ബാലന്‍
- admin trycle
- Mar 21, 2020
- 0 comment(s)
ബാലന്‍
മലയാള സിനിമ ആദ്യമായി സംസാരിച്ച് തുടങ്ങിയത് 1931 ജനുവരി 19-ന് പുറത്തിറങ്ങിയ ബാലനിലൂടെയാണ്. "ഗുഡ് ലക്ക് ടു എവരിബഡി" എന്ന ബാലനിലെ ആദ്യ സംഭാഷണം തീര്‍ത്തും മലയാളസിനിമയ്ക്കുള്ള അനുഗ്രഹാശിസായിരുന്നു. എസ്.നൊട്ടാണി സംവിധാനം ചെയ്ത ഈ സിനിമയില്‍ കെ.കെ അരൂര്‍, ആലപ്പി വിന്‍സന്‍റ്, എം.കെ.കെ നായര്‍, സി.ഒ.എൻ. നമ്പ്യാർ, എം.കെ കമലം, കെ.എന്‍ ലക്ഷ്മി, സുഭദ്ര, എം.എന്‍ ശങ്കു എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഫെയ്ത്ത് ഓഫ് മിസിസ് നായര്‍ എന്ന കഥയെ അനുകരിച്ച് വിധിയും മിസിസ് നായരും എന്ന പേരില്‍ എ. സുന്ദരംപിള്ളയുടെ നേതൃത്വത്തില്‍ എഴുതിയ കഥയാണ് പിന്‍കാലത്ത് ബാലനായി തീര്‍ന്നത്. 1937-ൽ സേലത്തെ മോഡേൺ സ്റ്റുഡിയോയിലായിരുന്നു ബാലന്റെ പിറവി. അടുത്തവർഷം ചിത്രം പ്രദർശനത്തിനെത്തി.
അഞ്ച് പ്രിൻറുകളിലായി പകർത്തിയ ഈ ചലച്ചിതം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് 50,000 രൂപ ആയിരുന്നു. മദിരാശിയിലെ ശ്യാമളാ പിക്ചേഴ്സ് ആയിരുന്നു ഈ ചിത്രം വിതരണം നടത്തിയിരുന്നത്. കോഴിക്കോട് ക്രൗണ്‍ തീയേറ്ററിലായിരുന്നു ആദ്യ പ്രദര്‍ശനം. തിരുവനന്തപുരം ചിത്ര, പാലക്കാട് ഗൗഢര്‍ പിക്ചര്‍ പാലസ്, കൊച്ചി ഡിലെക്റ്റ് ടാക്കീസ് എന്നിവിടങ്ങളിലും ബാലന്‍ പ്രദര്‍ശിപ്പിച്ചു. രണ്ടാനമ്മയുടെ ക്രൂരത പ്രമേയമാക്കിയ ഈ സിനിമയില്‍ 23 ഗാനങ്ങളെഴുതി മലയാളസിനിമയിലെ ആദ്യ ഗാനരചയിതാവായി മുതുകുളം രാഘവന്‍പിള്ള മാറി. പിന്നണി പാടുക എന്നത് സാധ്യതമല്ലാതിരുന്നതിനാൽ പാടാൻ കഴിവുള്ള നടീനടന്മാർ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്. അപ്പോഴുണ്ടായിരുന്ന പ്രശസ്ത ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഈണങ്ങൾ അനുകരിച്ച് ചിട്ടപ്പെടുത്തിയ ഈ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കാർഡുകൾ നിർമ്മിച്ചിരുന്നില്ല.
സേലം മോഡേൺ തീയേറ്റേഴ്സ് ഉടമ ടി. ആർ. സുന്ദരം ബാലൻ സിനിമയുടെ നിർമാതാവായതിന് പിന്നിൽ മലയാളിയായ കെ. ഗോപിനാഥായിരുന്നു. കാക്കരിശി നാടകവുമായി ലോകം ചുറ്റിയിരുന്ന ഗോപിനാഥ് സിനിമാഭ്രാന്തെടുത്ത് അതിനു പിന്നാലെയായി. മദ്രാസിലെക്ക് വണ്ടി കയറിയ ഗോപിനാഥിന് ചില പുരാണ ചിത്രങ്ങളിൽ എക്സ്ട്രാ നടന്മാർക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. പിന്നീട്, മലയാളത്തിൽ ശബ്ദ ചലച്ചിത്രം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ ഒരു മലയാളി അസോസിയേഷനുണ്ടാക്കിയ ഗോപിനാഥ് അതിനുവേണ്ടി പ്രവർത്തനവും തുടങ്ങി. അന്ന് ഒരു ചിത്രം മാത്രം സംവിധാനം ചെയ്തിട്ടുണ്ടായിരുന്ന നാഗർകോവിലുകാരനായ എ. സുന്ദരവും അസോസിയേഷനിൽ അംഗമായിരുന്നു. അറിയാവുന്ന സ്റ്റുഡിയോകൾക്കെല്ലാം അവർ കത്തയക്കുകയും ഒടുവിൽ, ടി. ആർ. സുന്ദരത്തിന്റെ സേലം മോഡേൺ തീയറ്റേഴ്സിൽ നിന്ന് മറുപടി കിട്ടുകയും ചെയ്തു. "വിധിയും മിസിസ് നായരും' എന്ന പേരിൽ സുന്ദരം ഒരു കഥയെഴുതുകയും കഥ കേട്ട ടി. ആർ. സുന്ദരം എസ്. നൊട്ടാണിയെ സംവിധായകനാക്കി പ്രാരംഭ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സിനിമയിലഭിനയിക്കാനെത്തിയ നായികയേയും കൊണ്ട് എ.സുന്ദരം സെറ്റിൽ നിന്നും ഒളിച്ചോടിയതോടെ മുതുകുളം രാഘവൻ പിളളയാണ് കഥയിൽ ചില മാറ്റങ്ങൾ വരുത്തി ബാലന് തിരക്കഥയെഴുതിയത്.
ആദ്യത്തെ ശബ്ദചിത്രമായ ബാലനിലൂടെ തന്നെയാണ് സിനിമാ പരസ്യങ്ങളുടെയും ആരംഭം. മലബാറില്‍ നിന്നും, തിരു-കൊച്ചിയില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളില്‍ ഇതു സംബന്ധിച്ച പരസ്യങ്ങള്‍ അക്കാലത്ത് ഇടയ്ക്കിടെ വന്നിരുന്നു. 1937-ല്‍ വന്ന ആദ്യ പരസ്യത്തിലെ വാചകങ്ങള്‍ ഇപ്രകാരമായിരുന്നു. "വേഗം വരുന്നു, ആദ്യത്തെ മലയാള സ്പെഷ്യല്‍ പടം-ബാലന്‍" പരസ്യം സൂചിപ്പിക്കുന്നതുപോലെ മലയാള സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും സ്പെഷ്യലായി ബാലന്‍ മാറി.