തോല്‍പ്പാവക്കൂത്ത്
- admin trycle
- Mar 9, 2020
- 0 comment(s)
തോല്‍പ്പാവക്കൂത്ത്
നിഴലിന്റെ സാധ്യതകളെ മനുഷ്യന്‍ തിരിച്ചറിഞ്ഞ കാലത്തോളം പഴക്കം നിഴല്‍ പാവക്കൂത്തിനുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. നിഴലും നൃത്തവും ചേര്‍ന്നാണ് ഇതു ചിട്ടപ്പെടുത്തുന്നത്. ഇന്ന് ലോകം മുഴുവന്‍ പരന്നു കിടക്കുന്ന കലയായ പാവകളിക്ക് ഓരോ രാജ്യത്തും അവരുടേതായ സംസ്‌കാരത്തെ വളര്‍ത്തി എടുത്തിരുന്നതിലുള്ള സ്ഥാനം പ്രധാനമാണ്. കേരളത്തിലെ പാവകളി സമ്പ്രദായമായ തോല്‍പ്പാവക്കൂത്ത് മുന്നൂറിലധികം വര്‍ഷം പഴക്കമുള്ളതാണെന്ന് കണക്കാക്കുന്നു. പാവകളുടെ നിഴല്‍ തിരശ്ശീലയില്‍ വീഴ്ത്തിയാണ് ഇതിന്റെ പ്രദര്‍ശനം. പണ്ടുകാലത്ത് ഓലയാണ് പാവകളുടെ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നത്. എന്നാലിന്ന് പേര് സൂചിപ്പിക്കുന്നതു പോലെ തോലാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഓലപ്പാവക്കൂത്ത് എന്നും നിഴല്‍പ്പാവക്കൂത്ത് എന്നും ഇതിന് പേരുകളുണ്ട്.
കേരളത്തിൽ മിക്കവാറും എല്ലാ നാടൻ കലകളും ദേവി സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്. തെയ്യമായാലും പടയണിയായാലും ദൈവപ്രീതിക്ക് വേണ്ടിയാണ് നടത്തിയിരുന്നത്. തോല്‍പ്പാവക്കൂത്തിന് പിന്നിലും ഇത്തരത്തിൽ ദേവി സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ പാലക്കാട്, പൊന്നാനി പ്രദേശങ്ങളിലെ ദേവീ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന അനുഷ്ഠാനങ്ങളിലൊന്നാണ് ഈ കലാരൂപം. ചരിത്രപരമായി, കൃത്യമായി എതു കാലഘട്ടത്തിലാണ് തോൽപ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല. തമിഴ്നാട്ടിലും തോല്‍പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം കമ്പരാമായണമായതുകൊണ്ടും ഇത് അവിടങ്ങളിൽ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. തോൽപ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. കഥാസന്ദര്‍ഭം വിവരിക്കുന്ന ചെന്തമിഴും മലയാളവും കലര്‍ന്ന പിന്‍പാട്ടിനെ ആടിപ്പറ്റ് എന്നും പറയുന്നു. പാട്ട് അവസാനിച്ചാല്‍ സരസമായ വിവരണം ഉണ്ടാകും. പാവകളിയില്‍ പാരമ്പര്യമുള്ള പുലവര്‍ കുടുംബമാണ് സാധാരണ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്, അവതരിപ്പിക്കുന്നവരെ പുലവർ എന്നാണ് പറയുന്നത്. ഒരു തോൽപ്പാവക്കൂത്ത് ട്രൂപ്പിൽ എട്ട് മുതൽ പത്ത് വരെ കലാകാരന്മാരടങ്ങുന്നു. പറയുടെ ആകൃതിയിലുള്ള ചെണ്ട, മദ്ദളം എന്നിവയാണ് അകമ്പടി വാദ്യങ്ങള്‍.
രാത്രിയിലാണ് പാവക്കൂത്ത് നടത്താറുള്ളത്. ക്ഷേത്രങ്ങളിലെ കൂത്തുമാടത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. പാവക്കൂത്ത് നടത്താന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കിയ വേദിയെ ആണ് കൂത്തുമാടം എന്ന് പറയുന്നത്. പ്രത്യേകം സജ്ജീകരിച്ച ഇത്തരം കൂത്തുമാടങ്ങള്‍ കേരളത്തിന്റെ സവിശേഷതയാണ്. പണ്ടുകാലങ്ങളില്‍ കൊയ്ത്ത് ഉത്സവങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ കൂട്ടത്തോടെ കൂത്തുമാടത്തിനടുത്ത് ഒത്തുകൂടുകയും കമ്പരാമായണം പാവക്കൂത്ത് ഇവിടങ്ങളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. തമിഴ് അഥവാ ചെന്തമിഴ് ആയിരുന്നു അന്നത്തെ ഭാഷ. അതുകൊണ്ടു തന്നെ ഇന്നും ചെന്തമിഴിലാണ് പാവക്കൂത്ത് ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്നത്.
