മില്‍ഖ സിംഗ്
- admin trycle
- Apr 24, 2020
- 0 comment(s)

മില്‍ഖ സിംഗ്
"പറക്കും സിംഗ്" എന്നറിയപ്പെടുന്ന മില്‍ഖ സിംഗ് ഒളിമ്പിക് അത്‌ലറ്റിക് മത്സരത്തിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായ മിൽഖാ മധ്യദൂര ഓട്ടത്തിലായിരുന്നു ഐതിഹാസികമായ പ്രകടനങ്ങൾ നടത്തിയത്.
1935 ഒക്ടോബര്‍ 17 ന്, ഇന്ത്യാ വിഭജനത്തിനു മുൻപ് ഇന്നത്തെ പാക്കിസ്ഥാന്‍റെ ഭാഗമായ ലിയാല്‍പൂരിലാണ് (ഇന്ന് ഫൈസലാബാദ്) അദ്ദേഹം ജനിച്ചത്. ഇപ്പോൾ ഈ പ്രദേശം പാകിസ്താനിലെ മുസ്സാഫിർഗാർ എന്ന ജില്ലയിലാണ്. 1947-ല്‍ ഇന്ത്യാവിഭജനസമയത്ത് മില്‍ഖ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് മാറി. വിഭജനകലാപത്തോടെ അനാഥനായിത്തീരുകയായിരുന്നു ഈ ഇതിഹാസതാരം. വിഭജനത്തെത്തുടർന്നുണ്ടായ കലാപത്തിൽ തന്റെ മാതാപിതാക്കളുടേയും, സഹോദരങ്ങളുടേയും നഷ്ടപ്പെട്ട അദ്ദേഹം പടിഞ്ഞാറൻ പാകിസ്താനിലെ മുസാർഫർഗഡിൽ നിന്നും അഭയാർത്ഥിയായി ഇന്ത്യയിലെത്തി. അഭയാർത്ഥിയായി കുറേ നാൾ ക്യാംപുകളിൽ താമസിച്ച അദ്ദേഹം പിന്നീട് അഭയാർത്ഥികൾക്കായി സർക്കാർ നിർമ്മിച്ച കോളനികളിലൊന്നിൽ സ്ഥിരതാമസമാക്കി.
ഡൽഹിയിലെത്തിയ ശേഷം ഇന്ത്യൻ കരസേനയിൽ അംഗമാകാൻ പലതവണ ശ്രമിച്ച മിൽഖ ഒടുവിൽ സേനയുടെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ പ്രവേശനം നേടി. ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിന് മുമ്പ് റോഡരികിലെ റെസ്റ്റോറന്റിൽ ജോലി ചെയ്താണ് അദ്ദേഹം ജീവിതം നയിച്ചത്. ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് മില്‍ഖ കായികരംഗത്തില്‍ ആകൃഷ്ടനാകുന്നത്. ഒരു സ്പ്രിന്‍ററാകാൻ തനിക്ക് കഴിവുണ്ടെന്ന് മില്‍ഖ അക്കാലത്ത് തിരിച്ചറിഞ്ഞു. സർവീസ് അത്‌ലറ്റിക്സ് മീറ്റിലൂടെയാണ് മിൽഖാ ആദ്യമായി മത്സര രംഗത്തെത്തുന്നത്. 200 മീറ്ററിലും 400 മീറ്ററിലും ദേശീയ ട്രയൽസ് ജയിച്ച മിൽഖ 1956 ൽ മെൽബണിൽ നടന്ന ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടി. എന്നാൽ 200 മീറ്ററിലും 400 മീറ്ററിലും ദേശീയചാമ്പ്യനായ മില്‍ഖ പ്രാഥമികഘട്ടത്തില്‍ തന്നെ പുറത്തായി. പിന്നീട് 1958-ലെ ഏഷ്യന്‍ഗെയിംസില്‍ ഇതേ വിഭാഗങ്ങളില്‍ മില്‍ഖ ജേതാവായി. അതേ വർഷം കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്റർ സ്വർണം അദ്ദേഹം നേടിയ മില്‍ഖ കോമൺവെൽത്ത് മത്സരചരിത്രത്തില്‍ ഇന്ത്യക്ക് ആദ്യമായി അത്ലറ്റിക് ഗോള്‍ഡ് മെഡല്‍ നേടിക്കൊടുത്ത വ്യക്തി എന്ന ചരിത്രനേട്ടം സ്വന്തമാക്കി. ഓരോ ഓട്ടത്തിലും മികവ് പുലര്‍ത്തി സമയം മെച്ചപ്പെടുത്താന്‍ മില്‍ഖ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
