റാണി അബ്ബക്കാ ചൗത
- admin trycle
- May 6, 2020
- 0 comment(s)

റാണി അബ്ബക്കാ ചൗത
ദക്ഷിണ കർണാടകയിലെ ഉള്ളാലിലെ റാണിയായിരുന്നു റാണി അബ്ബക്കാ ചൗത. പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയായിരുന്നു അവരുടെ കാലഘട്ടം. കോളനിവാഴ്ചക്കെതിരേ പോരാടിയ ആദ്യ കാല ഭാരതീയരിൽ ഒരാളായിരുന്നു അബ്ബക്കാ റാണി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ വനിതയായും ഇവരെ വിശേഷിപ്പിക്കുന്നു.
ഭാരതത്തിൽ എത്തിയ പോർച്ചുഗീസുകാർ ഇന്ത്യയിലെ പല ഭാഗങ്ങളും പിടിച്ചടക്കുന്ന കാലഘട്ടമായിരുന്നു അത്. പതിനാറാം നൂറ്റാണ്ട് മുഴുവൻ ഈ പ്രദേശത്തെ പോർച്ചുഗീസ് ആധിപത്യം മറ്റേതൊരു യൂറോപ്യൻ ശക്തിയും ചോദ്യം ചെയ്യപ്പെടാതെ തുടർന്നു. പോർച്ചുഗീസുകാർ അവരുടെ നാവിക മേധാവിത്വം ഉപയോഗിച്ച് അവർക്കെതിരെ നിന്ന പ്രാദേശിക ഭരണാധികാരികൾക്കെതിരെ ജയിച്ചു. ഗോവയ്ക്ക് ശേഷം അവരുടെ ശ്രദ്ധ പതിഞ്ഞത് മംഗളൂരു അടുത്തുള്ള റാണിയുടെ അധീനതയിലുള്ള തീരപ്രദേശമായിരുന്നു. 1526 ൽ കനറയുടെ ഭാഗമായ മംഗലാപുരം തുറമുഖം പോർച്ചുഗീസ് പട്ടാളം ആക്രമിച്ച് കീഴടക്കി. അവരുടെ അടുത്ത ലക്ഷ്യം പശ്ചിമഘട്ടത്തിലെ കൊടുമുടികൾക്കും അറബിക്കടലിലെ നീല ജലാശയങ്ങൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന തുറമുഖ നഗരമായ ഉള്ളാൽ ആയിരുന്നു. അറേബ്യൻ രാജ്യങ്ങളും മറ്റ് പാശ്ചാത്യരാജ്യങ്ങളുമായി സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിനു പേരുകേട്ട തുറമുഖമായിരുന്നു ഉള്ളാൽ. പ്രാദേശികമായ ചെറുത്തു നില്പുകാരണം ആ പ്രദേശം കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല.
ചൗത രാജാവായ തിരുമല രായ മൂന്നാമന്റെ തലസ്ഥാനമായിരുന്നു ഉള്ളാൽ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗുജറാത്തിൽ നിന്ന് തുളുനാട്ടിലേക്ക് ആദ്യം കുടിയേറിയ ജൈന രാജാക്കന്മാരായിരുന്നു ചൗതന്മാർ. ഇന്നത്തെ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ല, ഉഡുപ്പി, കേരളത്തിലെ കാസർഗോഡ് ജില്ല എന്നിവ ഉൾപ്പെടുന്ന ഒരു പ്രവിശ്യയായിരുന്നു തുളുനാട്. തായ്വഴി സമ്പ്രദായം പിന്തുടർന്നു വന്ന ഒരു രാജവംശമായിരുന്നു ചൗത രാജവംശം. അബ്ബക്കയുടെ അമ്മാവനായിരുന്ന തിരുമാല രായൻ അബ്ബക്കയെ അടുത്ത കിരീടാവകാശിയായി വാഴിക്കുകയും യുദ്ധതന്ത്രങ്ങളും, രാഷ്ട്രതന്ത്രവും അബ്ബക്കയെ പരിശീലിപ്പിക്കുകയും ചെയ്തു. തീരത്ത് പോർച്ചുഗീസ് സാന്നിധ്യം ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് അവൾക്ക് നല്ല ധാരണയുണ്ടായിരുന്നു, മാത്രമല്ല തനിക്കുള്ളതെല്ലാം ഉപയോഗിച്ച് ചെറുക്കാൻ അവൾ തീരുമാനിച്ചു. മരിക്കുന്നതിന് മുമ്പ് തിരുമല രായ മൂന്നാമൻ മംഗലാപുരം ഭരണാധികാരിയായ ലക്ഷ്മപ്പ ബംഗരാജനുമായി അബ്ബാക്കയ്ക്ക് തന്ത്രപരമായ വിവാഹ സഖ്യം ഏർപ്പെടുത്തിയിരുന്നു. ശക്തമായ ഈ രണ്ടു രാജവംശങ്ങൾ തമ്മിലുള്ള ഈ ബന്ധം പോർച്ചുഗീസുകാരെ വല്ലാതെ നിരാശരാക്കി. ഉള്ളാലിന്റെ ഭരണാധികാരി എന്ന നിലയിൽ, റാണി അബ്ബക്ക വിവാഹത്തിനുശേഷവും സ്വന്തം വീട്ടിൽ താമസിച്ചു, ഈ ദമ്പതികളുടെ മൂന്ന് മക്കളും അവർക്കൊപ്പം താമസിച്ചു. എന്നാൽ പിന്നീട്, ബംഗരാജ പോർച്ചുഗീസുകാരുമായി വിട്ടുവീഴ്ച ചെയ്തതോടെ ഇവരുടെ വിവാഹ ബന്ധം തകർന്നു.
