ഇ.ശ്രീധരന്‍
- admin trycle
- Jul 6, 2020
- 0 comment(s)

ഇ.ശ്രീധരന്‍
ഇന്ത്യയുടെ മെട്രോ മാൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഇ.ശ്രീധരന്‍. ഇന്ത്യന്‍ പൊതുഗതാഗത സംവിധാനം ആധുനിക വത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ എന്ന ഇ.ശ്രീധരൻ മെട്രോമാനായി മാറിയത്. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇവയൊക്കയും അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്.
1932 ജൂൺ 12-നു പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലാണ് ഇ.ശ്രീധരന്‍ ജനിച്ചത്. പാലക്കാട് ചാത്തന്നൂർ ലോവർ പ്രൈമറി സ്കൂളിൽ പ്രാഥമികവിദ്യാഭാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് പാലക്കാട് ബി.ഇ.എം ഹൈ സ്കൂളിൽ പഠനം നടത്തി. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും, ആന്ധ്രാപ്രദേശിലെ കാക്കിനാഡ ഗവണ്‍മെന്‍റ് എന്‍ജിനിയറിങ് കോളേജില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം സിവില്‍ എന്‍ജിനിയറിങ് അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഒരു വര്‍ഷത്തോളം ബോംബെ തുറമുഖ ട്രസ്റ്റില്‍ ജോലി ചെയ്ത അദ്ദേഹം 1953-ല്‍ യു.പി.എസ്.സി നടത്തിയ എന്‍ജിനിയറിങ് പരീക്ഷ വിജയിച്ച് ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വ്വീസില്‍ ചേര്‍ന്നു.
1954 ഡിസംബറില്‍ തെക്കന്‍ റെയില്‍വേയില്‍ പ്രൊബേഷണറി അസിസ്റ്റൻറ് എന്‍ജിനിയറായിട്ടായിരുന്നു ഇ. ശ്രീധരൻ്റെ ആദ്യ നിയമനം. തകര്‍ന്ന പാമ്പന്‍പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം, കൊല്‍ക്കത്ത മെട്രൊ റെയില്‍വേ, കൊങ്കണ്‍ തീവണ്ടിപ്പാത, ഡെല്‍ഹി മെട്രോ തുടങ്ങിയ ശ്രദ്ധേയമായ പല ജോലികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. 1964 ഡിസംബറില്‍ തകര്‍ന്ന പാമ്പന്‍പാലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ റെയില്‍വേ തയ്യാറാക്കിയ ആറു മാസത്തെ പദ്ധതിയുടെ ചുമതലയും ഇ.ശ്രീധരനായിരുന്നു. അദ്ദേഹം വെറും 46 ദിവസം കൊണ്ട് ഈ പദ്ധതി പൂര്‍ത്തീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഈ നേട്ടത്തിനുള്ള അംഗീകാരമായി ഇന്ത്യന്‍ റെയില്‍വേ മന്ത്രി പ്രത്യേക പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. 1970-ല്‍ ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ പദ്ധതി കൊല്‍ക്കത്തയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനുള്ള ചുമതലയും ഇ ശ്രീധരനായിരുന്നു. ഈ ബൃഹത് പദ്ധതിയും അദ്ദേഹം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക മാത്രമല്ല, ഇത് ആധുനിക ഇന്ത്യയുടെ അടിസ്ഥാന എഞ്ചിനിയറിംഗ് കാല്‍വെപ്പായി കണക്കാക്കുകയും ചെയ്തു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിന്നും ആദ്യ കപ്പലായ റാണി പത്മിനി നീറ്റിലിറങ്ങുന്നതിനു പിന്നിലും ഇദ്ദേഹത്തിന്റെ നേതൃത്വ പാടവം ആയിരുന്നു.
1987 ജൂലായിൽ വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജരായി സ്ഥാന കയറ്റം ലഭിച്ച അദ്ദേഹം 1989 ജൂലായിൽ മെമ്പർ ഓഫ് എഞ്ചിനീയറിംഗ്, റെയിൽവേ ബോർഡ് : എക്സ് ഓഫീസ് സെക്രെട്ടറി ഓഫ് ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നീ നിലകളിലും പ്രവർത്തിച്ചു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം 1990 ലാണ് അവിടെനിന്ന് വിരമിച്ചത്. തുടര്‍ന്ന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച് ഏഴു വര്‍ഷം അവിടെ. പല കാരണങ്ങളാൽ ഈ പദ്ധതി സവിശേഷ പ്രാധാന്യം അർഹിക്കുന്നു. ബി.ഒ.ടി. (ബിൽഡ്-ഓപ്പറേറ്റഡ്-ട്രാൻസ്ഫർ) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ പ്രധാന പദ്ധതിയാണിത്. സാധാരണ ഇന്ത്യൻ റെയിൽവേ പിന്തുടരുന്ന ഒരു മാതൃക അല്ലായിരുന്നു ശ്രീധരൻ കൊങ്കൺ റെയിൽ വെയ്കായി തിരഞ്ഞെടുത്തത്. 93 ടണലുകളും 150 പാലങ്ങളുമുള്ള കൊങ്കണ്‍ റെയില്‍ പാത പദ്ധതി അധിക ബാദ്ധ്യതകൾ ഒന്നും തന്നെ ഇല്ലാതെ കൃത്യ സമയത്തു തന്നെ പൂർത്തിയാകാൻ സാധിച്ചു. ഇത് ഇന്ത്യൻ റെയിൽ വെ ചരിത്രത്തിൽ തന്നെ ഒരു വലിയ നാഴിക കല്ലായി കണക്കാക്കപ്പെടുന്നു.
ഡെല്‍ഹി മെട്രോ പദ്ധതി സാക്ഷാത്കരിച്ചതിന്‍റെ വിജയം അദ്ദേഹത്തെ മെട്രോ മാന്‍ എന്ന വിശേഷണത്തിനര്‍ഹനാക്കി. ഡെല്‍ഹി മെട്രോയിലെ 16 വര്‍ഷത്തെ സേവനത്തിനു ശേഷം 2011 ഡിസംബര്‍ 31ന് വിരമിച്ച അദ്ദേഹം കൊച്ചി മെട്രോപദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായി. അദ്ദേഹത്തിന്‍റെ അതിതീവ്രമായ ഉദ്യമത്തിന്‍റെ ഫലമായി 2017 ജൂണ്‍ 17ന് സൗരോര്‍ജം, ട്രാന്‍സ്ജെന്‍ഡര്‍ തൊഴിലാളികള്‍, നിയന്ത്രണ സംവിധാനങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവയോടെല്ലാം കൂടിയ മികച്ച സംരംഭങ്ങളിലൊന്നായി കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന മെട്രോ ആയി റെക്കോഡില്‍ ഇടം പിടിക്കാനുള്ള ലഖ്നൗ മെട്രോ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഇ.ശ്രീധരന്‍ എന്ന അത്ഭുത മനുഷ്യന്‍.
2001-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ച ഈ ഇതിഹാസപുരുഷന്‍ ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടനവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനാണ്.