ഫ്ലോറൻസ് നൈറ്റിങ്ഗേൽ
- admin trycle
- Aug 6, 2020
- 0 comment(s)

നഴ്‌സിങ് രംഗത്തെ മികച്ച സംഭാവനകളിലൂടെയാണ് ഫ്ലോറൻസ് നൈറ്റിങ്ഗേൽ അറിയപ്പെടുന്നത്. ആധുനിക നഴ്‌സിങ്ങിന് അടിത്തറപാകിയ ഇവർ വിളക്കേന്തിയ വനിത എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ദൈവത്തെയും മനുഷ്യരാശിയെയും സേവിക്കാൻ അനുയോജ്യമായ മാർഗമാണ് നഴ്‌സിങ് എന്ന് മനസ്സിലാക്കിയ നൈറ്റിങ്ഗേൽ കുട്ടിക്കാലം മുതൽ തന്നെ നഴ്‌സിങിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു.
ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ 1820 മെയ് 12 നാണ് ഫ്ലോറൻസ് നൈറ്റിങ്ഗേൽ ജനിച്ചത്. വില്ല്യം എഡ്‌വേർഡ് നൈറ്റിംഗേൽ, ഫ്രാൻസിസ് നീ സ്മിത് എന്നിവരുടെ മകളായി ഒരു ബ്രിട്ടീഷ് ധനികകുടുംബത്തിലാണ് അവർ ജനിച്ചത്, ഫ്ലോറൻസ് എന്ന നഗരത്തിന്റെ പേരുതന്നെയാണ് അവർക്ക് നൽകിയത്. ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾക്കൊപ്പം ഗണിതശാസ്ത്ര പഠനവും ഉൾപ്പെടെ ക്ലാസിക്കൽ വിദ്യാഭ്യാസം നൈറ്റിങ്ഗേലിന് ലഭിച്ചിരുന്നു. വളരെ ചെറുപ്പം മുതൽ, ഫ്ലോറൻസ് നൈറ്റിങ്ഗേൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു, ഗ്രാമത്തിലെ രോഗികളെയും ദരിദ്രരെയും അവളുടെ കുടുംബത്തിന്റെ എസ്റ്റേറ്റിന് സമീപം ശുശ്രൂഷിക്കുന്നു. അവൾക്ക് 16 വയസ്സുള്ളപ്പോൾ, നഴ്സിംഗ് ആണ് അവളുടെ മാർഗ്ഗമെന്ന് വ്യക്തമാകുകയും അത് തന്റെ ദൈവിക ലക്ഷ്യമാണെന്ന് അവൾ വിശ്വസിക്കുകയും ചെയ്തു. പിന്നീട് നൈറ്റിങ്ഗേൽ അവളുടെ മാതാപിതാക്കളെ സമീപിച്ച് ഒരു നഴ്‌സാകാനുള്ള അവളുടെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും അവർ അതിനനുവദിച്ചില്ല.
മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് അവളുടെ യഥാർത്ഥ ആഗ്രഹത്തെ പിന്തുടരാൻ അവൾ തീരുമാനിച്ചു. 1844 ൽ, നൈറ്റിങ്ഗേൽ ജർമ്മനിയിലെ കൈസർവെർത്തിലെ പാസ്റ്റർ ഫ്ലൈഡ്‌നറുടെ ലൂഥറൻ ഹോസ്പിറ്റലിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായി ചേർന്നു. 1850 കളുടെ തുടക്കത്തിൽ, ലണ്ടനിലേക്ക് മടങ്ങിയ നൈറ്റിങ്ഗേൽ അവിടെ മിഡിൽസെക്സ് ആശുപത്രിയിൽ നഴ്സിംഗ് ജോലി ചെയ്യാൻ ആരംഭിച്ചു. ക്രിമിയൻ യുദ്ധകാലത്ത് (1853) നടത്തിയ സേവനങ്ങളാണ് നൈറ്റിങ്ഗേലിനെ പ്രസ്തയാക്കിയത്. ക്രിമിയൻ യുദ്ധത്തിൽ തുർക്കിയിലെ ബ്രിട്ടീഷുകാരുടെയും അനുബന്ധ സൈനികരുടെയും നഴ്‌സിങ് ചുമതല നൈറ്റിങ്ഗേലിനായിരുന്നു. മുറിവുകളാൽ മരണമടഞ്ഞവരുടെ പത്തിരട്ടി മരണനിരക്കായിരുന്നു ടൈഫോയിഡ്, കോളറ തുടങ്ങിയ സാംക്രമികരോഗങ്ങൾ വന്ന് മരിച്ചവരുടെ എണ്ണം. ഒരു കൂട്ടം നഴ്സുമാരോടൊപ്പം ബ്രിട്ടീഷ് ബേസ് ഹോസ്പിറ്റലിലെ വൃത്തിഹീനമായ അവസ്ഥ മെച്ചപ്പെടുത്തിയ അവരുടെ പ്രവർത്തനം മരണസംഖ്യ ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. മണിക്കൂറുകളോളം വാർഡുകളിൽ ചെലവഴിച്ച അവർ മുറിവേറ്റവരെ സഹായിക്കാനായി രാത്രികാലങ്ങളിൽ നടത്തിയ റൗണ്ട്സ് “ലേഡി വിത്ത് ലാമ്പ്” എന്ന് വിശേഷിപ്പിക്കപ്പെടുന്നതിന് കാരണമായി.
1857 ൽ അവർ ബ്രിട്ടണിലേക്ക് തിരിച്ചുവന്നു. യുദ്ധകാലത്ത് പിടിപെട്ട ബ്രൂസെല്ലോസിസ് (ക്രിമിയൻ ഫീവർ) എന്ന അസുഖം മൂർച്ചിച്ചതിനെത്തുടർന്ന് അവർ ഒറ്റക്കാണ് കഴിഞ്ഞിരുന്നതെങ്കിലും വിക്റ്റോറിയ രാജ്ഞിയുടെ ആവശ്യപ്രകാരം, റോയൽ കമ്മീഷൺ ഒഫ് ഹെൽത്ത് ഒഫ് ദ ആർമിയുടെ രൂപവത്കരണത്തിൽ ഫ്ലോറൻസ് സുപ്രധാന പങ്ക് വഹിച്ചു. ഒരു വനിതയായതിനാൽ കമ്മീഷനിൽ അംഗമാവാൻ സാധിച്ചില്ലെങ്കിലും വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയ ആയിരത്തിലധികം പേജുകളുള്ള റിപ്പോർട്ട് എഴുതിയത് ഫ്ലോരൻസായിരുന്നു. കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും അവർ പ്രധാനപങ്ക് വഹിക്കുകയുണ്ടായി. നഴ്സിംഗ് വിദ്യാഭ്യാസം ഔപചാരികമാക്കാനുള്ള നൈറ്റിങ്ഗേലിന്റെ ശ്രമഫലമായി ശാസ്ത്രീയ നഴ്‌സിങ് പഠനത്തിനുള്ള നൈറ്റിങ്ഗേൽ സ്കൂൾ ഓഫ് നഴ്‌സിങ് 1860 ൽ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ ആരംഭിച്ചു. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്ന അവരുടെ രചനകൾ ലോകമെമ്പാടുമുള്ള ആരോഗ്യ പരിഷ്കരണങ്ങൾക്ക് പ്രചോദനമായി. ഓർഡർ ഓഫ് മെറിറ്റ് (1907) ലഭിച്ച ആദ്യത്തെ വനിതയായിരുന്നു ഫ്ലോറൻസ് നൈറ്റിങ്ഗേൽ. വിക്ടോറിയ രാജ്ഞി നൈറ്റിങ്ഗേലിന്റെ പ്രവത്തനങ്ങൾക്ക് ആദരവായി നൽകിയ പതക്കം "നൈറ്റിങ്ഗേൽ ജുവൽ" എന്നറിയപ്പെടുന്നു. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനം(മെയ് 12) അന്താരാഷ്ട്ര നഴ്‌സസ് ദിനമായി എല്ലാ വർഷവും ആചരിക്കുന്നു.