നെഹ്റുട്രോഫി വള്ളംകളി
- admin trycle
- Aug 22, 2019
- 0 comment(s)
വള്ളംകളി ഭാഗം-2
നെഹ്റുട്രോഫി വള്ളംകളി ഓളപ്പരപ്പിലെ പൂരമെന്നറിയപ്പെടുന്ന നെഹ്റുട്രോഫി വള്ളംകളി ലോകപ്രസിദ്ധമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ ജലമേളയാണ് ഇത്. കുട്ടനാട്ടുകാരന്‍റെ ദേശീയ ഒളിമ്പിക്സ് എന്നും കുട്ടനാടിന്‍റെ ദേശീയ ഉത്സവമെന്നുമൊക്കെ അറിയപ്പെടുന്ന ഈ വള്ളംകളി പുന്നമടക്കായലില്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നു. കേരളത്തില്‍ നടക്കുന്ന വള്ളംകളികളില്‍ ഏറ്റവും വാശിയേറിയതും ജനത്തിരക്കേറിയതുമായ ഒന്നാണ് നെഹ്റുട്രോഫി വള്ളംകളി. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര്‍ ഈ വള്ളംകളി മത്സരം കാണാന്‍ വരുന്നു എന്നാണ് കണക്ക്.
നെഹ്റുട്രോഫി വള്ളംകളി മത്സരത്തിന്‍റെ പ്രധാന പ്രത്യേകത ചുണ്ടൻ വള്ളങ്ങളാണ്. 100 മുതൽ 158 അടിവരെ നീളം ഈ വള്ളങ്ങൾക്ക് കാണും. വള്ളത്തിന്റെ പിൻഭാഗം ജലനിരപ്പിൽ നിന്ന് 20 അടി ഉയരത്തിലും മുൻഭാഗം നീളത്തിൽ കൂർത്തും ഇരിക്കുന്നു. ചുണ്ടൻ വള്ളത്തിന്റെ രൂപം പത്തിവിടർത്തിയ ഒരു പാമ്പിനെ അനുസ്മരിപ്പിക്കുന്നു. വള്ളത്തിന്റെ പള്ള നിർമ്മിക്കുന്നത് 83 അടി നീളവും 6 ഇഞ്ച് വീതിയുമുള്ള തടിക്കഷണങ്ങൾ കൊണ്ടാണ്. ഓടി, വെപ്പ്, ചുരുളന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി വെവ്വേറെ മത്സരങ്ങളുമുണ്ട്. ആദ്യകാലത്ത് പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെട്ടിരുന്ന ഈ മത്സരം 1969-ല്‍ നെഹ്രുട്രോഫി വള്ളംകളി എന്നാക്കി പുനര്‍നാമകരണം ചെയ്തു.
നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കേരളാസന്ദര്‍ശന വേളയില്‍ കോട്ടയം മുതല്‍ ആലപ്പുഴ വരെ കുട്ടനാട്ടിലൂടെ ബോട്ട് യാത്ര നടത്തേണ്ടതായി വന്നു. ഇതിനോട് അനുബന്ധിച്ച് കേരള സർക്കാർ അന്ന് ചുണ്ടൻവള്ള മത്സരം സംഘടിപ്പിച്ചു. നെഹ്രുവിനോടുള്ള ആദരസൂചകമായി 1952-ലാണ് ഈ വള്ളംകളി മത്സരം നടത്തിയത്. നടുഭാഗം ചുണ്ടാനാണ് ആദ്യ മത്സരവിജയി. വള്ളംകളി മത്സരത്തില്‍ ആവേശഭരിതനായ നെഹ്റു നടുഭാഗം ചുണ്ടനില്‍ കയറി ആഹ്ലാദം പ്രകടിപ്പിച്ചു. സുരക്ഷാക്രമീകരണങ്ങളെയെല്ലാം ഒഴിവാക്കിയായിരുന്നു ഇത്. വള്ളംകളിക്കാര്‍ക്ക് ലഭിച്ച ഈ അംഗീകാരത്തിനും നെഹ്റുവിനോടുള്ള ആദരസൂചകവുമായി അദ്ദേഹത്തെ കൊച്ചിവരെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെയാണ് യാത്ര അയച്ചത്. ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം വിജയികള്‍ക്കായി തടിയില്‍ തീര്‍ത്ത പീഠത്തില്‍ വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്‍റെ രൂപം ഉറപ്പിച്ച ഒരു സമ്മാനം നല്‍കാന്‍ ഏര്‍പ്പാട് ചെയ്തു. ട്രോഫിയില്‍ അദ്ദേഹത്തിന്‍റെ കൈയൊപ്പിന് പുറമേ "തിരുകൊച്ചിയിലെ സാമൂഹികജീവിതത്തിന്‍റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്" എന്നും കൊത്തിവച്ചിരിക്കുന്നു.
