര്‍മ്മാല്യം' (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപതക്കം ലഭിച്ചു. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു.
1995-ലെ ജ്ഞാനപീഠപുരസ്കാരവും 2005-ലെ പത്മവിഭൂഷണ്‍ പുരസ്കാരവും നല്‍കി രാജ്യം ഈ പ്രതിഭയെ ആദരിച്ചു. ഇവ കൂടാതെ ചെറുതും വലുതുമായ ഒട്ടനവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിയാണ് ഇദ്ദേഹം. 1957 ല്‍ മാതൃഭൂമിയില്‍ സബ്എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച എം.ടി. 1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. മാതൃഭൂമിയില്‍ നിന്നു വിരമിച്ച ശേഷം കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.