ലിയോനാർഡോ ഡാവിഞ്ചി
- admin trycle
- Aug 5, 2020
- 0 comment(s)

ലോകത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായ ലിയോനാർഡോ ഡാവിഞ്ചി മനുഷ്യ ചരിത്രത്തിൽ ഉദയം കൊണ്ട ബഹുമുഖ പ്രതിഭകളിൽ ഏറ്റവും പ്രശസ്തമായ വ്യക്തികളിലൊരാളാണ്. ചിത്രകാരൻ, ശില്പി, സംഗീതജ്ഞൻ, എഞ്ചിനീയർ, അനാട്ടമിസ്റ്റ്, ജീവശാസ്ത്ര പ്രതിഭ, ഭൂഗർഭശാസ്ത്രകാരൻ, ചരിത്രകാരൻ, ഭൂപട നിർമാണ വിദഗ്ദ്ധൻ തുടങ്ങി ആ അസാമാന്യ വ്യക്തിത്വം കൈവെച്ചതും വിജയം കണ്ടതുമായ മേഖലകൾ അനവധിയാണ്. വളരെക്കുറച്ച് ചിത്രങ്ങളേ ഡാവിഞ്ചി വരച്ചിട്ടുള്ളുവെങ്കിലും ചിത്രകലയുടെ ചരിത്രത്തിൽ അവയുണ്ടാക്കിയ സ്വാധീനം അസാമാന്യമാണ്.
1452 ഏപ്രിൽ 15 ന് ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ വിഞ്ചിക്കടുത്തുള്ള അഗിയാനോ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ലിയനാർഡോയുടെ ജനന സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കൾ അവിവാഹിതരായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സെർ പിയേറോ ഒരു ഫ്ലോറൻടൈൻ നോട്ടറിയും ഭൂവുടമയുമായിരുന്നു. അമ്മ കാറ്റെറിന ഒരു യുവ കർഷക സ്ത്രീയായിരുന്നു. ലിയോനാർഡോ തന്റെ പിതാവിന്റെ കുടുംബ എസ്റ്റേറ്റിൽ ആയിരുന്നു വളർന്നത്. അവിടെ അദ്ദേഹത്തെ “നിയമാനുസൃത” മകനായി കണക്കാക്കുകയും വായന, എഴുത്ത്, ഗണിതം എന്നിവയിലുള്ള അന്നത്തെ സാധാരണ പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെയ്തു.
കുട്ടിക്കാലത്ത് തന്നെ ലിയോനാർഡോ തന്റെ കലാപരമായ കഴിവുകൾ പ്രദർശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് 15 വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തെ ആൻഡ്രിയ ഡെൽ വെറോച്ചിയോ എന്ന ആർട്ടിസ്റ്റിന് അടുത്ത് പരിശീലിപ്പിച്ചു. ഫ്ലോറൻസിലെ "ഏറ്റവും മികച്ച പണിപ്പുരകളിൽ ഒന്ന്" വെറച്ചിയോയുടേതായിരുന്നു. വെറോച്ചിയോയുടെ പ്രശസ്തമായ വർക്ക്‌ഷോപ്പിൽ ലിയോനാർഡോയ്ക്ക് ബഹുമുഖ പരിശീലനം ലഭിച്ചു, അതിൽ ചിത്രകലയും ശില്പകലയും ടെക്‌നിക്കൽ-മെക്കാനിക്കൽ ആർട്സും ഉൾപ്പെടുന്നു. ആർട്ടിസ്റ്റ് അന്റോണിയോ പൊള്ളുവോളോയുടെ വർക്ക് ഷോപ്പിലും അദ്ദേഹം പ്രവർത്തിച്ചു. അച്ഛന്റെ കാലശേഷവും ലിയനാർഡോ സ്വന്തമായ ഒരു പണിപ്പുര നടത്തിപോന്നു, അവിടേയും വെറോച്ചിയോടൊപ്പൊമുള്ള സഹകരണത്തോടെ ചിത്രങ്ങൾ പിറന്നു.
