മൈക്കൽ ഷൂമാക്കർ
- admin trycle
- Jul 26, 2020
- 0 comment(s)

ലോക പ്രശസ്ത ജർമ്മൻ ഫോർമുല വൺ ഡ്രൈവറാണ് മൈക്കൾ ഷൂമാക്കർ. ലോകത്ത് ഏതൊരു കായികതാരവും കൊതിക്കുന്ന ഒട്ടേറെ നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയ മൈക്കൾ ഷൂമാക്കർ റേസ് ട്രാക്കിലെ നിത്യഹരിത നായകനായി അറിയപ്പെടുന്നു. ഫോർമുല വൺ വേൾഡ് ഡ്രൈവർസ് ചാമ്പ്യൻഷിപ്പ് 1950 ൽ ആരംഭിച്ചതുമുതൽ 32 വ്യത്യസ്ത ഡ്രൈവർമാരാണ് കിരീടം നേടിയത്, അതിൽ 15 പേർ ഒന്നിലധികം ചാമ്പ്യൻഷിപ്പുകൾ നേടി. ഏഴു തവണ ലോകജേതാവായ മൈക്കൾ ഷൂമാക്കർ എക്കാലത്തെയും മികച്ച ഫോർമുല വൺ ഡ്രൈവറായി കരുതപ്പെടുന്നു. മിക്ക സീസണിലേയും മൽസരങ്ങളിൽ ഉയർന്ന പോയിന്റുകൾ നേടിയ അദ്ദേഹം മിക്കവാറും എല്ലാ സ്‌കോറിംഗ് റെക്കോർഡുകളും ഗണ്യമായ വ്യത്യാസത്തിൽ സ്വന്തമാക്കി. പ്രധാന ബ്രാൻഡുകളായ 'ബെനെട്ടൺ,' 'മെഴ്‌സിഡസ്', 'ഫെരാരി' എന്നിവയുമായി അദ്ദേഹം കരാറിൽ ഏർപ്പെട്ടു. പത്ത് വർഷത്തിലേറെ 'ഫെരാരിയുടെ' മുഖമായിരുന്നു ഷൂമാക്കർ.
1969 ജനുവരി മൂന്നിനാണ് മൈക്കൾ ഷുമാക്കറിന്റെ ജനനം. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഹ്യൂര്‍ത്തിലാണ് ഷുമാക്കർ ജനിച്ചതെങ്കിലും വളര്‍ന്നത് ജര്‍മനിയിലെ കെര്‍പ്പനിലാണ്. ചെറുപ്പത്തിൽ തന്നെ, ഷൂമാക്കർ ഗോ-കാർട്ട് റേസിംഗിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. 14 വയസ്സായപ്പോൾ, ഷൂമാക്കർ റേസിംഗിൽ സ്വതസിദ്ധമായ കഴിവുകൾ പ്രകടിപ്പിച്ചു. നിരവധി ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. 1984 ലും 1985 ലും ജർമ്മൻ ജൂനിയർ കാർട്ടിംഗ് ചാമ്പ്യൻഷിപ്പ് നേടിയ അദ്ദേഹം 1987 ൽ ജർമ്മൻ, യൂറോപ്യൻ കാർട്ടിംഗ് കിരീടങ്ങൾ നേടി. അടുത്ത വർഷം, കാർട്ടിംഗ് ഉപേക്ഷിച്ച് ഫോർമുല ത്രീ (F3) കാറുകളുടെ ഡ്രൈവറായി. രണ്ട് വർഷത്തിന് ശേഷം 1990 ൽ ജർമ്മൻ എഫ് 3 ചാമ്പ്യൻഷിപ്പ് നേടി.
1991 ൽ, 22 വയസ്സുള്ളപ്പോൾ, അദ്ദേഹം ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജോർദാൻ ഗ്രാൻഡ് പ്രിക്സ് റേസിംഗ് ടീമിൽ ഒപ്പിട്ടു. ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയായിരുന്നു ഷുമാക്കർ ഫോർമുല വണ്ണിൽ തുടക്കം കുറിച്ചത്. ഇതിഹാസപര്യായമായിരുന്ന അയര്‍ട്ടന്‍ സെന്നെ മരിച്ച വര്‍ഷമായ 1994 ലാണ് ഷുമാക്കർ ആദ്യമായി ചാമ്പ്യന്‍ പട്ടം നേടുന്നത്. 1994 ലും 1995 ലും ബെന്നട്ടണില്‍ ഫോര്‍മുല വണ്‍ കിരീടം നേടി. 1996 സീസണിന് മുമ്പ് അദ്ദേഹം ഫെരാരി ടീമിലേക്ക് മാറി, ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ 2000 ലെ ജയം തുടർച്ചയായ അഞ്ച് ലോക ചാമ്പ്യൻഷിപ്പുകളിൽ (2000–04) ആദ്യത്തേതായിരുന്നു. മൊത്തം ഏഴ് എഫ് 1 കിരീടങ്ങൾ നേടിയ അദ്ദേഹം ഏകദേശം 50 വർഷമായി തകരാതെ കിടന്ന ജുവാൻ മാനുവൽ ഫാൻജിയോയുടെ അഞ്ച് വിജയങ്ങളുടെ റെക്കോർഡ് മറികടന്നു.
15 വർഷത്തെ റേസിംഗിന് ശേഷം, അദ്ദേഹം ഹ്രസ്വകാലത്തേക്ക് വിരമിച്ചു. വിരമിച്ച ശേഷം അദ്ദേഹം ഫെരാരിയില്‍ ഉപദേഷ്ടാവായി തുടര്‍ന്നു. 2009 ല്‍ ബ്രസീല്‍ താരം ഫെലിപ് മാസയ്ക്ക് അപകടമുണ്ടായതിനെത്തുടര്‍ന്ന് പകരക്കാരനായി തിരിച്ചെത്തി. 2010 ല്‍ മെഴ്സിഡസുമായി മൂന്നുവര്‍ഷത്തെ കരാറില്‍ വീണ്ടും ട്രാക്കിലെത്തിയെങ്കിലും വിജയം കണ്ടില്ല. 2006 ല്‍ ചൈനീസ് ഗ്രാന്‍പ്രിയിലാണ് ഷുമാക്കർ ഏറ്റവുമൊടുവില്‍ വിജയിച്ചത്.
2002 ഏപ്രിലിൽ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് ശക്തമായി വാദിച്ചിരുന്ന അദ്ദേഹത്തെ 'യുനെസ്കോ ചാമ്പ്യൻ' എന്ന പേരിന് ഉടമയാക്കി. 2002 ലും 2004 ലും മൈക്കിളിനെ 'ലോറസ് വേൾഡ് സ്പോർട്സ്മാൻ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്തു. ടെന്നീസ് കളിക്കാരൻ റോജർ ഫെഡററുമായി ഈ ആദരവ് പങ്കുവെച്ചിട്ടുണ്ട് ഷൂമാക്കർ. ആറ് തവണ ഈ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. 2013 ൽ സ്കീയിംഗിനിടെ തലക്കേറ്റ പരിക്കുകൾ പക്ഷാഘാതത്തിനും ഓർമ്മ നഷ്ടമാവുന്നതിനും വഴിവച്ചു. മൈക്കൽ ഷൂമാക്കർ ആരോഗ്യനിലയിൽ മികച്ച പുരോഗതി കൈവരിച്ചുവെന്ന് 2019 ൽ മുൻ ‘ഫെരാരി’ മാനേജർ ജീൻ ടോഡ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ആരോഗ്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.