Please login to post comment

അറയ്ക്കല്‍ കൊട്ടാരം

  • admin trycle
  • Feb 23, 2020
  • 0 comment(s)

അറയ്ക്കല്‍ കൊട്ടാരം

 

കേരളം ഭരിച്ചിരുന്ന ഏക മുസ്ലീം രാജവംശമായിരുന്നു അറയ്ക്കല്‍. അധികാരത്തിന്‍റെയും പ്രതാപത്തിന്‍റെയും ആസ്ഥാനമായിരുന്ന അറയ്ക്കല്‍ കൊട്ടാരം കണ്ണൂര്‍ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി ആയിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. 1545-ലാണ് അറയ്ക്കല്‍ രാജവംശം സ്ഥാപിക്കപ്പെട്ടത് എന്നാണ് പൊതുവെയുള്ള നിഗമനം. 1819 വരെ ഭരണം നടത്തിയിരുന്ന ഈ രാജവംശത്തിന് കീഴിലുണ്ടായിരുന്ന പ്രദേശങ്ങള്‍ കണ്ണൂരും ലക്ഷദ്വീപുമാണ്.  മരുമക്കത്തായ സമ്പ്രദായമാണ് ഇവര്‍ പിന്തുടര്‍ന്ന് പോന്നത്. അധികാരി സ്ത്രീയാണെങ്കില്‍ അറയ്ക്കല്‍ ബീവി എന്നും പുരുഷനാണെങ്കില്‍ അലി രാജ എന്നുമുള്ള സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കണ്ണൂര്‍ നഗരത്തിന്റെ ആധിപത്യവും വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തകയും ഏറെക്കാലം അറയ്ക്കല്‍ കുടുംബക്കാര്‍ക്കായിരുന്നു. 

 

അറയ്ക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദ് അലി എന്നു പേരുള്ള ഒരു രാജാവായിരുന്നു. മലബാർ മാനുവലിൽ ഡബ്ലിയു. ലോഗൻ അറയ്ക്കൽ ഭരണാധിപന്മാരുടെ അതുവരെയുള്ള ഒരു പട്ടിക കൊടുത്തിട്ടുണ്ട്. മുഹമ്മദ് അലി, ഉസ്സാൻ അലി, അലിമൂസ, കുഞ്ഞിമൂസ എന്നിവരായിരുന്നു ആദ്യ രാജാക്കന്മാർ. കണ്ണൂരിൽ കോട്ടകൊത്തളങ്ങൾ പണിയുകയും പ്രാർഥനാലയങ്ങൾ നിർമ്മിക്കുകയും ചെയ്ത ഇവർ കണ്ണൂരിനെ ഒരു പ്രധാന തുറമുഖപട്ടണമാക്കാൻ ശ്രമിച്ചു. ഇതിന്റെ ഫലമായി മധ്യകാല കേരളത്തിലെ വ്യാവസായിക-രാഷ്ട്രീയ മേഖലകളിൽ കണ്ണൂരിനും അറയ്ക്കൽ രാജവംശത്തിനും ശക്തമായ സ്ഥാനം ലഭിക്കുകയും ചെയ്തു. കണ്ണൂരിന്റെ അഭിവൃദ്ധി ഈജിപ്ത്, ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരസമ്പർക്കം കൊണ്ടായിരുന്നു. കുരുമുളക്, കാപ്പി, ഏലം, വെറ്റില, അടയ്ക്ക, മരത്തടികൾ, കയറുത്പന്നങ്ങൾ മുതലായവ കയറ്റി അയയ്ക്കുന്നതിൽ സുപ്രധാനമായ പങ്ക് കണ്ണൂർ പട്ടണം വഹിച്ചിട്ടുണ്ട്. വിദേശ കമ്പോളങ്ങൾ അങ്ങനെ കൈയടക്കുവാൻ സാധിച്ച അറയ്ക്കൽ സ്വരൂപത്തിനു മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുസ്ലിം കച്ചവടക്കാരെയും നാവികരെയും കണ്ണൂരിലേക്കാകർഷിക്കുവാൻ കഴിഞ്ഞു. കടൽവ്യാപാരവും നാവികബലവും ഉണ്ടായിരുന്നതിനാലായിരിക്കണം അറയ്ക്കൽ രാജാക്കന്മാരെ ആഴിരാജാക്കൾ എന്നു വിളിച്ചുപോന്നിരുന്നത്.

