അഞ്ചല്‍ സംവിധാനം
- admin trycle
- Mar 10, 2020
- 0 comment(s)
അഞ്ചല്‍ സംവിധാനം
സാങ്കേതിക വിദ്യയുടെ വളർച്ചയോടെ പ്രതാപം മങ്ങിയ പോസ്റ്റല്‍ സംവിധാനം ഒരുകാലത്ത് നമ്മുടെ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ശക്തമായ സ്വാധീനമാണ് ചെലുത്തിയിരുന്നത്. ലോകത്തിലെ ആദ്യത്തെ തപാല്‍ സമ്പ്രദായം ഏകദേശം 3400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈജിപ്തില്‍ തുടക്കം കുറിക്കപ്പെട്ടതായി കണക്കാക്കുന്നു. കളിമണ്ണ് കുഴച്ച് പരത്തിയുണ്ടാക്കുന്ന പലകകളില്‍ സന്ദേശങ്ങളെഴുതി ഉണക്കിയെടുക്കുകയും അത് സന്ദേശവാഹകര്‍ വഴി ദൂരദേശങ്ങളിലെത്തിക്കുകയായിരുന്നു അന്നത്തെ രീതി. രാജാക്കന്മാരുടെതുപോലെ സാധാരണ ജനങ്ങളുടെയും കത്തുകള്‍ ദൂരസ്ഥലങ്ങളിലെത്തിക്കാനുള്ള സംവിധാനം ലോകത്താദ്യമായി നടപ്പാക്കിയത് റോമിലാണെന്ന് കണക്കാക്കുന്നു. ഇത്തരത്തിൽ വിവിധ നാടുകളിൽ സന്ദേശങ്ങൾ കൈമാറുന്നതിന് വിവിധ രീതികൾ നിലനിൽക്കുകയും ഇവ കാലാകാലങ്ങളിൽ പരിഷ്‌ക്കരിക്കപ്പെടുകയും ചെയ്തു.
തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിലവിൽനിന്നിരുന്ന പഴയകാല തപാൽ സമ്പ്രദായമായിരുന്നു അഞ്ചല്‍ സംവിധാനം. ബ്രിട്ടീഷ്കാരുടെ തപാല്‍ സമ്പ്രദായത്തെ അനുകരിച്ച് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആണ് ഇതിന് തുടക്കമിട്ടത്. എന്ന് മുതലാണ് ഈ രീതി നിലവില്‍ വന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും 1750-നു ശേഷമാണ് ഇത് നടപ്പാക്കിയത് എന്ന് കരുതപ്പെടുന്നു. 1784-ല്‍ രാമവര്‍മ്മ മഹാരാജാവ് ആ കാലത്ത് നിലവിലിരുന്ന തപാല്‍ സമ്പ്രദായം പരിഷ്ക്കരിക്കുകയുണ്ടായതായി എന്ന് ശങ്കുണ്ണിമോനോന്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. റൊണാള്‍ഡ് ഹില്ലിന്റെ തപാല്‍ പരിഷ്ക്കരണങ്ങള്‍ക്കും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തിരുവിതാംകൂറില്‍ അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റ് രൂപമെടുത്തത്. 1791-ലാണ് കൊച്ചിയില്‍ അഞ്ചല്‍ സംവിധാനം നടപ്പാക്കിയത്. തിരുവിതാംകൂറിനെ അനുകരിച്ചായിരുന്നു ഇത്.
