ഹേയ്മാർക്കറ്റ് സംഭവം
- admin trycle
- May 1, 2020
- 0 comment(s)
ഹേയ്മാർക്കറ്റ് സംഭവം
ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കും ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ് 1 ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആയി ആഘോഷിക്കുന്നു. മെയ്ദിനം എന്നറിയപ്പെടുന്ന ഈ ദിവസം ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ അവധിദിനമാണ്. തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചരിത്രപരമായ പോരാട്ടങ്ങളെയും നേട്ടങ്ങളെയും അനുസ്മരിപ്പിക്കുന്ന ദിനം കൂടിയാണിത്. അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ്മാർക്കറ്റ് സംഭവവുമായി ബന്ധപ്പെട്ടാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിച്ച് തുടങ്ങിയത്.
1886 മെയ് 4 ന് ചിക്കാഗോയിൽ പൊലീസും തൊഴിലാളി പ്രക്ഷോഭകരും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലാണ് ഹേയ്മാർക്കറ്റ് സംഭവം അല്ലെങ്കിൽ ഹേയ്മാർക്കറ്റ് കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. ഇത് തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര പോരാട്ടത്തിന്റെ പ്രതീകമായി മാറി. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ വ്യവസായവൽക്കരണത്തിന്റെ ഉയർച്ചയിൽ, തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുകയും കഠിനമായ സാഹചര്യങ്ങളിൽ ഒരു ദിവസം 15 മണിക്കൂർ വരെ ജോലിചെയ്യിക്കുകയും ചെയ്തു. തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ വർദ്ധിച്ചുവരുന്ന മരണം തൊഴിലാളിവർഗത്തെ അവരുടെ സുരക്ഷയ്ക്കായി ശബ്ദമുയർത്താൻ നിർബന്ധിതരാക്കി. 8 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും ഇതിനായി തൊഴിലാളി സംഘടനകൾ പണിമുടക്കുകയും ചെയ്തു.
മെയ് മൂന്നിന് 8 മണിക്കൂർ ജോലി എന്ന ആവശ്യവുമായി മക്-കോർമ്മാക്ക് ഹാർവെസ്റ്റിംഗ് മെഷീൻ കമ്പനിയിൽ നടന്ന യൂണിയൻ സമരത്തിൽ പോലീസ് ഇടപെട്ടതിനാൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസിന്റെ ക്രൂരതയിൽ പ്രതിഷേധിച്ച് തൊഴിലാളി നേതാക്കൾ അടുത്ത ദിവസം ഹെയ്‌മാർക്കറ്റ് സ്‌ക്വയറിൽ ഒരു ബഹുജന യോഗം വിളിച്ചു. ഇത് നിരീക്ഷകനായി പങ്കെടുത്ത ചിക്കാഗോ മേയർ കാർട്ടർ ഹാരിസൺ ആ സമ്മേളനം സമാധാനപരമാണെന്ന് പ്രഖ്യാപിച്ചു. ഹാരിസണും മറ്റും പോയതിനുശേഷം, ഒരു പോലീസ് സംഘം എത്തി ജനക്കൂട്ടം പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് ആരോ പോലീസുകാർക്കുനേരെ ഒരു ബോംബ് എറിയുകയും ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പോലീസുകാർ ജനക്കൂട്ടത്തിലേക്ക് വെടിയുതിർത്തു. അക്രമം അവസാനിക്കുമ്പോഴേക്ക് ഏഴു പോലീസ് ഉദ്യോഗസ്ഥരും നാല് മുതൽ എട്ട് വരെ സിവിലിയൻമാരും കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹേയ്മാർക്കറ്റ് സംഭവത്തിന്റെ പേരിൽ ആഗസ്റ്റ് സ്പൈസിനേയും മറ്റ് ഏഴ് വിപ്ലവകാരികളെയും പോലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതനായ ഒരു അക്രമിയുമായി ഗൂഢാലോചന നടത്തുകയും സഹായിക്കുകയും ചെയ്തുവെന്നാരോപിച്ച് കൊലപാതകക്കുറ്റത്തിന് ഇവർ ശിക്ഷിക്കപ്പെട്ടു. “ചിക്കാഗോ എയ്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഇവരിൽ പലരും മെയ് 4 ന് നടന്ന പരിപാടിയിൽ പോലും പങ്കെടുത്തിരുന്നില്ല, അവരുടെ പങ്കാളിത്തം ഒരിക്കലും തെളിയിക്കപ്പെട്ടിട്ടും ഇല്ല. എന്നിരുന്നാലും, സ്പൈസിനെയും മറ്റ് മൂന്ന് പ്രതികളെയും 1887 നവംബർ 11 ന് തൂക്കിലേറ്റി, മറ്റൊരു പ്രതി ആത്മഹത്യ ചെയ്തു. ജോർജ്ജ് ബർണാർഡ് ഷാ, ഓസ്കാർ വൈൽഡ് തുടാങ്ങിയവർ വിചാരണയേയും വിധിയേയും കുറ്റപ്പെടുത്തി. 1893-ൽ പുതിയ ഇല്ലിനോയീ ഗവർണർ ജോൺ ആൾട്ട്ഗെൽഡ് മറ്റ് മൂന്നുപേരെയും വെറുതേവിട്ടു.
ഹേയ്മാർക്കറ്റ് സംഭവത്തെ തുടർന്ന് 1889 ൽ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു അന്താരാഷ്ട്ര ഫെഡറേഷൻ, തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും എട്ട് മണിക്കൂർ ജോലി എന്ന ആവശ്യത്തിനായി മെയ് 1 ന് തൊഴിലാളികളോട് പ്രകടനം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലെ തൊഴിലാളി പ്രസ്ഥാനത്തെ ഹെയ്‌മാർക്കറ്റ് സംഭവം ശക്തമായി സ്വാധീനിച്ചു. ഹെയ്‌മാർക്കറ്റ് സംഭവം തൊഴിലാളി നേതാക്കൾ, ഇടതുപക്ഷ പ്രവർത്തകർ, കലാകാരന്മാർ എന്നിവരെ പ്രചോദിപ്പിക്കുകയും ലോകമെമ്പാടുമുള്ള സ്മാരകങ്ങൾ, ചുവർച്ചിത്രങ്ങൾ, പോസ്റ്ററുകൾ എന്നിവയിൽ, പ്രത്യേകിച്ച് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ഈ സംഭവം അനുസ്മരിക്കപ്പെടുകയും ചെയ്തു. പിന്നീട് 1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിൽ, എട്ടു മണിക്കൂർ ജോലി എന്ന ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ വാർഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിർത്തിവയ്ക്കണമെന്നുള്ള പ്രമേയവും ഈ യോഗം പാസാക്കി. ഇന്ന്, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ, മെയ് ദിനം ഒരു പൊതു അവധി ദിനമായി അംഗീകരിക്കപ്പെട്ടു. മാത്രമല്ല, ആ ദിവസം തൊഴിലാളികളെ പിന്തുണച്ച് പ്രകടനങ്ങൾക്കും റാലികളും മറ്റും നടക്കുകയും ചെയ്യുന്നു.