ബാബ ആംതെ
- admin trycle
- Jun 21, 2020
- 0 comment(s)

ബാബ ആംതെ
ആധുനിക ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തിയാണ് ബാബ ആംതെ. കുഷ്ഠരോഗബാധിതര്‍, വികലാംഗര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ള ദരിദ്രര്‍ എന്നിവരുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സാമൂഹികപ്രവര്‍ത്തകനാണ് ബാബ ആംതെ. മുരളീധര്‍ വേവീദാസ് ആംതെ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ത പേര്.
മഹാരാഷ്ട്രയിലെ വറോറയിൽ 1914-ലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ദേവീദാസ് ആംതെ എന്ന യാഥാസ്ഥിതിക ബ്രാഹ്മണനായിരുന്നു പിതാവ്. മാതാവ് ലക്ഷ്മിഭായി. സമ്പന്നമായ ജമീന്ദാര്‍ കുടുംബത്തില്‍ ജനിച്ച ആംതെ സ്കൂള്‍ വിദ്യാഭ്യാസം ഹിംഗനാ ഘട്ടിലെ രാമകൃഷ്ണ മിഷന്‍ സ്കൂളില്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് നാഗ്പൂരില്‍ നിന്നും ഡിഗ്രിയും വാര്‍ധ ലോകോളേജില്‍ നിന്നും നിയമപഠനവും പൂര്‍ത്തിയാക്കിയ ശേഷം പ്രാക്ടീസ് തുടങ്ങി. എന്നാല്‍, ചുറ്റുപാടുമുള്ള മനുഷ്യരുടെ നിരാലംബത അദ്ദേഹത്തെ പിടിച്ചുലയ്ക്കുകയും സമൂഹത്തിലെ താഴേക്കിടയിലുള്ള ജനങ്ങളെ സേവിക്കുന്നതിനായി തന്‍റെ ജീവിതം അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. കുഷ്ഠരോഗികള്‍ നേരിടുന്ന ദുരിതവും അവഗണനയും തിരിച്ചറിഞ്ഞ അദ്ദേഹം ആഡംബരജീവിതം ഉപേക്ഷിച്ച് കുഷ്ഠരോഗികള്‍ക്കായി ആശുപത്രികളും ആശ്രമങ്ങളും പണിതു.
കുഷ്ഠരോഗികളെ സ്വയംപര്യാപ്തമാക്കാനും , അവരെ പുനരധിവസിപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു. 1949 ആഗസ്റ്റ് 15-ന് അദ്ദേഹം ആനന്ദ്വാനില്‍ ഒരു ആശുപത്രിയും 1973-ല്‍ മാഡിയഗോണ്ട് ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ലോക് ബിരാദ്രി പ്രകൽപ് എന്ന സ്ഥാപനവും സ്ഥാപിച്ചു. ആംതെ സ്ഥാപിച്ച ‘ആനന്ദവന്‍’ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവര്‍ത്തക്ക് മാതൃകയും പ്രചോദനവുമാണ്. ‘വിദര്‍ഗ’ എന്ന സ്ഥലത്ത് ‘ആനന്ദവന്‍’ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് കുഷ്ഠരോഗികളെ പാര്‍പ്പിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കര്‍ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളര്‍ന്നിട്ടുണ്ട്.
മഹാത്മാഗാന്ധിയുടെ വാക്കുകളും തത്ത്വചിന്തയും സ്വാധീനിച്ച അദ്ദേഹം നിയമപരിശീലനം ഉപേക്ഷിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1942-ലെ ക്വിറ്റ് ഇന്ത്യാപ്രക്ഷോഭവും സ്വാതന്ത്ര്യസമരവും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. ഗാന്ധിയന്‍ ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്ന അദ്ദേഹം വളരെ ലളിതമായ ജീവിതം നയിച്ചു. സേവാഗ്രാം ആശ്രമസന്ദര്‍ശനത്തോടെ ഉപയോഗിക്കാന്‍ തുടങ്ങിയ ഖാദി അദ്ദേഹം ആജീവനാന്തകാലം ഉപയോഗിച്ചു. അദ്ദേഹത്തിന്‍റെ ജീവിതലക്ഷ്യത്തെക്കുറിച്ച് അറിഞ്ഞ ഗാന്ധി നിര്‍ഭയനായ അന്വേഷകന്‍ എന്നര്‍ത്ഥം വരുന്ന "അഭയ് സാധക്" എന്ന പേര് അദ്ദേഹത്തിന് നല്‍കി.
പാരിസ്ഥിതിക സന്തുലിതാവസ്ഥയെക്കുറിച്ചും വന്യജീവിസംരക്ഷണത്തെക്കുറിച്ചും അദ്ദേഹം അവബോധം സൃഷ്ടിച്ചിരുന്നു. നിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്‍റെ പ്രധാന പങ്കാളയായിരുന്നു അദ്ദേഹം. പിന്നീട് നര്‍മ്മദ സരോവര്‍ അണക്കെട്ട് ഒരു വിഭാഗം ജനങ്ങളെ അഭയാര്‍ത്ഥികളാക്കി മാറ്റുമെന്ന് കണ്ട ആംതെ നര്‍മ്മദാ ബചാവന്‍ ആന്ദോളന്‍റെ സജീവ പ്രവര്‍ത്തകനാവുകയായിരുന്നു. 1990 മുതലാണ് നര്‍മ്മദ പ്രശ്നത്തില്‍ സജീവ സാന്നിധ്യം അറിയിച്ചത്.
1971-ല്‍ പത്മശ്രീ അവാര്‍ഡും 1986-ല്‍ പത്മഭൂഷണും ഇന്ത്യാസര്‍ക്കാര്‍ അദ്ദേഹത്തിന് സമ്മാനിച്ചു. ഗാന്ധി സമാധാന പുരസ്കാരം, മാഗ്സസെ അവാര്‍ഡ്, ടെപ്ലടണ്‍ പുരസ്കാരം, ജംനാലാല്‍ ബജാജ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹത്തെ നാഗപൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 2008 ഫെബ്രുവരി 9-ന് അദ്ദേഹം അന്തരിച്ചു.