ലണ്ടനിൽ സംഭവിച്ച ബിയർ പ്രളയം
- admin trycle
- Sep 11, 2020
- 0 comment(s)

1814 ഒക്ടോബറിൽ സംഭവിച്ച ഒരു വ്യാവസായിക ദുരന്തമായിരുന്നു ലണ്ടൻ ബിയർ ഫ്ലഡ്. മ്യൂക്സ് ആൻഡ് കമ്പനിയുടെ മദ്യ നിർമ്മാണശാലയിലെ ഒരു വലിയ വാറ്റ് ടാങ്ക് തകർന്നതിനെത്തുടർന്ന് 15 അടി ഉയരത്തിലുള്ള ബിയർ സുനാമി തെരുവുകളിലൂടെ ഒഴുകി. 1810-ൽ മദ്യശാലയായ മ്യൂക്സ് ആൻഡ് കമ്പനി 7 മീറ്റർ ഉയരമുള്ള മരം കൊണ്ടുള്ള പുളിപ്പിക്കൽ ടാങ്ക് (fermentation tank) സ്ഥാപിച്ചിരുന്നു. കൂറ്റൻ ഇരുമ്പ് വളയങ്ങളുപയോഗിച്ച് ഇത് സംരക്ഷിച്ചിരുന്നു.
1814 ഒക്ടോബർ 17 ഉച്ചതിരിഞ്ഞ് ടാങ്കിന് ചുറ്റുമുള്ള ഇരുമ്പ് വളയങ്ങളിലൊന്ന് തകർന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ടാങ്ക് മുഴുവൻ വിണ്ടുകീറി, ചൂടുള്ള പുളിപ്പിച്ച ബിയർ ശക്തിയോടെ പുറത്തുചാടി, ഇത് മദ്യശാലയുടെ പിൻഭാഗത്തെ മതിൽ തകർത്തു. ഈ ഒഴുക്കിൽ മറ്റ് നിരവധി വാറ്റ് ടാങ്കുകൾ കൂടി തകർന്നു.
ഈ ബിയർ സുനാമി, ലണ്ടനിലെ ജനസാന്ദ്രമായ സെന്റ് ജിൽസ് തെരുവിൽ പ്രവേശിച്ചു. ചെറിയവീടുകളിൽ പാവപ്പെട്ടവരും നിരാലംബരും വേശ്യകളും കുറ്റവാളികളും വസിക്കുന്ന പ്രദേശം ആയിരുന്നു ഇത്. ജോർജ്ജ് സ്ട്രീറ്റിലേക്കും ന്യൂ സ്ട്രീറ്റിലേക്കും മിനിറ്റുകൾക്കുള്ളിൽ മദ്യത്തിന്റെ ഈ വേലിയേറ്റം എത്തി. 4 മീറ്റർ ഉയരമുള്ള ബിയർ തിരമാലയിലും അവശിഷ്ടങ്ങളിലും പെട്ട് രണ്ട് വീടുകളുടെ ബേസ്‌മെന്റ് മുങ്ങി, അവ തകരാൻ കാരണമായി. ഒരു വീട്ടിൽ, വെള്ളപ്പൊക്കമുണ്ടായപ്പോൾ മേരി ബാൻഫീൽഡും മകൾ ഹന്നയും കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിൽ, കഴിഞ്ഞ ദിവസം മരണമടഞ്ഞ 2 വയസ്സുള്ള ഒരു ആൺകുട്ടിക്കായി മരണാനന്തര ചടങ്ങ് നടക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്നവരിൽ നാലുപേർ മരണപ്പെട്ടു. ടാവിസ്റ്റോക്ക് ആർമ്സ് പബിന്റെ മതിൽ കൂടി തിരമാല തകർത്തു. ബാർമെയ്ഡ് എലീനോർ കൂപ്പർ എന്ന കുട്ടി ഈ അവശിഷ്ടങ്ങളിൽ കുടുക്കി.
ആകെ എട്ട് പേർ ഈ ബിയർ സുനാമിയിൽ പെട്ട് മരണപ്പെട്ടു. അപകടത്തിന്റെ പേരിൽ മദ്യവിൽപ്പനശാലയെ കോടതിയിലെത്തിച്ചെങ്കിലും ദുരന്തം ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് വിധിക്കപ്പെട്ടു, ആരും ഉത്തരവാദികളായില്ല. മരംകൊണ്ടുള്ള ഫെർമന്റെഷൻ ടാങ്കിൽ നിന്ന് ക്രമേണ ഘട്ടംഘട്ടമായി കോൺക്രീറ്റ് ടാങ്കുകൾ മാറ്റിസ്ഥാപിക്കുന്നതിന് ഈ ദുരന്തം കാരണമായി