ആദ്യത്തെ വള്ളംകളി മത്സരം നെഹ്റുവിനോടുള്ള ആദരസൂചകമായി 63 വെടിക്കെട്ടോടെയാണ് ആരംഭിച്ചത്.1952-ല്‍ അദ്ദേഹത്തിന് 63 വയസ്സായിരുന്നു. അക്കാലത്ത് ആലപ്പുഴജില്ല രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ കൊല്ലം ജില്ലാകളക്ടറായിരുന്ന കേരളവര്‍മ്മയുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്. ആദ്യമത്സരത്തിന്‍റെ സ്റ്റാര്‍ട്ടര്‍ ഇ.ജെ ലൂക്കോസും മുഖ്യവിധികര്‍ത്താവ് താഴത്തങ്ങാടി കുര്യന്‍ ജോണും ആയിരുന്നു. വേമ്പനാട്ട് കായലിന്‍റെ പടിഞ്ഞാറേ അറ്റത്ത് മണ്‍ട്രോ തുരുത്തിന്‍റെ പടിഞ്ഞാറ് മുതല്‍ തെക്കോട്ടായിരുന്നു വള്ളംകളിയുടെ ട്രാക്ക്. വിവിധ ട്രാക്കുകളിലായി തിരിച്ച് 1370 മീറ്റര്‍ ദൂരമാണ് മത്സരത്തിനായുള്ളത്.10 മീറ്റര്‍ വീതിയുള്ള 4 ട്രാക്കുകളാണുള്ളത്. 1954-ല്‍ കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലില്‍ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്ന പേരിലാണ് മത്സരം നടന്നത്. 1955 മുതല്‍ പുന്നമടക്കായലില്‍ ഈ വള്ളംകളി മത്സരം നടത്തിവരുന്നു. ഈ വലിയ ജലമേളയുടെ തയ്യാറെടുപ്പുകള്‍ ആഴ്ചകള്‍ക്ക് മുമ്പേ ആരംഭിക്കുന്നു. വ്രതശുദ്ധിയോടെയാണ് പരിശീലനം നടത്തുന്നത്. 5 അമരക്കാരും 5 നിലക്കാരും അടക്കം 111 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വെള്ളത്തിലൂടെയുള്ള സുഗമമായ ഒഴുക്കിന് ചുണ്ടന്‍വള്ളങ്ങളില്‍ മീനെണ്ണ പുരട്ടുന്ന പതിവുണ്ട്. പരിശീലന സമയം മുതല്‍ക്കുതന്നെ തുഴക്കാര്‍ എല്ലാവരും ജാതിഭേദമന്യേ നടത്തുന്ന വള്ളസദ്യ പതിവാണ്. കുട്ടനാടിന്‍റെ സാമുദായിക ഐക്യത്തിനുള്ള ഉദാഹരണമാണ് ഈ വള്ളസദ്യ. വള്ളംകളി മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായും സാമുദായിക ഐക്യം വിളിച്ചോതുന്ന ഘോഷയാത്രകള്‍ നടക്കുന്നു. ഒരു ഉത്സവം ദേശത്തിന്‍റെയും അവിടുത്തെ ജനതയുടെയും സാംസ്കാരികജീവിതത്തിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് പുന്നമടക്കായലിലെ ഈ വള്ളംകളി മത്സരം.