ഓട്ടന്‍ തുള്ളല്‍
- admin trycle
- Feb 27, 2020
- 0 comment(s)
ഓട്ടന്‍ തുള്ളല്‍
കേരളീയ ക്ലാസിക്-നാടന്‍ കലാപാരമ്പര്യങ്ങളെ കൂട്ടിയിണക്കി കുഞ്ചന്‍നമ്പ്യാര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ആവിഷ്കരിച്ചതാണ് തുള്ളല്‍ എന്ന ജനകീയ കലാരൂപം.സാധാരണക്കാരന്‍റെ കഥകളി എന്നറിയപ്പെടുന്ന ഈ കലാരൂപം, ക്ഷേത്രകല എന്ന നിലയ്ക്ക് കേരളത്തില്‍ എല്ലായിടത്തും അവതരിപ്പിച്ചുവരുന്നു. കുഞ്ചന്‍നമ്പ്യാര്‍ അവതരിപ്പിച്ച തുള്ളല്‍കലയില്‍ ഓട്ടന്‍,ശീതങ്കന്‍,പറയന്‍ എന്നീ മൂന്നു വിധത്തിലുള്ള തുള്ളല്‍ രൂപങ്ങള്‍ ഉണ്ടെങ്കിലും ഓട്ടന്‍ തുള്ളലിനാണ് പ്രാധാന്യം കല്‍പ്പിച്ചത്. അതിനാല്‍ തുള്ളലിന് സാമാന്യമായി ഓട്ടന്‍ തുള്ളല്‍ എന്ന വിശേഷണം ഉപയോഗിച്ചുവരുന്നു. ചാക്യാര്‍കൂത്തിനു പകരമായിട്ടാണ് കുഞ്ചന്‍നമ്പ്യാര്‍ അമ്പലപ്പുഴയില്‍ വച്ച് ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥക്കും,മുന്‍വിധികള്‍ക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ആ പ്രകടനം.
നമ്പ്യാർ അമ്പലപ്പുഴയിൽ താമസിക്കുന്ന കാലത്ത് ക്ഷേത്രത്തിൽ കൂത്തു പറഞ്ഞിരുന്ന ചാക്യാരെ തോൽപ്പിക്കാൻ ഒറ്റ രാത്രികൊണ്ട് എഴുതി സംവിധാനം ചെയ്താണ് ആദ്യത്തെ തുള്ളലായ കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളല്‍ എന്ന ഐതിഹ്യം പൂർണ്ണമായും വിശ്വസയോഗ്യമല്ല. എന്നാൽ തുള്ളലിന് ഇന്ന് കാണുന്ന രൂപം നൽകി അതിനെ ഒരു കലാ പ്രസ്ഥാനമാക്കിയത് കുഞ്ചന്‍ നമ്പ്യാര്‍ തന്നെയാണ്. കൂടിയാട്ടം, കൂത്ത് കഥകളി, കൃഷ്ണനാട്ടം, പടയണി, കോലം തുള്ളൽ, മുതലായ കലാരൂപങ്ങളുടെ രസകരമായ പല അംശങ്ങളും സ്വീകരിച്ച് ഒരു കലാസാഹിത്യപ്രസ്ഥാനത്തിന് രൂപം നൽകുകയാണ് നമ്പ്യാർ ചെയ്തത്. തകഴിയിലും പരിസരങ്ങളിലും പ്രചാരത്തിലുള്ള അനുഷ്‌ഠാന കലയായ പടയണിയില്‍ ഊരാളി തുള്ളല്‍, കോലം തുള്ളല്‍, പൂപ്പട തുള്ളല്‍ എന്നിങ്ങനെയുള്ള നൃത്ത രീതികളുണ്ട്. ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്ന പേരുകള്‍ പടയണിയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. തുള്ളല്‍ എന്നാല്‍ നൃത്തമെന്നര്‍ത്ഥം. ഈ മൂന്നു തരം തുള്ളലുകളും തമ്മിൽ വേഷത്തിലും അവതരണത്തിലും താളത്തിനും വ്യത്യാസമുണ്ട്. ഓട്ടനിൽ തരംഗിണീവൃത്തത്തിനും, പറയനിൽ മല്ലികക്കും, ശീതങ്കനിൽ കാകളിക്കും പ്രാധാന്യം നൽകുന്നു. ഓട്ടനിലെ ഈണം താരതമ്യേന കൂടുതൽ ചടുലമാണ്. നൃത്തത്തിനും ഗാനത്തിനും യോജിക്കുന്ന താള- രാഗവ്യവസ്ഥ ഒരുക്കുന്നതിനും കവി സവിശേഷ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
ഓട്ടൻ തുള്ളലിലെ വേഷക്രമം കഥകളിയുടെതിനോട് വളരെ അടുത്തിരിക്കുന്നു. തലയിൽ ഭംഗിയുള്ള കിരീടം, ഉരസ്സിനേയും, ഉദരത്തേയും മറയ്ക്കുന്ന മാർമാലയും, കഴുത്താരവും,കൈയിൽ തോൽക്കൂട്ടും, പരത്തിക്കാമണിയും, അരയിൽ അമ്പലപ്പുഴക്കോണകം എന്നു പറയാറുള്ള തുണിനാടകൾകൊണ്ടുണ്ടാക്കിയ പാവാടയും, ശരമുണ്ടും, കാലിൽ ചിലങ്കകൾ- എന്നിവയാണ് ഓട്ടനിലെ വേഷങ്ങൾ. ശീതങ്കൻ തുള്ളലിൽ കിരീടം അണിയാറില്ല. പകരം'കൊണ്ട' കെട്ടി കുരുത്തോലയിൽ നിർമ്മിക്കാപ്പെട്ട 'കൊണ്ടത്താമര' വെച്ചുകെട്ടും. കൈയിലും, മെയ്യിലും കുരുത്തോല പിണച്ചുണ്ടാക്കിയ ആഭരണം ധരിക്കും. പറയൻ തുള്ളലിൽ നാഗഭരണാകൃതിയിലുള്ള കിരീടവും, ഉടുത്തുകെട്ടിന് ചുവന്ന പാട്ടും ഉപയോഗിക്കുന്നു. മുഖത്ത് തേപ്പ് കാണുകയില്ല. തലമുടിയിൽ ചുവന്ന പട്ടും തൊങ്ങലും കോർത്തിരിക്കും