1499 ൽ ലുഡോവിക്കോ അധികാരത്തിൽ നിന്ന് വീഴുന്നതുവരെ ലിയനാർഡോ മിലാനിൽ 17 വർഷം ചെലവഴിച്ചു. രാജകുടുംബത്തിന്റെ രജിസ്റ്ററിൽ അദ്ദേഹത്തെ "pictor et ingeniarius ducalis" (“ചിത്രകാരനും ഡ്യൂക്കിന്റെ എഞ്ചിനീയറും”) ആയി പട്ടികപ്പെടുത്തി. വളരെ ആദരണീയനായ അദ്ദേഹം ചിത്രകാരൻ, ശില്പി എന്നീ നിലകളിലും കോർട്ട് ഫെസ്റ്റിവെലുകളുടെ ഡിസൈനർ എന്ന നിലയിലും തിരക്കിലായിരുന്നു. വാസ്തുവിദ്യ, കോട്ടനിർമ്മാണം, സൈനികകാര്യങ്ങൾ എന്നിവയിൽ സാങ്കേതിക ഉപദേഷ്ടാവായും അദ്ദേഹം ഇടയ്ക്കിടെ പ്രവർത്തിച്ചിരുന്നു. ഹൈഡ്രോളിക്, മെക്കാനിക്കൽ എഞ്ചിനീയറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഒരു ചിത്രകാരനെന്ന നിലയിൽ മിലാനിലെ 17 വർഷത്തിനിടെ ആറ് ചിത്രങ്ങളാണ് ലിയനാർഡോ പൂർത്തിയാക്കിയത്.
1490 ൽ വരച്ച ഡാവിഞ്ചിയുടെ “വിട്രൂവിയൻ മാൻ” എന്ന രേഖാചിത്രം മനുഷ്യ ശരീരഘടനയിലുള്ള അനുപാതങ്ങളെക്കുറിക്കുന്നത് എന്ന നിലയിൽ പ്രശസ്തമാണ്. ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പ്രമേയമാക്കി രചിക്കപ്പെട്ട ചിത്രമാണ് ലാസ്റ്റ് സപ്പർ(1495–98). ഡൊമിനിക്കൻ സന്ന്യാസി സമൂഹത്തിനുവേണ്ടി ഇറ്റലിയിലെ മിലാൻ നഗരത്തിൽ സാന്താമാറിയാ ഡെൽഗ്രാസിയിൽ രചിച്ച ചുവർ ചിത്രമാണിത്. ഡാവിഞ്ചിയുടെ ഏറ്റവും അറിയപ്പെടുന്ന പെയിന്റിംഗാണ് “മോണലിസ”(1503–19). ഈ ചിത്രത്തിന്റെ പ്രശസ്ഥി ഒളിഞ്ഞിരിക്കുന്നത് എങ്ങും പിടികൊടുക്കാതെ നിൽക്കുന്ന മൊണാലിസയുടെ ചുണ്ടിൽ വിരിയുന്ന ചിരിയിലായിരുന്നു. ആദ്യകാല ജീവചരിത്രകാരന്മാരുടെ വിവരണങ്ങളെ അടിസ്ഥാനമാക്കി, "മോണലിസ" ഒരു സമ്പന്ന ഫ്ലോറന്റൈൻ സിൽക്ക് വ്യാപാരിയുടെ ഭാര്യ ലിസ ഡെൽ ജിയോകോണ്ടോയുടെ ചിത്രമാണ് എന്ന് വിശ്വസിക്കുന്നു.
1519 മെയ് രണ്ടാം തിയ്യതി തന്റെ 67 ആം ഫ്രാൻസിലെ ക്ലോസ് ലുസെ കൊട്ടാരത്തിൽ വച്ച് ഡാവിഞ്ചി മരണമടഞ്ഞു. 20 ൽ താഴെ ചിത്രങ്ങളേ ഡാവിഞ്ചി വരച്ചിട്ടുള്ളൂ എന്നാൽ അതി വിശാലമായ നോട്ട് ബുക്ക് വർക്കുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. വൈവിധ്യപൂർണമായ ഉള്ളടക്കമാണ് ഈ നോട്ട് ബുക്ക് വരകൾക്കുള്ളത്. താൻ ഭാവനയിൽ കണ്ടെത്താൻ ആഗ്രഹിച്ചതും, ശാസ്ത്ര സാങ്കേതിക രചനകളും ഷോപ്പിംഗ് ലിസ്റ്റുകളും എല്ലാം അക്കൂട്ടത്തിലുണ്ട്. മരണ ശേഷമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അവ നോട്ട് പുസ്തകങ്ങളായി ബൈൻഡ് ചെയ്യുന്നത്. 2017 നവംബറില്‍ അദ്ദേഹത്തിന്റെ സാല്‍വറ്റോറെ മുണ്ടി (ലോകത്തിന്റെ രക്ഷകന്‍) ലേലത്തില്‍ പോയത് ലോകത്ത് അന്നേവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന തുകയായ 450 ദശലക്ഷം അമേരിക്കന്‍ ഡോളറിനാണ്.