കെ.പി.പി നമ്പ്യാര്‍
- admin trycle
- Apr 23, 2020
- 0 comment(s)

കെ.പി.പി നമ്പ്യാര്‍
ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയെ ഇന്ത്യയ്ക്കും കേരളത്തിനും പരിചയപ്പെടുത്തികൊടുത്ത് കേരളത്തിലെ വ്യവസായവത്കരണത്തിന് തുടക്കം കുറിച്ച വ്യക്തിയായ കുന്നത്ത് പുതിയ വീട്ടില്‍ പത്മനാഭന്‍നമ്പ്യാര്‍ എന്ന മലയാളിയെ ലോകം അറിയുന്നത് കെ.പി.പി നമ്പ്യാര്‍ എന്ന ചുരുക്കനാമത്തിലാണ്. കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ, രാജ്യത്തെ ആദ്യ ടെക്നോപാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിന്റെ പ്രഥമ പദ്ധതി നിർവഹണ സമിതി ചെയർമാൻ, കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി എന്നീ നിലകളിൽ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇലക്ട്രോണിക്സ് വിദഗ്ദ്ധനായിരുന്നു കെ.പി.പി നമ്പ്യാര്‍.
കണ്ണൂര്‍ കല്യാശ്ശേരിയില്‍ 1929 ഏപ്രില്‍ 15-നാണ് അദ്ദേഹം ജനിച്ചത്. പി.പി. ചിണ്ടൻ നമ്പ്യാർ, കുന്നത്ത് പുതിയവീട്ടിൽ മാധവിയമ്മ എന്നിവരുടെ മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം കല്യാശേരിയിൽ പൂർത്തിയാക്കി. തുടർന്ന് തളിപ്പറമ്പ് ഹൈസ്കൂൾ പഠനത്തിനുശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിലും അദ്ദേഹം പഠനം നടത്തി. മദ്രാസ് സെന്‍റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമയുടെ പിന്‍ബലത്തോടെ ലണ്ടനില്‍ ഉപരിപഠനം നടത്തി ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷനില്‍ ഉന്നത ബിരുദം അദ്ദേഹം കരസ്ഥമാക്കി. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇലക്ട്രോണിക്സ് വ്യവസായ മേഖലയില്‍ ഉദ്യോഗസ്ഥനായും, ഗവേഷകനായും, അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഭാരത് ഇലക്ട്രോണിക്‌സിലും ബ്രിട്ടനിലെ ട്രാന്‍സിസ്റ്റര്‍ ഇലക്ട്രോണിക്‌സ് കമ്പനിയിലും ടാറ്റാ ഇലക്ട്രോണിക്‌സ് കമ്പനിയിലും മുബൈ നാഷണല്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷനിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1973ലാണ് കെല്‍ട്രോണിന്റെ ചെയര്‍മാനും എംഡിയുമായി അദ്ദേഹം നിയമിതനാവുന്നത്. ടാറ്റ വ്യവസായ ശൃംഖലയിലെ ഉയർന്ന പദവി ഉപേക്ഷിച്ചാണ് സർക്കാർ ക്ഷണപ്രകാരം അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. ഒരുവശത്ത് ഗവേഷണത്തിലൂടെ പുതിയ സാധ്യതകള്‍ കണ്ടെത്താനും മറുവശത്ത്, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കെൽട്രോണിന്റെ ജോലികളിൽ ഗ്രാമീണ വനിതാ സംഘങ്ങളെയും, സൊസൈറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് ആ പ്രവര്‍ത്തനത്തെയാകെ ജനങ്ങളിലേക്കെത്തിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യയിലെതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ശ്രമമായിരുന്നു ഇത്. 1983 വരെ ഈ സ്ഥാനത്തു തുടർന്ന അദ്ദേഹം 1983 മുതൽ 85 വരെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു.
ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സെന്റര്‍, ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രി ഇവയെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസനത്തിന്റെയും സ്വീകാര്യതയുടെയും തലങ്ങളിലേക്ക് എത്തിയവയാണ്. ഇലക്ട്രോണിക്സ് രംഗത്തുള്ള ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 1974-ലാണ് തിരുവനന്തപുരത്ത് ഇലക്ട്രോണിക്സ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ(ER&DC) നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിതമായത്. 1985 ഫെബ്രുവരി മുതൽ 87 ജനുവരി വരെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രി (ഐ.ടി.ഐ.) ലിമിറ്റിഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ ഐടിഐ നവീകരണത്തിലടക്കം അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതാണ്. 1988-ല്‍ സ്ഥാപിതമായ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങിന്‍റെ സ്ഥാപകരില്‍ പ്രമുഖന്‍ കൂടിയാണ് ഇദ്ദേഹം.
1987-89 കാലത്ത് അന്നത്തെ പ്രാധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് വകുപ്പ് (പിന്നീട് വിവരസാങ്കേതിക മന്ത്രാലയമായി ഇതു മാറി) സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. ഈ സ്ഥാനത്തിരുന്ന് ഇലക്ട്രോണിക്സ് മേഖലയിലെ ഗവേഷണ/ഉത്പാദന രംഗത്ത് നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ച് നടപ്പിലാക്കി. 1991 മുതല്‍ കേരളവ്യവസായവകുപ്പിന്‍റെ ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചു. കേരളവ്യവസായവകുപ്പിന്‍റെ ഉപദേഷ്ടാവായിരിക്കുന്ന കാലത്താണ് അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് രൂപംകൊണ്ടത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്നോ പാര്‍ക്ക് എന്ന നേട്ടം കേരളത്തിന് സ്വന്തമാകുന്നതിന് പ്രധാന കാരണം നമ്പ്യാരുടെ പ്രവര്‍ത്തനമികവാണ്. 1997-ല്‍ കോഴിക്കോട് സ്ഥാപിതമായ ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ പ്രഥമ ചെയര്‍മാനും അദ്ദേഹമായിരുന്നു. 2006-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ഈ മഹത് പ്രതിഭയെ 2015 ജൂണ്‍ 30-ന് അന്തരിച്ചു.