നൃത്തം ചവിട്ടിക്കൊണ്ടും പാട്ടു പാടിക്കൊണ്ടും ഹസ്‌ത മുദ്രകാളും ആംഗ്യവും ഉപയോഗിച്ച് കഥ ചൊല്ലിപ്പോകുന്ന സമ്പ്രദായമാണ് തുള്ളല്‍ കലയിലുള്ളത്. നൃത്തത്തിനു ചേരും വിധം രചിക്കപ്പെട്ടിട്ടുള്ളതിനാല്‍ തുള്ളലിലെ സംഗീതം താള പ്രധാനമാണ്. ഓട്ടന്‍ തുള്ളലില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍ പ്രധാനമായും കുഴിത്താളവും തൊപ്പിമദ്ദളവുമാണ്. തരംഗിണി എന്ന വൃത്തമാണ് ഇതില്‍ പൊതുവായി ഉപയോഗിച്ചു കാണുന്നത്. തൊപ്പി മദ്ദളത്തിനു പകരം ഇപ്പോള്‍ മൃദംഗവും പിന്നെ കൈമണിയുമാണ് തുള്ളലിലെ വാദ്യങ്ങള്‍. അടന്ത, ചെമ്പട, ചമ്പ, പഞ്ചാരി, ഏകം, കാരിക, ലക്ഷ്‌മി, കുണ്ടനാച്ചി, കുംഭം എന്നിവയാണ് താളങ്ങള്‍. ഓട്ടന്‍ തുള്ളല്‍ മൂന്നു പേര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്നു. തുള്ളല്‍കാരനും രണ്ടു വാദ്യക്കാരും. മുദ്രകള്‍ കാണിച്ച് അഭിനയിച്ച് തുള്ളല്‍ക്കാരന്‍ പാടുമ്പോള്‍ വാദ്യക്കാരും ഏറ്റു പാടും.
ഇപ്പോള്‍ എല്ലാം സമുദായക്കാരും ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും നമ്പ്യാര്‍ സമുദായത്തിന്റെ പാരമ്പര്യ കല എന്ന നിലയ്‌ക്കാണ് ഇതു വളര്‍ച്ച പ്രാപിച്ചത്. കലാകാരന്മാര്‍ക്ക് മെയ് വഴക്കം അനിവാര്യമാണ്, ഇതിനായി പലപ്പോഴും കളരി അഭ്യാസം നേടുന്നു. എന്നാല്‍ മെയ് സാധകത്തോടൊപ്പം ചുവടു സാധകം, മുദ്രാസാധകം, മുഖാംഗ സാധകം, ചൊല്ലിയാട്ടം എന്നിവയിലും ശിക്ഷണം ലഭിച്ചിരിക്കണം. ഒരു ദൃശ്യകല രൂപമെന്നതിലുപരി സാഹിത്യത്തിലൂടെയുള്ള പരിഹാസവും കുറിക്കു കൊള്ളുന്ന നര്‍മ്മങ്ങൾക്കും തുള്ളലില്‍ പ്രാധാന്യമുള്ളതിനാല്‍ തുള്ളല്‍ സാഹിത്യത്തിലും സംഗീതത്തിലും കലാകാരന്മാര്‍ക്കു പ്രാവീണ്യം ഉണ്ടായിരിക്കേണ്ടതുണ്ട്.
താളങ്ങളില്‍, വേഷങ്ങളില്‍, നൃത്തരീതികളില്‍ എന്നിങ്ങനെ എല്ലാത്തിലും കേരളീയമായ നാടന്‍ കലകളുടെ ചാരുത ദര്‍ശിക്കുവാന്‍ കഴിയുന്ന തുള്ളല്‍കല അതുല്യമായ ഒരു കലാ രൂപമാണ്. നളചരിതം, കിരാതം, ഘോഷയാത്ര, സ്യമന്തകം, രുഗ്മിണീ സ്വയംവരം, രാമാനുചരിതം, ബകവധം, രാവണോത്ഭവം, ബാലിവിജയം, ബാണയുദ്ധം, അഹല്യാമോക്ഷം എന്നിങ്ങനെ ഒട്ടേറെ കൃതികള്‍ കുഞ്ചാന്‍ നമ്പ്യാര്‍ ഓട്ടന്‍ തുള്ളലിനു വേണ്ടി രചിച്ചിട്ടുണ്ട്. രാമപുരത്തു വാര്യരുടെ ഐരാവണ വധം, വെണ്മണി മഹന്റെ പാഞ്ചാലീ സ്വയംവരം, കെ. പി. കറുപ്പന്റെ കാളിയ മര്‍ദ്ദനം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശ്രീശങ്കര വിലാസം, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്റെ രാമായണം എന്നീ കൃതികള്‍ നമ്പ്യാര്‍ക്കു ശേഷം ഉണ്ടായവയാണ്. പുരാണകഥകളെ സാധാരണജനങ്ങളിലേക്കെത്തിക്കാനും, ഒപ്പം സാമൂഹികവിമര്‍ശനം നടത്തുവാനും ഓട്ടന്‍ തുള്ളല്‍ ഉപയോഗപ്പെടുത്തി.