ചിപ്‌കോ പ്രസ്ഥാനം
- admin trycle
- Apr 10, 2020
- 0 comment(s)
ചിപ്‌കോ പ്രസ്ഥാനം
ഭാവി തലമുറക്ക് വേണ്ടി മരങ്ങളെ കെട്ടിപിടിച്ചവർ എന്ന് ചിപ്‌കോ പ്രസ്ഥാനത്തെ വിശേഷിപ്പിക്കാം. ചിപ്‌കോ പ്രസ്ഥാനം അഥവാ ചിപ്കോ ആന്ദോളൻ എന്നത് പ്രകൃതിക്കുവേണ്ടി അഹിംസാപരമായി സമരം ചെയ്‌ത ഒരു കൂട്ടം ഗ്രാമവാസികളുടെ കൂട്ടായ്മയാണ്. 1970 ലാണ് ഇത്തരത്തിലൊരു പ്രസ്ഥാനം ആരംഭിച്ചത്. ചിപ്കോ എന്നാൽ കെട്ടിപിടിക്കുക എന്നാണ് അർത്ഥമാക്കുന്നത്. മരം മുറിക്കുന്നവരെ തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു സമരത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ സമരപ്രസ്ഥാനങ്ങളില്‍ പ്രശസ്തമായ ഒന്നാണ് ചിപ്‌കോ പ്രസ്ഥാനം.
1970-കളില്‍ വനവൃക്ഷങ്ങള്‍ മുറിക്കുന്നതിന് സ്വകാര്യ കോണ്‍ട്രാക്ടര്‍മാർക്ക് അനുവദം നൽകുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയത്തിനെതിരെ കര്‍ഷകരുടെയും ഗ്രാമീണ ജനങ്ങളുടെയും ഇടയിൽ നിന്ന് ശക്തമായ പ്രധിഷേധം ഉയർന്നു. സർക്കാർ നയത്തിനെതിരെ പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഇവർ ആരംഭിച്ച അക്രമരഹിത സമരമാണ് ചിപ്‌കോ മൂവ്‌മെന്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. 1973 ൽ അളകനന്ദ താഴ് വാരത്തിലെ മരങ്ങൾ മുറിക്കുവാൻ ഒരു കമ്പനിക്ക് സർക്കാരിൻ്റെ അനുമതി ലഭിച്ചു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം ഗ്രാമവാസികളെ പ്രത്യേകിച്ച് സ്ത്രീകളെ രോക്ഷാകുലരാക്കി. ഈ മരങ്ങൾ കാർഷിക ഉപകരണങ്ങൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുവാനുള്ള ഗ്രാമീണരുടെ ആവശ്യം സർക്കാർ നേരത്തെ നിരസിച്ചിരുന്നു. 1974-ല്‍ മാര്‍ച്ച് 26 ന് ഇന്നത്തെ ഉത്തരാഖണ്ഡിലെ ചമോലിയിലെ ഗ്രാമീണ വനിതകള്‍ മരത്തെ കെട്ടിപിടിച്ച് സമരം നടത്തി. ഇവരുടെ ഈ പ്രതിഷേധത്തിൽ പ്രാദേശിക സന്നദ്ധസംഘടനയായ ദസൊലി ഗ്രാമ സ്വരാജ്യ സംഘവും പങ്കെടുത്തു. ഈ സമരത്തിന്റെ സ്മരണാർഥം മാര്‍ച്ച് 26 ചിപ്‌കോ മൂവ്‌മെന്റ് ദിനമായി ആചരിക്കുന്നു.
‘ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത്’ എന്ന മുദ്രാവാക്യവുമായി ഉയര്‍ന്ന ചിപ്‌കോ മൂവ്‌മെന്റ് പരിസ്‌ഥിതിക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സംഘടിത സമരമായിരുന്നു. സുന്ദര്‍ലാല്‍ ബഹുഗുണ, ചാന്ദിപ്രസാദ് ഭട്ട് എന്നിവരായിരുന്നു ചിപ്‌കോ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്. ഈ പ്രതിഷേധം വൻവിജയം നേടിയതോടെ രാജ്യത്തിൻറെ പല ഭാഗത്തും സമാനമായ പ്രതിഷേധങ്ങൾ നടന്നു. കര്‍ണാടകത്തിലെ അപ്പികോ മൂവ്മെന്റ് ചിപ്‌കോ പ്രസ്ഥാനത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുള്ളതായിരുന്നു. ചിപ്കോ പ്രസ്ഥാനം പോലെ ഇത് പിന്നീട് വളരെ പ്രസിദ്ധമായി.
മരങ്ങൾ മുറിക്കുന്നതിന് നിരോധനം നടപ്പാക്കണമെന്ന് ഗാന്ധിയൻ പ്രവർത്തകനായിരുന്ന സുന്ദർലാൽ ബാഹുഗുന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് അഭ്യർത്ഥിച്ചു. ഇതിനെ തുടർന്ന് 1980 ൽ ഹിമാലയൻ വന പ്രദേശങ്ങളിൽ മരം മുറിക്കൽ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ചിപ്പ്കോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് സ്ത്രീ ഗ്രാമീണരുടെ ബഹുജന പങ്കാളിത്തമായിരുന്നു. ഉത്തരാഖണ്ഡിലെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിച്ചത് പരിസ്ഥിതി നശീകരണവും വനനശീകരണവുമാണ് എന്നത് തന്നെയായിരുന്നു ഇതിന്റെ കാരണം.
മരങ്ങൾ നശിപ്പിക്കുന്നതിനെതിരായ സമരം മാത്രമായിരുന്നില്ല ചിപ്‌കോ മൂവ്‌മെന്റ്. മരങ്ങൾ നട്ടു വളർത്താനും ചിപ്‌കോ പ്രസ്‌ഥാനം നേതൃത്വം നൽകി. ഹിമാലയൻ താഴ്വര പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും ഇന്നു കാണുന്ന പച്ചപ്പിനു കാരണം ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ പ്രവർത്തനങ്ങളാണ്. തരിശായി കിടന്ന പല സ്‌ഥലങ്ങളിലും ഇവർ നട്ടുവളർത്തിയ മരങ്ങൾ ആ പ്രദേശങ്ങളെ നിബിഡ വനങ്ങളാക്കി മാറി. ഇപ്പോഴും സ്‌ത്രീകൾ അടക്കമുള്ളവർ മുൻകൈയെടുത്ത് ഇവിടെ മരങ്ങൾ നട്ടുവളർത്തുന്നു. മരങ്ങൾ നട്ടുവളർത്തുകയെന്ന സന്ദേശം ഇന്നും പ്രസ്‌ഥാനം മൂന്നോട്ടുവയ്‌ക്കുന്നു. 1987-ല്‍ ചിപ്‌കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ലഭിക്കുകയുണ്ടായി.
1730 ലും ഇത്തരത്തിൽ ഒരു സമരമുറ നടത്തിയതായി ചരിത്ര രേഖകൾ പറയുന്നുണ്ട്. അമൃത ദേവി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ 300 ഓളം ആളുകളാണ് ഇതിനായി സംഘടിച്ചത് എന്ന് പറയപ്പെടുന്നു. ചിപ്കോ പ്രതിഷേധങ്ങൾ ഇന്നും നമ്മുടെ രാജ്യത്ത് സജീവമാണ്. അതിനുദാഹരണമാണ് 2018-ൽ ഡൽഹിയിൽ 15000-ൽ പരം മരങ്ങളെ രക്ഷിക്കാൻ നടത്തിയ ചിപ്കോ പ്രതിഷേധം.