ഉള്ളാലിന്റെ വ്യാപാരത്തിൽ നോട്ടമുള്ള പോർച്ചുഗീസുകാർ അബ്ബക്ക റാണിയോട് കപ്പം നൽകണം എന്നാവശ്യപ്പെട്ടെങ്കിലും, റാണി അത് നിരസിച്ചു. പോർച്ചുഗീസുകാരുടെ ആക്രമണങ്ങൾക്കിടയിലും അവളുടെ കപ്പലുകൾ അറബികളുമായി വ്യാപാരം തുടർന്നു. വളരെ നിസ്സാരമായി ഉള്ളാൽ കീഴടക്കാമെന്ന കരുതിയ പറങ്കിപ്പടക്ക് ആദ്യത്തെ അക്രമണത്തിൽ തന്നെ വലിയ തിരിച്ചടി റാണിയുടെ പട്ടാളത്തിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഹിന്ദു മുസ്ലിം വിഭാഗത്തിൽ പെട്ട കരുത്തരായ പോരാളികളായിരുന്നു റാണിയുടെ പടയുടെ കരുത്ത്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ട പറങ്കി പടയുടെ സൈനിക മേധാവി അഡ്മിറൽ ഡോൺ അൽവറോ ഡേ സിൽവേരിയ രണ്ട് വർഷത്തിന് ശേഷം വലിയ സൈനിക സന്നാഹങ്ങളോടെ വീണ്ടും ആക്രമിച്ചു. ഇത്തവണ വളരെ ശക്തമായ പട്ടാളമായിരുന്നു പോർച്ചുഗീസ് ഭാഗത്ത് പക്ഷേ അറബ് മൂർസുകളുടേയും കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെ അവരെ റാണി അബ്ബക്കാ പരാജയപ്പെടുത്തി. ഈ പരാജയങ്ങൾക്ക് എല്ലാം ശേഷം ജനറൽ പെയ്‌ക്സോട്ടോയുടെ നേതൃത്വത്തിൽ പുതിയ പട്ടാളം റാണിയുടെ കൊട്ടാരം രഹസ്യ ആക്രമണത്തിലൂടെ കീഴടക്കി. എന്നാൽ ആക്രമണം മുൻകൂട്ടി അറിഞ്ഞ റാണി അവർക്ക് പിടികൊടുക്കാതെ അവിടെനിന്നും രക്ഷപ്പെട്ടു. അന്ന് രാത്രി തന്നെ തന്റെ ഏറ്റവും ശ്രേഷ്ഠമായ 200 സൈനികരേയും കൊണ്ട് റാണി പോർച്ചുഗൽ സൈനികരെ തിരിച്ചടിച്ച് ജനറലിനെ വകവരുത്തി.
നിരന്തര യുദ്ധം കൊണ്ട് റാണിയെ ജയിക്കാനാവില്ലെന്ന് കണ്ടെത്തിയ പോർച്ചുഗീസുകാർ റാണിയുടെ മുൻ ഭർത്താവിനെ ഉയർന്ന പാരിതോഷികം നൽകി വശത്താക്കി. ഇവരിലൂടെ റാണിയുടെ യുദ്ധതന്ത്രങ്ങൾ മനസ്സിലാക്കിയ അവർ പിന്നീടുള്ള യുദ്ധത്തിൽ റാണിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ബീജാപ്പൂർ സുൽത്താൻ്റെയും കോഴിക്കോട് സാമൂതിരിയുടെയും അകമഴിഞ്ഞ സഹായം റാണിക്ക് ഉണ്ടായിരുന്നു എങ്കിലും സ്വന്തം ഭർത്താവിൻ്റെ ചതി റാണിയെ തളർത്തി. മാത്രമല്ല യുദ്ധ തന്ത്രങ്ങൾ പലതും പറങ്കി പട്ടാളം മനസിലാക്കുകയും ചെയ്തു. പോർച്ചുഗീസ് പട്ടാളത്തിൻ്റെ പിടിയിൽ അകപ്പെട്ട റാണിയെ അവർ വൈകാതെ തന്നെ വധിക്കുകയും ചെയ്തു.