പ്രേം നസീര്‍
- admin trycle
- Jun 18, 2020
- 0 comment(s)

പ്രേം നസീര്‍
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർസ്റ്റാറുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് പ്രേം നസീര്‍. മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു. തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രിൽ 7 നാണ് അദ്ദേഹം ജനിച്ചത്. അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ചങ്ങനാശ്ശേരി എസ് ബി കോളേജിലെ പഠനകാലത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം 1952ൽ പുറത്തിറങ്ങിയ മരുമകളിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സിനിമാചിത്രീകരണത്തിനിടെ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അബ്ദുള്‍ ഖാദര്‍ എന്ന പേര് നസീര്‍ എന്നാക്കി മാറ്റിയത്. പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീര്‍ എന്ന പേര് സംവിധായകന്‍ കുഞ്ചാക്കോ പ്രേം നസീര്‍ എന്നാക്കി മാറ്റി. 1978-79 കാലത്ത് പുറത്തിറങ്ങിയ മിക്ക സിനിമകളിലും അദ്ദേഹം നായകവേഷം കൈകാര്യം ചെയ്തു. 1979-ല്‍ മാത്രം അദ്ദേഹത്തിന്‍റേതായി 39 ചിത്രങ്ങള്‍ പുറത്തിറങ്ങിയത് പുതിയൊരു റെക്കോര്‍ഡാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിന്‍റെ മിക്ക സിനിമകളും നിര്‍മ്മിച്ചത് ഉദയ, മെറിലാന്‍റ് സ്റ്റുഡിയോകളായിരുന്നു. മൂന്ന് വിഭാഗങ്ങളിലായി അദ്ദേഹത്തിന്റെ പേരിൽ ഗിന്നസ് റിക്കോര്‍ഡുകൾ ഉണ്ട്. ഏറ്റവുമധികം സിനിമകളില്‍ നായകനായി അഭിനയിച്ചതിന്‍റെ ഗിന്നസ് റെക്കോര്‍ഡ് ഇന്നും അദ്ദേഹത്തിന് സ്വന്തമാണ്. 781 ചിത്രങ്ങളില്‍ 93 നായികമാരുടെ നായകനായി അഭിനയിച്ചും അദ്ദേഹം ഗിന്നസ് റെക്കോര്‍ഡ് നേടിയെടുത്തു. പ്രേം നസീറും ഷീലയും മലയാളസിനിമയെ ഇളക്കിമറിച്ച താരജോഡികളിലൊന്നായിരുന്നു. 130 ചലച്ചിത്രങ്ങളില്‍ പ്രണയജോഡികളായി അഭിനയിച്ച ഈ താരങ്ങളുടെ പേരിലും നിലനില്‍ക്കുന്നത് സര്‍വ്വകാല റെക്കോര്‍ഡാണ്.
മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, നദി, അനുഭവങ്ങൾ പാളിച്ചകൾ, അഴകുള്ള സെലീന, വിട പറയും മുൻപേ, പടയോട്ടം, ധ്വനി തുടങ്ങിയ സിനിമകളിലെയെല്ലാം ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. എഴുന്നൂറോളം മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ച പ്രേംനസീര്‍ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 56 തമിഴ് ചിത്രങ്ങളിലും 21 തെലുഗു ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും ഈ നിത്യവസന്ത നായകൻ അഭിനയിച്ചു. 1990-ല്‍ പുറത്തിറങ്ങിയ കടത്തനാടന്‍ അമ്പാടി എന്ന ചലച്ചിത്രമാണ് അദ്ദേഹത്തിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.
1983-ല്‍ ചലച്ചിത്രത്തിലെ സമഗ്രസംഭാവനക്കായി പത്മഭൂഷണ്‍ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സര്‍വ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേകജൂറി പുരസ്കാരം അദ്ദേഹത്തിന് 1981-ല്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു. 2013-ല്‍ ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ സിനിമാമേഖലയിലെ 50 പേരുടെ സ്റ്റാമ്പ് പുറത്തിറക്കിയതില്‍ മലയാളത്തെ പ്രതിനിധീകരിച്ച് ഇടം നേടിയ വ്യക്തിയാണ് പ്രേം നസീര്‍. അദ്ദേഹത്തിന്റെ മകൻ ഷാനവാസും മലയാള സിനിമാ നടനാണ്. ഷാനവാസ് ഉൾപ്പെടെ നാല് മക്കളാണുള്ളത്. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച (അന്തരിച്ച) പ്രേം നവാസ് അദ്ദേഹത്തിന്റെ സഹോദരനാണ്. 1989 ജനുവരി 16-ന് ചെന്നൈയില്‍ വച്ച് പ്രേം നസീർ എന്ന മഹാപ്രതിഭ അന്തരിച്ചു.