ബീതോവാൻ
- admin trycle
- Aug 22, 2020
- 0 comment(s)

ലുഡ്‌വിഗ് വാൻ ബീതോവാൻ, ക്ലാസിക്കൽ, റൊമാന്റിക് കാലഘട്ടങ്ങൾക്കിടയിലുള്ള പരിവർത്തന കാലഘട്ടത്തിലെ പ്രധാന സംഗീത സംവിധായകരിൽ ഒരാളാണ് ജർമ്മൻ വംശജനായ ബീതോവാൻ. അദ്ദേഹത്തിന്റെ ജനനവർഷം കണക്കാക്കുന്നത് 1770 ഡിസംബർ 17 നാണ്. മരണം മാർച്ച് 26, 1827, വിയന്ന, ഓസ്ട്രിയയിൽ ആയിരുന്നു.
ഇതുവരെയുള്ള ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബീതോവാൻ സംഗീതരൂപങ്ങളിൽ പുതുമ കൊണ്ടുവന്ന സംഗീതജ്ഞൻ ആയിരുന്നു. സിംഫണി, ഉപകരണസംഗീതം, സംഗീതമേള എന്നിവയുടെ വ്യാപ്തി അദ്ദേഹം വിശാലമാക്കി, അതുവരെ നിലനിന്നിരുന്ന ക്ലാസിക്കൽ സംഗീതത്തിന്റെ പല രീതികളും അദ്ദേഹം തകർത്തു. അതിന് ഉത്തമ ഉദാഹരണമാണ്, 1824 ൽ "സിംഫണി 9" എന്ന പേരിൽ അദ്ദേഹം നടത്തിയ സംഗീത മേള. അതുവരെ നടന്നിരുന്ന സംഗീത മേളകളുടെ ഘടന അദ്ദേഹം പുനർക്രമീകരിച്ചു. സംഗീത ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് അതുവരെ നടന്നു വന്നിരുന്ന സംഗീത മേളകളിൽ നിന്ന് വിഭിന്നമായി അദ്ദേഹം പാട്ടുകാരെ കൂടി ഉൾപ്പെടുത്തി. ക്ലാസിക്കൽ സംഗീതത്തിന്റെ ചരിത്രത്തിലെ ആദ്യത്തേതായിരുന്നു ഈ ശ്രമം. ഒരു സിംഫണിയിൽ സ്വരവും ഉപകരണ സംഗീതവും സംയോജിപ്പിച്ച ആദ്യത്തെ സംഗീതജ്ഞൻ അതോടെ ബിതോവനായി.
ക്ലാസിക്കൽ, റൊമാന്റിക് കാലഘട്ടങ്ങൾക്കിടയിലുള്ള പരിവർത്തന കാലഘട്ടത്തിലാണ് ബിതോവൻ സംഗീതം രചിച്ചിരുന്നത്, അദ്ദേഹത്തിന്റെ രചനകളെ (ഏകദേശം) മൂന്ന് കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ കാലഘട്ടം, 1794 നും 1800 നും ഇടയിൽ, പതിനെട്ടാം നൂറ്റാണ്ടിലെ പരമ്പരാഗത സാങ്കേതികതയും ശബ്ദങ്ങളും ആദ്യ കാലഘട്ട സംഗീതത്തിന്റെ സ്വഭാവ സവിശേഷതയാണ്. രണ്ടാമത്തെ കാലഘട്ടം, 1801 നും 1814 നും ഇടയിൽ, മെച്ചപ്പെട്ട സംഗീത ഉപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചതായി ചരിത്രം അടയാളപ്പെടുത്തുന്നു. മൂന്നാമത്തെ കാലഘട്ടത്തിൽ, 1814 നും 1827 നും ഇടയിൽ, വൈവിധ്യമാർന്ന സംഗീത സ്വരങ്ങളും രചനകളും അവതരിപ്പിച്ചു. ബിതോവന്റെ രണ്ടാമത്തെ കാലഘട്ടം അദ്ദേഹത്തിന്റെ ഏറ്റവും സമൃദ്ധമായ കാലഘട്ടം ആയിരുന്നു. ഇറോയിക്ക സിംഫണി (1805), സി മൈനറിലെ സിംഫണി നമ്പർ 5 (1808), എഫ് മേജറിലെ സിംഫണി നമ്പർ 6 (1808), എ മേജറിലെ സിംഫണി നമ്പർ 7 (1813) -എന്നിങ്ങനെ പ്രസിദ്ധമായ സിംഫണികൾ ഈ സമയത്തായിരുന്നു ഉണ്ടായത്.