മണി രത്നം
- admin trycle
- Jul 9, 2020
- 0 comment(s)

മണി രത്നം
എല്ലാകാലത്തും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് മണി രത്നം. സിനിമ നിർമ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രശസ്തനാണ്. തമിഴ്, ഹിന്ദി ഭാഷകളിലെ ജനപ്രിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണി രത്നം തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1994 ൽ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. 2002 ൽ ഭാരത സർക്കാർ പത്മശ്രീ ബഹുമതി നൽകി മണിരത്നത്തെ ആദരിച്ചു.
1956 ജൂൺ 2 ന് തമിഴ്നാട്ടിലെ മധുരയിലാണ് മണിരത്നം ജനിച്ചത്. ചലച്ചിത്ര നിർമ്മാതാവ് രത്‌നം അയ്യറുടെ മകനായ മണി രത്നത്തിന്റെ യഥാർത്ഥ നാമം ഗോപാല രത്നം സുബ്രഹ്മണ്യം എന്നാണ്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും ജംനാലാൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം.ബി.എ (MBA) ബിരുദവും നേടിയ ശേഷമാണ് മണി രത്നം സിനിമാരംഗത്തേക്ക് എത്തുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ സുഹാസിനിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമയായ 'പല്ലവി അനു പല്ലവി' 1983 ൽ പുറത്തിറങ്ങി. 1986 ൽ പുറത്തിറങ്ങിയ 'മൗന രാഗ'ത്തിന്റെ വിജയം അദ്ദേഹത്തെ തമിഴ് ഭാഷാ സിനിമയിലെ കഴിവുള്ള സംവിധായകനാക്കി മാറ്റി.
ഛായാഗ്രഹണത്തിലെ പരീക്ഷണം, നിറത്തിന്റെയും ലൈറ്റിംഗിന്റെയും ഉപയോഗം, ക്യാമറ ചലനം എന്നീ മേഖലകളിലെ പുത്തൻ പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ സിനിമകൾ സവിശേഷതയുള്ളവയാക്കി. ഛായാഗ്രഹണം, എഡിറ്റിംഗ്, സീനുകള്‍ എന്നിവയിലെല്ലാം പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ള മണിരത്നം സിനിമകളിൽ സോഫ്റ്റ്-ഫോക്കസ് ഷോട്ടുകൾ, ഫ്ലെയർ ഫിൽട്ടറുകൾ, ബാക്ക്ലിസ്റ്റ് സീക്വൻസുകൾ എന്നിവ കൃത്യമായി ഉപയോഗപ്പെടുത്തുന്നത് കാണാൻ കഴിയും. മനോഹരമായ സംഗീതമാണ് മണി രത്നം സിനിമകളിലെ മറ്റൊരു പ്രത്യേകത. ആദ്യകാല മണിരത്നം സിനിമകൾക്ക് ഇളയരാജയും പിന്നീടുള്ള സിനിമകൾക്ക് എ.ആർ.റഹ്മാനുമാണ് സംഗീതം നൽകിയിട്ടുള്ളത്. തന്റെ ഇരുവർ എന്ന സിനിമയുടെ നിർമ്മാണ സമയത്ത് അദ്ദേഹം സ്വന്തമായി മദ്രാസ് ടാക്കീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനി സ്ഥാപിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമകൾ ഇതിന്റെ കീഴിലാണ് നിർമ്മിച്ചത്.
