കമലാസുരയ്യ
- admin trycle
- May 5, 2020
- 0 comment(s)

കമലാസുരയ്യ
പെണ്‍മനസ്സിന്‍റെ ആഴങ്ങളിലൂടെ മലയാളസാഹിത്യത്തിന് പുതുഭാവം നല്‍കിയ സാഹിത്യകാരിയായിരുന്നു മാധവിക്കുട്ടി എന്ന കമലാസുരയ്യ. നൈസര്‍ഗികവും, തീവ്രവും, നിഷ്കളങ്കവുമായി കഥ പറഞ്ഞ പെണ്ണെഴുത്തുകാരിയായ മാധവിക്കുട്ടി ഒരു ഇന്ത്യൻ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു. കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ ഇവരുടെ നിരവധി സാഹിത്യസൃഷ്ടികൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ മലയാളത്തിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. പിന്നീട് ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം കമലാസുരയ്യ എന്ന പേര് സ്വീകരിച്ചു. ഇന്ത്യൻ ഇംഗ്ലീഷ് കവികളിൽ പ്രമുഖയായിരുന്ന അവർ പക്ഷെ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് പ്രശസ്തിയാർജിച്ചത്.
പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോനടക്കം നിരവധി പ്രതിഭാശാലികൾ ജനിച്ച തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലാണ് മാധവിക്കുട്ടിയുടെ ജനനം. മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരിയായ ബാലാമണിയമ്മയുടേയും പത്രപ്രവര്‍ത്തകനായ വി.എം.നായരുടേയും മകളായി 1934 മാര്‍ച്ച് 31-നു ജനിച്ച മാധവിക്കുട്ടിയുടെ യഥാർത്ഥ പേര് കമല എന്നായിരുന്നു. കല്‍ക്കത്തയിൽ ബാല്യകാലം ചിലവഴിച്ച കമലയുടെ എഴുത്തുകാരിയെന്ന നിലയിലെ ആദ്യ രചനകള്‍ പ്രധാനമായും ഇംഗ്ലീഷിലായിരുന്നു. പതിനഞ്ചു വയസ്സുള്ളപ്പോള്‍ കമലയെ ബാങ്കറായ മാധവദാസ് വിവാഹം കഴിച്ചു. അങ്ങനെ കമല കമലാ ദാസായി.
മാധവിക്കുട്ടി എന്ന പേരില്‍ കേരളീയസാഹിത്യാസ്വാദകരുടെ ഇടയില്‍ കഥാകൃത്തായും കമലാദാസ് എന്ന കവയിത്രിയായി ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള സാഹിത്യലോകത്തും അവർ വളരെ പെട്ടന്ന് പ്രസിദ്ധയായി. മണ്ണ്, പ്രണയം, രതി, സ്ത്രീ-പുരുഷബന്ധങ്ങള്‍ എന്നിവയെല്ലാം വിഷയമാക്കി ശക്തമായ ബിംബങ്ങളിലൂടെയും സ്ത്രീലൈംഗികതയുടെ തുറന്നെഴുത്തിലൂടെയും സാഹിത്യത്തിന്‍റെ പുതുഭാവുകത്വത്തെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ഈ എഴുത്തുകാരി, സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലേക്കും നിസ്സഹായതകളിലേക്കും അതി തീവ്രമായി ഇറങ്ങിച്ചെല്ലുന്ന അനേകം സന്ദര്‍ഭങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുന്ന ഒട്ടേറെ ഇംഗ്ലീഷ് കവിതകളും എഴുതിയിട്ടുണ്ട്. 1973 ലാണ് മാധവിക്കുട്ടി 'എന്റെ കഥ' എന്ന ആത്മകഥയെഴുതിയത്. 1976ല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പും രചിച്ചു. 1984-ല്‍ ഇവർ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തേടെയും എഴുതാന്‍ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു. മലയാളത്തിലെ ഓര്‍മ്മപുസ്തകങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നതാണ് മാധവികുട്ടിയുടെ നീര്‍മാതളം പൂത്തകാലം. 1993 ൽ പ്രസിദ്ധീകരിച്ച ഈ കൃതി 1997ലെ വയലാര്‍ അവാര്‍ഡ് നേടി.
അനാഥരായ അമ്മമാരെയും, സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വപ്രവര്‍ത്തനങ്ങള്‍ക്കുമായി ലോക്സേവ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന മാധവിക്കുട്ടി ആരംഭിച്ചു. ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്കും രൂപം കൊടുക്കുകയും തിരുവനന്തപുരത്ത് നിന്ന് ഇന്ത്യൻ പാർലിമെന്റിലേക്ക് മത്സരിക്കുകയും ചെയ്തു. 1999 ൽ ഇവർ ഇസ്ലാം മതം സ്വീകരിക്കുകയും കമലാസുരയ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വയലാര്‍ അവാര്‍ഡ് ,എഴുത്തച്ഛന്‍ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ചെറുകഥാ അവാര്‍ഡ്, ഏഷ്യൻ വേൾഡ് പ്രൈസ്, ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് എന്നിങ്ങനെ ഏഷ്യയിലെയും ഇന്ത്യയിലെയും മിക്ക സാഹിത്യപുരസ്കാരങ്ങള്‍ക്ക് അര്‍ഹയാണ് ഈ പെണ്ണെഴുത്തുകാരി. കേരള സാഹിത്യ അക്കാദമി അംഗമായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 2009 മെയ് 31 ന് 75 ആം വയസ്സിൽ പൂനെയിലെ ഒരു ആശുപത്രിയിൽ വച്ച് ഇവർ മരണമടഞ്ഞു.
പ്രധാന രചനകള്‍
ډ നീര്‍മാതളം പൂത്തകാലം
ډ വണ്ടിക്കാളകള്‍
ډ നഷ്ടപ്പെട്ട നീലാംബരി
ډ പക്ഷിയുടെ മണം
ډ തണുപ്പ്
ډ ഒറ്റയടിപ്പാത
ډ എന്‍റെ കഥ
ډ നെയ്പ്പായസം
ഇംഗ്ലീഷ് രചനകള്‍
• Summer in Kolkata
• Alphabet of the lust
• Childhood memoirs
• The Sirens
• Old Playhouse and Other Poems
• The Descendants
• Only the Soul Know How to Sing