സച്ചിൻ ടെൻഡുൽക്കർ
- admin trycle
- Jun 29, 2020
- 0 comment(s)

സച്ചിൻ ടെൻഡുൽക്കർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോകം കണ്ട മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളുമാണ് സച്ചിൻ ടെൻഡുൽക്കർ. 11 ആം വയസ്സിലാണ് സച്ചിൻ ക്രിക്കറ്റിൽ സജീവമാകുന്നത്. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഇദ്ദേഹം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നറിയപ്പെട്ടു. 2012 ൽ ഏകദിനത്തിൽ നിന്നും 2013 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു അദ്ദേഹം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ പ്രതിഭയാണ്.
1973 ഏപ്രിൽ 24 ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുഴുവൻ പേര് സച്ചിൻ രമേഷ് ടെൻഡുൽക്കർ എന്നാണ്. അദ്ദേഹത്തിന്റെ അച്ഛൻ രമേഷ് ടെണ്ടുൽക്കർ ഒരു മറാത്തി സാഹിത്യകാരൻ ആയിരുന്നു. മൂത്ത ജ്യേഷ്ഠൻ അജിത് ആയിരുന്നു സച്ചിനെ ക്രിക്കറ്റ് കളിക്കാൻ പ്രോൽസാഹിപ്പിച്ചിരുന്നത്. 14 ആം വയസ്സിൽ ലോഡ് ഹാരിസ് ഷീല്‍ഡ് ഇന്റര്‍സ്‌കൂള്‍ ടൂര്‍ണമെന്റില്‍ സച്ചിനും വിനോദ് കാംബ്ലിയും ചേർന്ന് 664 റണ്‍സിന്റെ ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. പുറത്താകാതെ നേടിയ 326 റണ്‍സായിരുന്നു ഇതില്‍ സച്ചിന്റെ സംഭാവന. 15 വയസ് മാത്രം പ്രായമുള്ളപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ തന്റെ ആദ്യ രഞ്ജി മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ സച്ചിൻ 1989 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. പാകിസ്ഥാനെതിരെ കറാച്ചിയിൽ വെച്ചായിരുന്നു മത്സരം. കന്നി മത്സരത്തിൽ 15 റൺസ് എടുക്കാനേ സച്ചിന് കഴിഞ്ഞുള്ളു.
1990-ൽ ഓൾഡ് ട്രഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സച്ചിൻ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. 18 വയസ്സുള്ളപ്പോൾ ഓസ്ട്രേലിയയിൽ രണ്ട് സെഞ്ച്വറികളും 1994 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 179 റൺസും സച്ചിൻ നേടി. 1994 ൽ ശ്രീലങ്കയിലെ കൊളംബോയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ സച്ചിൻ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. 1996-ലെ ലോക കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ പുറത്തായെങ്കിലും, 523 റൺസുമായി സച്ചിൻ ടോപ്പ് സ്കോററായി. 1996 ൽ, 23 ആം വയസ്സിൽ അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി. 1998 ജനുവരിയിൽ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച അദ്ദേഹം 1999 ൽ വീണ്ടും ക്യാപ്റ്റനായി ചുമതലയേറ്റു, പക്ഷേ മൊത്തത്തിൽ 25 ടെസ്റ്റ് മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. തുടർന്ന് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചു.
2003 ലോക കപ്പിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിനായിരുന്നു. മാത്രമല്ല 2003 ലോക കപ്പിലെ മികച്ച താരമായും സച്ചിൻ തിരഞ്ഞെടുക്കപ്പെട്ടു. 2010 -ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഇദ്ദേഹം അന്താരാഷ്ട്ര മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 34357 റൺസ് നേടിയ സച്ചിൻ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ എന്ന റെക്കോർഡും സ്വന്തമാക്കി. 200 ടെസ്റ്റും 463 ഏകദിനങ്ങളും കളിച്ച സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 (ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം) സെഞ്ച്വറികൾ നേടിയ ഏക ക്രിക്കറ്ററാണ്.
2013 ൽ ഭാരതരത്നം ലഭിച്ച അദ്ദേഹം ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ കായിക താരവുമാണ്. പത്മ വിഭൂഷൺ, പത്മശ്രീ, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, അർജുന അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2012 മുതൽ 2018 വരെ രാജ്യസഭാ അംഗമായിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സജീവ കായിക താരമാണ് സച്ചിൻ.