 

അറയ്ക്കല്‍ രാജവംശം ഇപ്പോഴും മരുമക്കത്തായ സമ്പ്രദായമാണ് ആചരിക്കുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ അംഗത്തെ, അത് സ്ത്രീ ആയാലും പുരുഷനായാലും, കുടുംബത്തിന്റെ നായകത്വം ഏല്‍പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അറയ്ക്കല്‍ രാജവംശത്തില്‍ പല കാലങ്ങളിലും സ്ത്രീകളുടെ നേതൃത്വവും ഭരണവും ഉണ്ടായിട്ടുണ്ട്. ഏറ്റവും മൂത്ത അംഗം സ്ത്രീയാണെങ്കില്‍ അവര്‍ രാജ്യഭാരം ഏറ്റെടുക്കുകയായിരുന്നു പതിവ്. അവരെ വലിയ ബീവി എന്നു വിശേഷിപ്പിച്ചു.  അറയ്ക്കല്‍ കുടുംബക്കാര്‍ സ്ത്രീപുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചു. പടയോട്ട കാലം മുതല്‍ ബീവിമാര്‍ മാറിമാറി ഭരിച്ചിരുന്നു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപത്തിനു ചുറ്റും വട്ടമിട്ടു പറന്ന കാലത്തിലും അവിടം ഭരിച്ചത് ഭരിച്ചത് പെണ്‍ഭരണാധികാരികളാണ്. യുദ്ധവും സന്ധിയും വ്യാപാരവും അന്താരാഷ്ട്ര വിനിമയവുമെല്ലാം സുല്‍ത്താനമാരുടെ കയ്യില്‍ ഭദ്രമായിരുന്നു. പേര്‍ഷ്യയും ഹിന്ദുസ്ഥാനിയുമടക്കം നിരവധി ഭാഷകളറിയുന്നവരായിരുന്നു പല ബീവിമാരും. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും ചെറുത്തുനില്‍പ് നടത്തി നാല് പതിറ്റാണ്ടോളമാണ് അന്നത്തെ സുല്‍ത്താന ജുനൂമ്മബി അറക്കല്‍ രാജവംശത്തിന്റെ തലപ്പത്ത് നിന്നത്. 1793ല്‍ കണ്ണൂര്‍ കോട്ട വളഞ്ഞപ്പോള്‍ അന്നത്തെ സുല്‍ത്താന ജുനൂമ്മാബി കോട്ടയില്‍ തടവിലാക്കപ്പെട്ടു. ഇരുത്തിരണ്ടാം കിരീടവകാശി ജുനൂമ്മാബി, 42 വര്‍ഷവും, ഇരുപത്തിനാലാം കിരീടാവകാശി മറിയംബി 19 വര്‍ഷവുമാണ് അധികാരത്തിലിരുന്നത്. വാണിജ്യ, സൈനിക കാര്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചവരായിരുന്നു ഇവര്‍. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറുമ്പോള്‍ പോലും അറക്കല്‍ രാജവംശം ബീവിമാരുടെ കൈകളിലായിരുന്നു.

