സുമോ ഗുസ്തി
- admin trycle
- Jun 8, 2020
- 0 comment(s)
സുമോ ഗുസ്തി
ലോകത്തിലെ ഏറ്റവും സവിശേഷവും പുരാതനവുമായ ഗുസ്തി രൂപങ്ങളില്‍ ഒന്നാണ് സുമോ ഗുസ്തി. ജപ്പാന്‍റെ ദേശീയ വിനോദമായ സുമോ ആയോധനകലകളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ കളിയെ ഒരു കായിക വിനോദോപാധി എന്ന നിലയിലാണ് കൃത്യമായി വിശേഷിപ്പിക്കുന്നത്. ഏകദേശം 1500 - 2000 വർഷത്തെ പഴക്കം ഈ കളിക്കുണ്ടെന്ന് കരുതപ്പെടുന്നു. ആദ്യകാലത്ത് ഏറ്റവും ജനപ്രിയമായ വിനോദോപാധി എന്ന നിലയിലാണ് സുമോ പ്രചാരം നേടിയത്.
ഷിന്റോ ദേവാലയങ്ങളിൽ ദേവപ്രീതിക്കായുള്ള അനുഷ്ഠാനമെന്ന നിലയിലാണ് പണ്ടുകാലത്ത് സുമോ ഗുസ്തി നടന്നിരുന്നത്. ഷിന്‍റോ മതത്തിന്‍റെ പല പുരാതന പാരമ്പര്യങ്ങളും സുമോയില്‍ ഇപ്പോഴും നിലനിര്‍ത്തിപ്പോരുന്നു. ഓരോ സുമോ മത്സരത്തിന്‍റെ തുടക്കങ്ങളിലും ഇത്തരം ആചാരങ്ങള്‍ കാണാന്‍ സാധിക്കും. രണ്ട് ഗുസ്തിക്കാർ തമ്മിൽ നടത്തുന്ന ഒരു ഗുസ്തി മൽസരമാണിത്. അസാധാരണവലിപ്പമുള്ള സുമോ ഗുസ്തിക്കാർ റികിഷി എന്നാണറിയപ്പെടുന്നത്. 250 കിലോയില്‍ കൂടുതലാണ് ഇവരുടെ ഭാരം. സുമോയ്ക്കു വേണ്ടി പ്രത്യേകമായി ആള്‍ക്കാരെ കണ്ടെത്തി അവര്‍ക്ക് പരിശീലനം കൊടുത്താണ് കളിക്കാരെ രൂപപ്പെടുത്തിയെടുക്കുന്നത്. സുമോ ഗുസ്തിക്കാരുടെ ജീവിതം ജപ്പാനിലെ സുമോ അസോസിയേഷന്‍റെ നിര്‍ദ്ദേശപ്രകാരം നിയന്ത്രിച്ചിരിക്കുന്നു.
സുമോ മത്സരത്തിന്‍റെ വേദി പ്രത്യേകമായി നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഏകദേശം 15 അടി വ്യാസമുള്ള ഗോദയില്‍ നിന്നാണ് മത്സരം നടക്കുന്നത്. നിലത്ത് നിന്ന് 2.5 അടി ഉയരത്തില്‍ കളിമണ്ണില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ റിംഗുകള്‍ ദോഹ്യോ എന്നറിയപ്പെടുന്നു. ഓരോ സുമോ മത്സരവും ആരംഭിക്കുന്നത് കളിക്കളത്തിലേക്ക് ഉപ്പ് വലിച്ചെറിഞ്ഞുകൊണ്ടാണ്. ഇത് ഷിന്‍റോ മതത്തിന്‍റെ ആചാരരീതിയിലുള്‍പ്പെടുന്നതാണ്. ഉപ്പ് ശുദ്ധീകരിക്കുന്ന വസ്തു എന്നാണ് അവരുടെ വിശ്വാസം. ഈ ചടങ്ങിനു ശേഷം കളിക്കളത്തില്‍ ഗുസ്തിക്കാര്‍ തറയില്‍ മുഷ്ടി ചുരുട്ടിയിരിക്കുന്നു. കളി ആരംഭിക്കുന്നതോടെ ബലപ്രയോഗത്തില്‍ എതിരാളിയെ വലയത്തിന് പുറത്തേക്ക് പോക്കുകയോ അല്ലെങ്കിൽ എതിരാളിയുടെ പാദങ്ങൾ ഒഴികെയുള്ള ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം നിലം തൊടുകയോ ചെയ്‌താൽ മറ്റെയാൾ വിജയിക്കും. എതിരാളിയെ പുറത്താക്കിയ ഉടന്‍ മത്സരം അവസാനിക്കുന്നു.