മണി രത്‌നത്തിന്റെ സിനിമയുടെ വ്യാകരണം എപ്പോഴും പുതുമയായിരുന്നു. രണ്ടു പ്രായത്തിലുള്ളവരുടെ ബന്ധം വിഷയമായ 'പല്ലവി അനുപല്ലവി', കശ്മീര്‍ വിഷയമായ 'റോജ', സമൂഹത്തിലെ യുവാക്കളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള 'യുവ', നിരവധിപേരെ ആകര്‍ഷിച്ച 'ഗുരു' തുടങ്ങി ലിവിംഗ് ടുഗെദര്‍ ചര്‍ച്ച ചെയ്യുന്ന 'ഓകെ കണ്‍മണി' വരെ ഈ പുതുമ നമുക്ക് കാണുവാൻ സാധിക്കും. ഇന്ത്യയിലെ മഹാ നഗരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അരാജകത്വവും സമാന്തര നീതിപാലനവും അതിശക്തമായി അവതരിപ്പിക്കപ്പെട്ട ‘നായകനാ’ണ് (1987) മണിരത്നത്തെ ജീനിയസ് തലത്തിലേക്ക് ഉയര്‍ത്തിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച 100 സിനിമകളുടെ പട്ടിക ടൈം മാഗസിൻ പുറത്തിറക്കിയപ്പോൾ അതിൽ ‘നായകൻ’ ഉൾപ്പെട്ടിരുന്നു. 1990-ൽ ഇറങ്ങിയ ‘അഞ്ജലി’ ജന്മനാ ബുദ്ധി വളര്‍ച്ച ഇല്ലാത്ത കുട്ടി പിറക്കുന്നതിനെ തുടര്‍ന്ന് ഒരു ദാമ്പത്യത്തിൽ ഉണ്ടാകുന്ന വൈകാരിക സംഘര്‍ഷങ്ങളാണ് പങ്കുവെച്ചത്. സിനിമ ദേശീയ അവാര്‍ഡ് നേടുകയും ആ വർഷത്തെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1990 മുതൽ മണി രത്‌നത്തിന്റെ സിനിമകൾ രാഷ്ട്രീയ പ്രശ്‌നങ്ങൾ പ്രമേയമാക്കി. 'റോജ' (1992) കശ്മീരിലെ ഭീകരത കൈകാര്യം ചെയ്തപ്പോൾ ബാബറി മസ്ജിദ് (“ബാബർ പള്ളി”) പൊളിച്ചുമാറ്റിയതിനെത്തുടർന്നുള്ള വിഭാഗീയ കലാപങ്ങളെ 'ബോംബെ' (1995) ചിത്രീകരിച്ചു. ദ്രാവിഡ രാഷ്ട്രീയത്തെ പ്രമേയമാക്കിയ ‘ഇരുവർ’(1997) നേതൃത്വ മാറ്റവും ദ്രാവിഡ കക്ഷിയുടെ പിളർപ്പുമെല്ലാം സമര്‍ത്ഥമായി അവതരിപ്പിച്ചു. മണിരത്നത്തിന്റെ ആദ്യത്തെ ഹിന്ദി ഭാഷാ സിനിമയായ 'ദിൽ സെ' (1998)യിൽ ഒരു റേഡിയോ റിപ്പോർട്ടർ ചാവേർ ബോംബറായി പരിശീലനം നേടിയ ഒരു സ്ത്രീയെ പ്രണയിക്കുന്നതാണ് പ്രമേയം. മുഴുനീള റൊമാന്റിക് സ്വഭാവം പുലര്‍ത്തിയ ‘അലൈ പായുതേ’യിൽ (2000) പ്രണയത്തിനിടയിലൂടെ സമൂഹത്തിലെ വിവിധ തട്ടിലുള്ളവർ തമ്മിലുള്ള ഇഗോ സംഘട്ടനവും അവതരിപ്പിക്കുന്നു. ഹിന്ദി സിനിമയായ 'രാവണും' (2010) അതിന്റെ തമിഴ് പതിപ്പായ 'രാവണനും' രാമായണത്തിന്റെ സമകാലിക പതിപ്പുകളായിരുന്നു. 'ഓക്കേ കണ്മണി' (2015), 'ചെക്ക ചിവന്ത വാനം' (2018) എന്നിവയാണ് അവസാനം പുറത്തിറങ്ങിയ മണിരത്നം സിനിമകൾ.