1960-ല്‍ റോമില്‍ നടന്ന ഒളിമ്പിക്സ് 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ നാലാമതായെത്തിയ മില്‍ഖ ഒളിമ്പിക്സിൽ ട്രാക്ക് ആന്‍റ് ഫീല്‍ഡ് വിഭാഗത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രനേട്ടം കരസ്ഥമാക്കി. ഫൈനലിൽ ഫോട്ടോ ഫിനിഷിൽ ആയിരുന്നു അദ്ദേഹത്തിന് വെങ്കല മെഡൽ നഷ്ടമായത്. അതോടെ മില്‍ഖ പ്രത്യേകം ശ്രദ്ധ നേടിയിരുന്നു. 1962 ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ സ്വർണം സിംഗ് നിലനിർത്തി, കൂടാതെ ഇന്ത്യയുടെ 4 × 400 മീറ്റർ റിലേ ടീമിന്റെ ഭാഗമായി മറ്റൊരു സ്വർണവും നേടി. 4 × 400 മീറ്റർ റിലേ ടീമിന്റെ ഭാഗമായി 1964 ലെ ടോക്കിയോ ഗെയിംസിലായിരുന്നു അദ്ദേഹം അവസാനമായി ഒളിമ്പിക്സിൽ പങ്കെടുത്തത്. എന്നാൽ പോസ്റ്റ് പ്രിലിമിനറി ഹീറ്റ്സിൽ തന്നെ ടീം പരാജയപ്പെട്ട് പുറത്താകുകയായിരുന്നു.
പിന്നീട് വിശ്രമത്തിനായി കുറച്ച് കാലം മാറ്റിവച്ച് അദ്ദേഹം യുവകായികതാരങ്ങള്‍ക്ക് അവസരം നല്കി. ഓട്ടത്തില്‍ പുതിയ റെക്കോഡുകള്‍ വരുകയും പഴയ വിജയങ്ങള്‍ പലതും പഴങ്കഥയാവുകയും ചെയ്യും. 1960-ലെ ഒളിമ്പിക്സില്‍ നാലാമനായ മില്‍ഖയുടെ സമയമായ 45.73 എന്നത് 40 വര്‍ഷത്തോളം ആരാലും തകര്‍ക്കപ്പെടാന്‍ കഴിയാതെ നിന്ന ഇന്ത്യൻ ദേശീയ റെക്കോര്‍ഡാണ്. 2010 വരെ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ചരിത്രത്തില്‍ അത്ലറ്റിക് വിഭാഗത്തില്‍ വ്യക്തിഗതമെഡല്‍ നേട്ടത്തിനുടമയായ ഏക ഇന്ത്യന്‍ മില്‍ഖ സിംഗായിരുന്നു. 1956 മുതല്‍ 1964 വരെ 3 ഒളിമ്പിക്സ് മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിദാനം ചെയ്തു. അദ്ദേഹത്തിന്‍റെ കായികനേട്ടങ്ങള്‍ക്കുള്ള ബഹുമതിയായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ പരമോന്നത പുരസ്കാരമായ പത്മശ്രീ നല്കി ആദരിച്ചു. വിരമിച്ച ശേഷം പഞ്ചാബിൽ സ്പോർട്സ് ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിങ്ങിന്റെ ആത്മകഥയായ ദി റേസ് ഓഫ് മൈ ലൈഫ് (മകൾ സോണിയ സൻവാൽക്കയ്‌ക്കൊപ്പം എഴുതിയത്) 2013 ൽ പ്രസിദ്ധീകരിച്ചു. 2013 ൽ പുറത്തിറങ്ങിയ ഭാഗ് മിൽഖാ ഭാഗ് എന്ന ഹിന്ദി ചലച്ചിത്രത്തിന് പ്രചോദനമായത് ഈ കൃതിയാണ്.