 

അറയ്ക്കല്‍ കെട്ട് എന്ന് പൊതുവെ അറിയപ്പെടുന്ന അറയ്ക്കൽ കൊട്ടാരം കണ്ണൂരിലെ പ്രസിദ്ധമായ മാപ്പിളബേയ്ക്ക്(mappila bay) സമീപമാണ്.  ഒരു കാലത്ത് രാജാക്കന്മാരും പ്രഭുക്കളും സമ്മേളിച്ചിരുന്ന കൊട്ടാരത്തിലെ ഡര്‍ബാര്‍ ഹാള്‍ ഇന്ന് അറയ്ക്കല്‍ കുടുംബ ട്രസ്റ്റിന്റെ അധീനതയിലുള്ള മ്യൂസിയമാണ്. മരത്തിലും ചെങ്കല്ലിലും തീര്‍ത്ത കേരളീയവും ആംഗലേയവുമായ ശൈലിയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഇന്ന്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ സഞ്ചരിക്കുന്ന മ്യൂസിയം കൂടിയാണ്. ദീര്‍ഘചതുരാകൃതിയിലുള്ള ഈ കൊട്ടാരത്തിന്‍റെ താഴത്തെ നില രാജകുടുംബത്തിന്‍റെ കാര്യാലയമായും മുകളിലത്തേത് ദര്‍ബാര്‍ ഹാളായുമാണ് ഉപയോഗിച്ചിരുന്നത്. പരസ്പരം ബന്ധിപ്പിച്ചുള്ള വലിയ കെട്ടിടങ്ങളുടെ നടുവിലായുള്ള മുറ്റം പ്രാര്‍ത്ഥന(നമസ്)യ്ക്കായി ഉപയോഗിച്ചിരുന്നതാണ്. ഇവിടെ നാലു പ്രാര്‍ത്ഥനാലയങ്ങളുണ്ട്. തദ്ദേശീയമായ തച്ചുശാസ്ത്രവിധിപ്രകാരം നിര്‍മ്മിച്ച ഈ കൊട്ടാരത്തിന്‍റെ തറകള്‍ മരംകൊണ്ട് നിര്‍മ്മിച്ചവയാണ്. പണ്ടുകാലത്ത് രാജകുടുംബത്തിനുണ്ടായിരുന്ന സമുദ്രവാണിജ്യബന്ധത്തെ കുറിക്കുന്ന പല വസ്തുക്കളും ഇന്ന് ഈ കൊട്ടാരത്തിനകത്തെ മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളാണ്. 

 

മുകളിലത്തെ നിലയില്‍ വലിയ ഹാളുകളാണുള്ളത്. ഇവിടത്തെ തറ മരം കൊണ്ടുള്ളതാണ്. ഇരട്ട കതകുകള്‍ ഉള്ള ജനാലകളില്‍ ചുവപ്പും നീലയും നിറങ്ങളിലുള്ള ചില്ലുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ വെളിച്ചം അകത്തേക്കു കടക്കുമ്പോള്‍ മനോഹരമായ വര്‍ണ്ണരാജി സൃഷ്ടിക്കപ്പെടുന്നു. മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കള്‍ പുരാതന കാലത്ത് അറയ്ക്കല്‍ രാജകുടുംബത്തിന് ഉണ്ടായിരുന്ന സമുദ്ര വ്യാപാര ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. അതുപോലെ സുഗന്ധവ്യഞ്ജനങ്ങളുടെ കുത്തക ഒരിക്കല്‍ കൈയ്യാളിയിരുന്നതിന്റെയും സൂചനകള്‍ ഇവിടെ കാണുവാന്‍ കഴിയും. കൊളോണിയല്‍ വാഴ്ചക്കാലത്തെ യൂറോപ്യന്‍ ബന്ധത്തിന്റെ സൂചനകളും പ്രദര്‍ശന വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുവാനുള്ള പത്തായം, ആധാരപ്പെട്ടി, ആദികാലത്തെ ടെലഫോണ്‍, വാളുകള്‍, കഠാരകള്‍, ദൂരദര്‍ശിനി, ഖുറാന്റെ പതിപ്പുകള്‍ എന്നിവയും ഇക്കൂട്ടത്തില്‍പ്പെടും.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...