സിൽക്ക് റൂട്ട്
- admin trycle
- Jun 17, 2020
- 0 comment(s)
സിൽക്ക് റൂട്ട്
റോമിലെയും ചൈനയിലെയും രണ്ട് മഹത്തായ നാഗരികതകൾക്കിടയിൽ വ്യാപിച്ച് കിടന്ന, ചരക്കുകളും ആശയങ്ങളും കൈമാറ്റം ചെയ്യപ്പെട്ട പുരാതന വാണിജ്യ പാതയാണ് സിൽക്ക് റൂട്ട് അഥവാ സിൽക്ക് റോഡ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള ഒരൊറ്റ പാതയല്ല മറിച്ച് കരയിലൂടെയും കടലിലൂടെയും വ്യാപിച്ച് കിടക്കുന്ന നിരവധി പാതകളുടെ ഒരു ശൃംഖലയാണ് ഇത്. വ്യാപാരത്തിനൊപ്പം ശാസ്ത്രം, സാങ്കേതികവിദ്യ, സാഹിത്യം, കല, മറ്റ് പഠന മേഖലകൾ എന്നിവയുടെ വികസനത്തിനും ഈ പാത സഹായിച്ചു.
ചൈനയിലെ ഹാൻ രാജവംശം B.C 130 ൽ പടിഞ്ഞാറുമായി ഔദ്യോഗികമായി വ്യാപാരം ആരംഭിച്ചപ്പോൾ സ്ഥാപിതമായ സിൽക്ക് റോഡ് റൂട്ടുകൾ A.D 1453 വരെ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. ആ കാലഘട്ടത്തിൽ നടന്ന ശക്തമായ സിൽക്ക് വ്യാപാരം കാരണമാണ് ഇതിന് സിൽക്ക് റൂട്ട് എന്ന പേര് വന്നത്. ഈ വിലയേറിയ തുണി ചൈനയിൽ നിന്നാണ് ഉത്ഭവിച്ചത്. അതിന്റെ ഉൽപ്പാദന രഹസ്യം മറ്റുള്ളവർക്ക് ലഭിക്കുന്നത് വരെ സിൽക്ക് ഉൽപാദനത്തിൽ കുത്തക ചൈനയ്ക്കായിരുന്നു. ഈ വാണിജ്യ പാത വഴി സിൽക്ക് പടിഞ്ഞാറോട്ടും കമ്പിളി, സ്വർണം, വെള്ളി എന്നിവ കിഴക്കോട്ടും സഞ്ചരിച്ചു. ഇവയ്ക്ക് പുറമേ, മറ്റ് തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ, പഴങ്ങളും പച്ചക്കറികളും, മരം, ലോഹ വസ്തുക്കൾ, വിലയേറിയ കല്ലുകൾ, മറ്റ് മൂല്യവത്തായ വസ്തുക്കൾ എന്നിവയുടെ വ്യാപാരവും ഈ വഴി സുഗമമാക്കി.
ഏഷ്യയിലെ റോമൻ പ്രദേശം ക്രമേണ നഷ്ടപ്പെടുകയും ലെവാന്റിൽ അറേബ്യൻ ശക്തി വർദ്ധിക്കുകയും ചെയ്തതോടെ സിൽക്ക് റോഡ് സുരക്ഷിതമല്ലാതാവുകയും യാത്രകൾ ഇല്ലാതാവുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും മംഗോളിയരുടെ കീഴിൽ ഈ പാത പുനരുജ്ജീവിപ്പിക്കപ്പെട്ടു, അക്കാലത്ത് വെനീഷ്യക്കാരൻ മാർക്കോ പോളോ കാതേയിലേക്ക് (ചൈന) യാത്ര ചെയ്യാൻ ഈ പാത ഉപയോഗിച്ചു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിൽ ബ്ലാക്ക് ഡെത്ത് പാൻഡെമിക്കിന് കാരണമായ ബാക്ടീരിയകൾ വ്യാപിച്ചത് പ്രധാനമായും ഈ വാണിജ്യ പാതയിലൂടെ ആണ് എന്ന് ഇന്ന് പരക്കെ കരുതപ്പെടുന്നു.
ഓട്ടോമൻ സാമ്രാജ്യം ചൈനയുമായുള്ള വ്യാപാരം ബഹിഷ്കരിക്കുകയും ഈ വാണിജ്യ പാതകൾ അടയ്ക്കുകയും ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര വ്യാപാരത്തിനായി സിൽക്ക് റോഡ് ഉപയോഗിച്ചിട്ട് ഏകദേശം 600 വർഷമായിട്ടുണ്ടെങ്കിലും, ഈ റൂട്ടുകൾ വാണിജ്യം, സംസ്കാരം, ചരിത്രം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തി. ബുദ്ധമതം, ക്രിസ്ത്യാനിറ്റി, ഇസ്ലാം മതം, ഹിന്ദുമതം, മറ്റ് മതങ്ങൾ എന്നിവ വിവിധ പ്രദേശങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും ഈ പാത കാരണമായി. സിൽക്ക് റോഡ് വഴിയാണ് ചൈനയിലേക്ക് നെസ്റ്റോറിയൻ ക്രിസ്തുമതവും ബുദ്ധമതവും (ഇന്ത്യയിൽ നിന്ന്) എത്തിയത്. മാത്രമല്ല ചൈന, ജപ്പാൻ, ഈജിപ്റ്റ്, പേർഷ്യ, ഇന്ത്യൻ ഉപഭൂഖന്ധം എന്നിവിടങ്ങളിലെ വിവിധ സംസ്കാരങ്ങളും നഗരങ്ങളും രൂപപ്പെടുന്നതിൽ ഈ പാതകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ചരക്ക് സംഭരണം, ഗതാഗതം, അവയുടെ കൈമാറ്റം എന്നിവയെ സഹായിക്കുന്നതിന് ഉപയോഗിച്ച ഒരു കൂട്ടം ട്രേഡിംഗ് പോസ്റ്റുകളും മാർക്കറ്റുകളും ഈ റൂട്ടിൽ ഉൾപ്പെടുന്നു. സിൽക്ക് റൂട്ടിന്റെ സമുദ്ര റൂട്ടുകളിലുള്ള യാത്രക്കാർ ശുദ്ധമായ കുടിവെള്ളത്തിനും വ്യാപാര അവസരങ്ങൾക്കുമായി തുറമുഖങ്ങളിൽ നിർത്തുകയും ഈ തുറമുഖങ്ങളുടെ ചേർന്ന് വ്യാപാരകേന്ദ്രങ്ങൾ വളരുകയും വെയ്‌തു.
പാക്കിസ്ഥാനെയും ചൈനയിലെ സിൻജിയാങ്ങിലെ സ്വയംഭരണ പ്രദേശമായ ഉയ്ഗുറിനെയും ബന്ധിപ്പിക്കുന്ന ഒരു ദേശീയപാതയുടെ രൂപത്തിൽ സിൽക്ക് റോഡിന്റെ ഒരു ഭാഗം ഇപ്പോഴും നിലവിലുണ്ട്. മാത്രമല്ല ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 60 ലധികം രാജ്യങ്ങളുമായി ബന്ധിപ്പിച്ച് 2013 ൽ ചൈന “വൺ ബെൽറ്റ്, വൺ റോഡ്" എന്ന പേരിൽ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.