ടോം ആൻഡ് ജെറി
- admin trycle
- Jun 4, 2020
- 0 comment(s)
ടോം ആൻഡ് ജെറി
ടോമും ജെറിയും എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് വരുന്ന ഒരു കാർട്ടൂൺ ഉണ്ട്, വളരെ ബുദ്ധിമാനായ എലിയും ആ എലിയെ പിടിക്കുവാൻ പെടാപ്പാട് പെടുന്ന പൂച്ചയും. വർഷങ്ങളായി പരസ്പരം കൊണ്ടുംകൊടുത്തും അവരങ്ങനെ ഓടിനടക്കുന്നു. പുതിയ കാർട്ടൂൺ കഥാപാത്രങ്ങളും അനിമേഷനുകളും എത്രയൊക്കെ വന്നാലും കാർട്ടൂൺ രംഗത്തെ എവർഗ്രീൻ സൂപ്പർ സ്റ്റാറുകളായി ടോമും ജെറിയും തുടരുന്നു.
1940 ലാണ് ഈ രണ്ടു കഥാപാത്രങ്ങളെ ആദ്യമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഹോളിവുഡിലെ മെട്രോ ഗോൾഡ്‍വിൻ മേയർ (എം.ജി.എം.) കാർട്ടൂൺ സ്റ്റുഡിയോ ആയിരുന്നു ഇതിന്റെ നിർമ്മാതാക്കൾ. പുസ്‍ ഗെറ്റ്സ് ദ ബൂട്ട് എന്നായിരുന്നു ആദ്യ കാർട്ടൂണിന്റെ പേര്. എം.ജി.എമ്മിൽ ആനിമേറ്റർമാരായിരുന്ന വില്യം ഹന്നയും ജോസഫ് ബാർബറയുമാണ് ടോമിന്റെയും ജെറിയുടെയും സ്രഷ്ടാക്കൾ. എം.ജി.എം അക്കാലത്ത് പുറത്തിറക്കിയ ഒട്ടുമിക്ക കാർട്ടൂൺ ചിത്രങ്ങളും ബോക്സോഫീസിൽ പരാജയമായിരുന്നു. മിക്കി മൗസും പോർക്കി പിഗും പോലുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ അരങ്ങ് വാഴുന്ന കാലത്ത് പിടിച്ചുനിൽക്കാനായി പുതിയ കാർട്ടൂൺ കൊണ്ടുവരാൻ എം.ജി.എം. ഏൽപ്പിച്ചത് ഹന്നയെയും ബാർബറയെയും. ഒരു പൂച്ചയും എലിയും തമ്മിലുള്ള ഒരിക്കലും തീരാത്ത വഴക്കിന്റെയും ഇടയ്ക്കുള്ള ഇണക്കങ്ങളുടെയും കഥ അവർ കാർട്ടൂണാക്കി മാറ്റി. 1940 ൽ പുറത്തുവന്ന പുസ് ഗെറ്റ്സ് ദി ബൂട്ട് എന്ന ആദ്യ കാർട്ടൂൺ ചിത്രത്തിൽ ടോം, ജെറി എന്നീ പേരുകൾ ഉപയോഗിച്ചിരുന്നില്ല. പിന്നീടാണ് ഇവർ ടോമും ജെറിയുമായത്. വില്യം ഹന്നയും ജോസഫ് ബാർബറയും ചേർന്ന് എം.ജി.എം നിർമാണ കമ്പനിക്ക് വേണ്ടി നൂറിലേറെ ടോം ആൻഡ് ജെറി സീരീസ് നിർമ്മിച്ചിട്ടുണ്ട്. യാങ്കി ഡൂഡിൽ മൗസ് (1943), ദി ക്യാറ്റ് കോൺസെർട്ടോ (1946), ജോഹന്ന മൗസ് (1952) എന്നീ അനിമേഷൻ ചിത്രങ്ങൾ അക്കാദമി അവാർഡ് നേടിയവയാണ്.
ജെറിയെ പിടിക്കുവാൻ ശ്രമിക്കുന്ന ടോം എന്നതാണ് പ്രധാന ഇതിവൃത്തം എങ്കിലും മറ്റു ശത്രുക്കളെ ഒഴിവാക്കാൻ ഒരുമിക്കുന്ന ടോമിനെയും ജെറിയെയും നമുക്ക് കാണുവാൻ സാധിക്കും. ആക്ഷൻ, വിഷ്വൽ ഹ്യൂമർ എന്നിവയിലൂടെയാണ് പരമ്പരയെ മുന്നോട്ട് നയിക്കുന്നത്, കഥാപാത്രങ്ങൾ മിക്കവാറും സംസാരിക്കാറില്ല. ഹന്നയും ബാർബെറയും എംജിഎം വിട്ടുപോയതിനുശേഷം, പരമ്പര പലതവണ നവീകരിച്ചു, പ്രത്യേകിച്ച് 1960 കളുടെ മധ്യത്തിൽ പ്രശസ്ത ആനിമേറ്റർ ചക് ജോൺസിന്റെ നിർദ്ദേശപ്രകാരം ഇത്തരം ശ്രമങ്ങൾ നടന്നു. ഈ പിന്നീടുള്ള പതിപ്പുകൾ സീരീസിന്റെ ചില ഘടകങ്ങൾ മാറ്റുകയും അക്രമത്തെ മയപ്പെടുത്തുകയും ചെയ്തു. ടോം ആൻഡ് ജെറി അതികം വൈകാതെ ടെലിവിഷനിൽ ജനപ്രിയമായി, എം.ജി.എം നിർമ്മാണ കമ്പനിയിൽ നിന്ന് പിന്നീട് ഹന്നയും ബാർബറയും ടോം ആൻഡ് ജെറിയുടെ അവകാശം സ്വന്തമാക്കുകയും 1975 - 77 കാലഘട്ടത്തിൽ 48 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. ആദ്യകാല സീരീസുകളിൽ നിന്നുള്ള വംശീയമോ മറ്റ് കുറ്റകരമോ ആയ ഘടകങ്ങൾ എഡിറ്റുചെയ്യപ്പെട്ടിരുന്നുവെങ്കിലും ഈ ഷോ പതിറ്റാണ്ടുകളായി ടെലിവിഷൻ പ്രധാന ഘടകമായി തുടർന്നു.
ടോം ആൻഡ് ജെറി: ദി മൂവി 1992 ൽ യൂറോപ്പിൽ പ്രദർശിപ്പിക്കുകയും അടുത്ത വർഷം അമേരിക്കൻ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നീട് 2006 ൽ വാർണർ ബ്രോസ് നിർമ്മാണ കമ്പനി ടോം ആൻഡ് ജെറിയുടെ പുതിയ പരമ്പര ആരംഭിച്ചു.