കേണല്‍ ജോണ്‍ മണ്‍റോയാണ് തിരുവിതാംകൂറില്‍ അഞ്ചല്‍ സംവിധാനം നടപ്പാക്കിയത് എന്ന് പറയപ്പെടുന്നു. കൊട്ടാരസംബന്ധമായ കത്തിടപാടുകൾക്കും ക്ഷേത്രത്തിലേക്കാവശ്യമായ പുഷ്പങ്ങളും, പച്ചക്കറികളും, യഥാസമയം എത്തിക്കുന്നതിനും ദിവാന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണ് ആദ്യകാലത്ത് അഞ്ചല്‍ സമ്പ്രദായം നിലവിലിരുന്നത്. ഇതിന്‍റെ നടത്തിപ്പുകാരനെ അഞ്ചലോട്ടക്കാരന്‍ എന്നാണ് വിളിച്ചിരുന്നത്. കൊട്ടാരാവശ്യങ്ങള്‍ക്ക് മാത്രമല്ലാതെ നാട്ടുകാര്‍ക്കും കൂടി ഉപയോഗപ്രദമാകുന്ന തരത്തില്‍ കത്തുകള്‍ വിതരണം ചെയ്യാന്‍ അഞ്ചല്‍പെട്ടികള്‍ ഉപയോഗിച്ചു തുടങ്ങിയത് 1860-കളിലാണ്. കാസ്റ്റ് അയണിലാണ് അഞ്ചല്‍പെട്ടികള്‍ നിര്‍മ്മിക്കുന്നത്. ഈ പെട്ടികള്‍ക്ക് 6 മുഖങ്ങളാണുള്ളത്. ഏതാണ്ട് മൂന്നരയടി ഉയരവും 54 ഇഞ്ച് ചുറ്റളവും ഉണ്ട്. കൊല്ലം പോസ്റ്റല്‍ ഡിവിഷണല്‍ സൂപ്രണ്ടാഫീസില്‍ രണ്ട് അഞ്ചല്‍പെട്ടികള്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. കായംകുളം കൃഷ്ണപുരം കൊട്ടാരത്തിന്‍റെയും മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് അഞ്ചല്‍പെട്ടി. ഇവയുടെ പരിഷ്കരിക്കപ്പെട്ട രൂപമാണ് ഇന്ന് കാണുന്ന ചുവപ്പുനിറത്തിലുള്ള പോസ്റ്റ് പെട്ടികള്‍.
1862-63-ല്‍ അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റ് ബ്രാഞ്ച് ഓഫീസുകള്‍ തുറക്കുകയും 1865-66-ല്‍ തപാല്‍ ഉരുപ്പടികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. പോസ്റ്റോഫീസിനെ അനുകരിച്ചുള്ള അഞ്ചല്‍ പരിഷ്കാരം വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ആരംഭിച്ചത്. 1881-82-ല്‍ പുതിയ തപാല്‍ നിയമം നിലവില്‍ വന്നു. 1888-89 കളില്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത് അഞ്ചല്‍ സ്റ്റാമ്പുകളും, കാര്‍ഡുകളും നിലവില്‍ വന്നു. ആ വര്‍ഷം തന്നെ അഞ്ചല്‍ റഗുലേഷന്‍ പാസ്സായി. അരചക്രം കാര്‍ഡും, ഒരു ചക്രം, രണ്ടു ചക്രം, നാലു ചക്രം സ്റ്റാമ്പുകളുമാണ് ആദ്യമായി മുദ്രണം ചെയ്യപ്പെട്ട അഞ്ചലുരുപ്പടികള്‍. 1901-1902-ല്‍ മണിയോര്‍ഡര്‍ സമ്പ്രദായം പ്രാവര്‍ത്തികമായി. 1903-1904 കാലത്ത് 150 അഞ്ചലാഫീസുകളും 179 എഴുത്തുപെട്ടികളും സ്ഥാപിച്ചു.
തപാല്‍ ഉരുപ്പടികളുള്ള തോല്‍സഞ്ചിയുമായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓടിയെത്തിയിരുന്നവരാണ് അഞ്ചലോട്ടക്കാരന്‍. അഞ്ചല്‍ക്കാരന്‍, അഞ്ചല്‍ ശിപായി, അഞ്ചല്‍ പിള്ള എന്നിങ്ങനെയും അവരെ വിളിച്ചിരുന്നു. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായിട്ടാണ് ഇവർ യാത്ര ചെയ്തിരുന്നത്. കാലകാലങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നെങ്കിലും തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖുമുദ്ര പതിപ്പിച്ച കുന്തവും (അതില്‍ ഒരു മണിയും കൂടി കെട്ടും), മണികെട്ടിയ അരപ്പട്ടയും അഞ്ചലോട്ടക്കാരന്റെ വേഷവിധാനത്തിന്റെ പ്രധാന ഭാഗമായിരുന്നു. കാക്കി നിക്കറും ഉടുപ്പും തലയില്‍ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു ഇവരുടെ വേഷം. അഞ്ചലോട്ടക്കാരന്‍ ദിവസവും 8 മൈല്‍ ഓടണമെന്നാണ് ഉത്തരവ്. അഞ്ചലോട്ടക്കാരന്‍ ഓടി വരുമ്പോഴുള്ള മണികിലുക്ക ശബ്ദം കേട്ട് വഴി ഒതുങ്ങികൊടുക്കണമെന്ന് നിയമമുണ്ടായിരുന്നു. അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടാനെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നത്.
1951-ല്‍ അഞ്ചല്‍ ഓഫീസിനെ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലയിപ്പിച്ചു. അതോടെ സംസ്ഥാന സര്‍വ്വീസിലുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റല്‍ വകുപ്പില്‍ ഉദ്യോഗസ്ഥരായി മാറി.