പകുതിഭാഗം കറുപ്പും ബാക്കി ഭാഗം വെളുപ്പുമുള്ള തിരശ്ശീലയ്ക്ക് പിന്നില്‍, തേങ്ങാ മുറികളിൽ എണ്ണ നിറച്ച് കത്തിച്ചുവെക്കുന്നു, അതിന് മുന്നിലായിട്ടാണ് പാവകളെ വെക്കുന്നത്. ഈ പാവകളുടെ നിഴല്‍ വെളുത്ത തിരശ്ശീലയില്‍ വീഴുന്നു. ശ്രീരാമപക്ഷത്തുള്ള പാവകള്‍ ഇടതുവശത്തും, രാവണപക്ഷത്തുള്ള പാവകള്‍ വലതുവശമെന്നും പ്രത്യേകം സ്ഥാനമുണ്ട്. പാവകളെ നിയന്ത്രിക്കുന്നത് മുളവടി കൊണ്ടാണ്. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനിൽക്കുന്ന വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു.
ചിന്നതമ്പി പുലവരാണ് തോല്‍പ്പാവക്കൂത്ത് കേരളത്തില്‍ ഇന്ന് കാണും വിധം ചിട്ടപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. ചിത്രം, ശില്‍പ്പം, സംഗീതം, വാദ്യം, സാഹിത്യം ഇതെല്ലം ചേര്‍ന്നതാണു നിഴല്‍ പാവക്കൂത്ത്, ഒപ്പം ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും. ഇവയെല്ലാം ചിട്ടപ്രകാരം പഠിക്കുക എന്നത് ഏറെ ശ്രമകരമാണ്. ആരംഭം മുതല്‍ നിഷ്ഠയോടെ കളിക്കുകയാണെങ്കില്‍ 41 രാത്രികള്‍ വേണം കൂത്ത് പൂര്‍ത്തിയാക്കാന്‍. പഞ്ചവടീപ്രവേശം മുതല്‍ക്കാണെങ്കില്‍ പതിനഞ്ച് ദിവസവും സേതുബന്ധം മുതല്‍ക്കാണെങ്കില്‍ പതിനൊന്നോ പന്ത്രണ്ടോ ദിവസവും മതിയാകും.
വിദേശരാജ്യങ്ങളും ഈ കഥാകഥനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ദേവിക്കു കാണാന്‍ മാത്രമായി ഉണ്ടാക്കിയ ഈ കലാരൂപം ഇന്ന് ജനകീയമാണ്. ഇന്ന് രാമായണം മാത്രമല്ല പാവക്കൂത്തിന്റെ വിഷയം. നിയമസഭയിലും ക്രിസ്ത്യന്‍ പള്ളികളിലും തെരുവോരങ്ങളിലും വരെ പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്. അതും പല ഭാഷകളില്‍. ഓരോ ഇടങ്ങളിലും ആളുകള്‍ ആവശ്യപ്പെടുന്ന കഥയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ബൈബിള്‍ മുതല്‍ രാഷ്ട്രീയപാവകള്‍ വരെ ഇന്ന് തയ്യാറാണ്. സിനിമയുടെ ആദിമരൂപം എന്നാണ് ഈ കലാരൂപത്തെ പലരും വിശേഷിപ്പിക്കുന്നത്. അതിനാൽ തന്നെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ (IFFK ) ലോഗോ രൂപകല്‍പന ചെയ്തത് തോല്‍പാവക്കൂത്തിലെ പാവയെ ആസ്പദമാക്കിയാണ്. ഇന്ത്യയിലും വിദേശത്തും പാവക്കൂത്ത് ജനകീയമാക്കിയ കലാകാരനായ രാമചന്ദ്രപുലവർ 'പാവകളിയിലെ കൈ മുദ്രകള്‍' എന്ന പേരില്‍ എഴുതിയ പാവകളിയിലെ സാങ്കേതികതയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്.