ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
- admin trycle
- Jul 11, 2020
- 0 comment(s)
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
ആദ്യകാല ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി. കിഴക്കും തെക്കുകിഴക്കൻ ഏഷ്യയും ഇന്ത്യയുമായുള്ള വ്യാപാരത്തിനായി രൂപീകരിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിക്കപ്പെടുന്നത് 1600 ലാണ്. ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനി എന്നും, തദ്ദേശീയമായി "ജോൺ കമ്പനി" എന്നും, ഇന്ത്യയിൽ "കമ്പനി ബഹദൂർ" എന്നും ഇത് അറിയപ്പെട്ടിരുന്നു. പരുത്തി, സിൽക്ക്, ഇൻഡിഗോ, സാൾട്ട്പീറ്റർ,തേയില, കറുപ്പ് തുടങ്ങിയ വസ്തുക്കൾ കമ്പനിയുടെ പ്രധാന കച്ചവട സാധനങ്ങൾ ആയിരുന്നു, അടിമക്കച്ചവടത്തിലും ഇവർ പങ്കെടുത്തു. കാലക്രമേണ ഭരണാധികാരവും സൈനികശക്തിയും സ്വാംശീകരിച്ചതോടെ ഒരു വാണിജ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും കമ്പനി ഇന്ത്യയെയും ഏഷ്യയിലെ മറ്റ് കോളണികളെയും ഭരിക്കുന്ന ഒരു ഭരണസ്ഥാപനമായി പരിണമിച്ചു.
1600-ൽ ഈസ്റ്റ് ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ പങ്കാളികളാകാനാണ് കമ്പനി രൂപീകരിച്ചത്. എന്നാൽ തുടക്കത്തിൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ പങ്കെടുക്കാൻ ഇംഗ്ലീഷ് വ്യാപാരികൾക്കുള്ള ഒരു ട്രേഡിംഗ് ബോഡിയായിട്ടാണ് ഇത് പ്രവർത്തിച്ചത്. ആദ്യകാലത്ത് സ്പെയിനിന്റെയും പോർച്ചുഗലിന്റെയും കുത്തകയായിരുന്ന സുഗന്ധവ്യഞ്ജന വ്യാപാരം. സ്പാനിഷ് അർമാഡയെ (1588) ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത് ഇംഗ്ലീഷുകാർക്ക് ഈ കുത്തക തകർക്കാൻ അവസരം നൽകി. 1600-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപവത്കരണത്തിനു ശേഷം നിരവധി കച്ചവടക്കപ്പലുകൾ കമ്പനി ഇന്ത്യയിലേക്കയച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുഖ്യമായും നേരിടേണ്ടി വന്നത് ഇന്ത്യയിൽ തങ്ങൾക്കു മുന്നേ എത്തിച്ചേർന്ന മറ്റു യൂറോപ്യൻ കച്ചവടസംഘങ്ങളേയായിരുന്നു. തുട്ടക്കത്തിൽ സൈന്യശക്തിയിൽ ഡച്ചുകാരും പോർട്ടുഗീസുകാരും ഇംഗ്ലീഷുകാരെക്കാൾ മുന്നിട്ടു നിന്നു. ഡച്ചു കമ്പനിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുളള ശത്രുത 1623-ലെ അംബോയ്നാ കൂട്ടക്കൊലയിൽ കലാശിച്ചു. അതിന് ശേഷം ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ മുഴുവൻ വാണിജ്യം നടത്താനുള്ള അനുമതി കമ്പനി നേടിയെടുത്തു.
വാണിജ്യ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യത്തെ വാണിജ്യകേന്ദ്രം 1613-ല്‍ സൂറത്തില്‍ ആരംഭിച്ചു. കമ്പനി ഒടുവിൽ രാഷ്ട്രീയത്തിൽ ഏർപ്പെടുകയും 1700 കളുടെ ആരംഭം മുതൽ 1800 കളുടെ പകുതി വരെ ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റായി പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ, പത്തൊൻപതാം നൂറ്റാണ്ടിൽ ചൈനയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ അവിടെ ബ്രിട്ടീഷ് സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള ഒരു ഉത്തേജകമായി പ്രവർത്തിച്ചു. പടിപടിയായി ബലപ്രയോഗത്തിലൂടെ, മദ്രാസിലും പിന്നെ ബംഗാളിലും ഒടുവില്‍ ഡല്‍ഹിയിലും അവര്‍ സമാന്തരഭരണം ഏര്‍പ്പെടുത്തിയതിലൂടെ ഇന്ത്യ ഏതാണ്ട് പൂര്‍ണമായും 'ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി'യുടെ കൈപ്പിടിയില്‍ ഒതുങ്ങി. ചരിത്രപ്രാധാന്യമുള്ള ആ നിമിഷത്തിലാണ്, പട്ടും സുഗന്ധവ്യഞ്ജനങ്ങളും ആഗോളവിപണിയില്‍ എത്തിക്കുന്ന പരമ്പരാഗതമായ ഒരു കമ്പനി എന്ന പരിവേഷത്തില്‍നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി ഭീഷണമായ ഒരു 'കൊളോണിയല്‍ ശക്തി' എന്ന പരിവേഷം എടുത്തണിയുന്നത്.
1800-കളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വകാര്യസേനയില്‍, അതായത്, കമ്പനിയുടെ ഓഹരിയുടമകളുടെ മാത്രം ആജ്ഞാനുവര്‍ത്തികളായി, രണ്ടുലക്ഷത്തി അറുപതിനായിരത്തോളം സൈനികരുണ്ടായിരുന്നു. അതായത്, ബ്രിട്ടീഷ് സൈന്യത്തേക്കാള്‍ രണ്ടിരട്ടി ബലമുള്ള ഒരു സൈന്യത്തെയാണ് കമ്പനി അവരുടെ കോളനികളില്‍ വിന്യസിച്ചിരുന്നത് എന്നര്‍ത്ഥം. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന കലാപത്തെ തുടർന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിക്കുകയും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് പാര്‍ലമെന്റ് ഏറ്റെടുക്കുകയും ചെയ്തു.