സുമോ ഗുസ്തി പരിശീലനക്കളരി ഹെയ എന്നറിയപ്പെടുന്നു. ഗുസ്തിക്കാര്‍ ഹെയയുടെ പാരമ്പര്യവിധികള്‍ക്കും നിയമങ്ങള്‍ക്കുമനുസരിച്ച് ജീവിക്കണമെന്നത് നിര്‍ബന്ധമാണ്. അവരുടെ ഭക്ഷണം മുതല്‍ വസ്ത്രധാരണം വരെ ഇതില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. 8000 കലോറിയാണ് ഒരു ദിവസം അവർക്ക് കഴിക്കേണ്ടത്. പന്നിയുടെ കാൽ അരച്ച് ചേർത്ത സ്‌പ്രെഡ്, നന്നായി മൊരിഞ്ഞ മത്തി, വേവിച്ച ചോറ് എന്നിവയെല്ലാം ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേകതരം ഭക്ഷണമാണ് റികിഷികൾ പലപ്പോഴും കഴിക്കുന്നത്. ഒപ്പം ‘ചങ്കോ നബെ’ എന്ന റികിഷികളുടെ സിഗ്നേച്ചർ ഭക്ഷണവും. കണക്ക് പ്രകാരം ഒരു ശരാശരി പുരുഷൻ ദിവസേന കഴിക്കേണ്ടത് 2500 കലോറി ഭക്ഷണമാണ്. സ്ത്രീയാണെങ്കിൽ 2000. ഇതിന്റെ നാലിരട്ടിയാണ് ഒരു സുമോ ഗുസ്തിക്കാരൻ പ്രതിദിനം കഴിക്കേണ്ടത്. ഭക്ഷണ ശേഷം ഉടൻ റികിഷികൾ ഉറങ്ങും. ഉറക്കത്തിൽ ശ്വാസ തടസ്സം ഉണ്ടാകാതിരിക്കാൻ ഓക്‌സിജൻ മാസ്‌ക് വെച്ചിട്ടാണ് സുമോ ഗുസ്തിക്കാർ ഉറങ്ങുക. പരിശീലനം ഇത്ര കഠിനമായത് കൊണ്ട് തന്നെ ജപ്പാൻ യുവത്വത്തിന് സുമോ ഗുസ്തിയിൽ താൽപര്യം കുറഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെ ജപ്പാൻകാരേക്കാൾ കൂടുതൽ മംഗോളിയക്കാരാണ് ഇന്ന് ഈ രംഗത്തേക്ക് കടന്ന് വരുന്നത്.
ജപ്പാനിൽ വലിയ ആരാധനയാണ് ജനങ്ങൾക്ക് സുമോ ഗുസ്തിക്കാരോട്. തനാബത എന്ന ആഘോഷവേളയിൽ തങ്ങളുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും എഴുതിയ വർണകടലാസുകൾ മരച്ചില്ലകളിൽ കെട്ടിത്തൂക്കി അവ സുമോ ഗുസ്തിക്കാർക്ക് സമ്മാനിക്കാറുണ്ട് കുട്ടികൾ. അതും ആഘോഷത്തിന്റെ ഒരു ഭാഗമാണ്.