ക്രിസ്റ്റഫർ നോളൻ
- admin trycle
- Jul 6, 2020
- 0 comment(s)

ക്രിസ്റ്റഫർ നോളൻ
ഒരു ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് ക്രിസ്റ്റഫർ നോളൻ. ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻ കൂടിയായ ക്രിസ്റ്റഫർ നോളന്റെ മിക്ക ചലച്ചിത്രങ്ങളും മികച്ച വാണിജ്യ വിജയം നേടിയവയാണ്. ഒരേസമയം കലാ മൂല്യമുള്ളതും വാണിജ്യ മൂല്യമുള്ളതുമായ ചലച്ചിത്രങ്ങൾ നിർമ്മിക്കുവാൻ കഴിയുന്നു എന്നത് നോളൻ പടങ്ങള്‍ക്ക് ലോക പ്രശസ്തി നേടിക്കൊടുത്തു.
1970 ജൂലൈ 30ന് ലണ്ടനിലാണ് ക്രിസ്റ്റഫർ നോളൻ ജനിച്ചത്. ക്രിസ്റ്റഫർ ജൊനാഥൻ ജെയിംസ് നോളൻ എന്നാണ് പൂർണ്ണ നാമം. ഇദ്ദേഹത്തിന്റെ അമ്മ അമേരിക്കയിൽ നിന്നും അച്ഛൻ ബ്രിട്ടനിൽ നിന്നുമായിരുന്നു. കുട്ടിക്കാലത്ത് ലണ്ടന് പുറത്തുള്ള ഹെയ്‌ലിബറി ബോർഡിംഗ് സ്‌കൂളിൽ ചേർന്ന നോളൻ ചെറുപ്പം മുതൽ തന്നെ സിനിമ നിർമ്മാണത്തിൽ താൽപ്പര്യമുണ്ടായിരുന്നു. നോളൻ പിതാവിന്റെ സൂപ്പർ -8 ക്യാമറയാണ് തന്റെ ഷൂട്ടിങ്ങിനായി ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത്. ജോർജ്ജ് ലൂക്കാസിന്റെ 'സ്റ്റാർ വാർസ്' സിനിമകളും റിഡ്‌ലി സ്കോട്ടിന്റെ സിനിമകളും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. പിന്നീട് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. അവിടെ അദ്ദേഹം ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും സ്കൂളിന്റെ ഫിലിം സൊസൈറ്റിയിൽ ചേരുകയും ചെയ്തു. ഇക്കാലത്ത് രണ്ട് ഹ്രസ്വചിത്രങ്ങൾ നോളൻ നിർമ്മിച്ചിരുന്നു. 1989ൽ പുറത്തിറക്കിയ സർറിയലിസ്റ്റ് ചിത്രമായ ടറാന്റെല ആയിരുന്നു ഇതിൽ ആദ്യത്തേത്. 1995ൽ പുറത്തിറക്കിയ ലാർസെനി ആയിരുന്നു രണ്ടാമത്തേത്.
പഠനത്തിന് ശേഷം നോളൻ കോർപ്പറേറ്റ്, വ്യാവസായിക പരിശീലന വീഡിയോകൾ സംവിധാനം ചെയ്യാൻ തുടങ്ങി. 1998ല്‍ പുറത്തിറങ്ങിയ ഫോളോയിംഗിലൂടെയാണ് നോളന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് 2000ൽ പുറത്തിറങ്ങിയ നിയോ നോയർ ചലച്ചിത്രമായ മെമെന്റോയിലൂടെ അദ്ദേഹം ലോക പ്രശസ്തി നേടി. ഷോര്‍ട്ട് ടേം മെമ്മറി ലോസ് അസുഖം ബാധിച്ച നായകൻ തന്റെ ഭാര്യയുടെ ഘാതകരെ തേടുന്നതാണ് സിനിമയുടെ പ്രമേയം. തന്റെ സഹോദരന്‍ ജൊനാഥന്‍ നോളന്റെ ‘മെമെന്റോ മോറി’ എന്ന ചെറുകഥയെ ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ് ഇതിന്റെ തിരക്കഥ ഒരുക്കിയത്. തുടര്‍ന്ന് 2002-ല്‍ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് മികച്ച വിജയം നേടിയ ഇന്‍സോംമനിയ, ബാറ്റ്മാന്‍ സിനിമകളായ ബാറ്റ്മാന്‍ ബിഗിന്‍സ്(2005), ദ ഡാര്‍ക്ക് നൈറ്റ്(2008), ദ ഡാര്‍ക്ക് നൈറ്റ് റൈസസ്(2012), ദ പ്രസ്റ്റീജ്(2006), ഇന്‍സെപ്ഷന്‍(2010), ഇന്റര്‍സ്റ്റെല്ലാര്‍ (2014), ഡണ്‍കിര്‍ക്ക് (2017) തുടങ്ങിയ ചിത്രങ്ങളെല്ലാം ഒരേ സമയം വാണിജ്യപരമായും കലാപരമായും പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു.
ക്രിസ്റ്റ്യന്‍ ബെയിലിനെ നായകനാക്കി പുറത്തിറങ്ങിയ 'ദ ഡാര്‍ക്ക് നൈറ്റ്' എന്ന ചിത്രത്തിൽ ഹെത്ത് ലെഡ്ജർ അവതരിപ്പിച്ച "ജോക്കർ" ലോകസിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വില്ലന്മാരിൽ ഒരാളായി. ആളുകള്‍ ഉറങ്ങുമ്പോള്‍ അവരുടെ സ്വപ്നത്തില്‍ നിന്ന് ആശയങ്ങളും ചിന്തകളും കട്ടെടുത്ത്, ആവശ്യക്കാര്‍ക്ക് വിറ്റ് ഉപജീവനം നടത്തുന്ന ഒരാളുടെ കഥയാണ് അദ്ദേഹം സംവിധാനം ചെയ്ത ‘ഇന്‍സെപ്ഷന്‍’ എന്ന ചിത്രം. എക്കാലത്തേയും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ ഒന്നായിരുന്നു 2014 ൽ അദ്ദേഹം സംവിധാനം ചെയ്ത 'ഇന്റര്‍സ്റ്റെല്ലാര്‍'. തമോദ്വാരം, വിരനാളി (worm hole), സ്ഥലകാലങ്ങള്‍, സമയയാത്ര തുടങ്ങിയ ശാസ്ത്രസങ്കല്പങ്ങള്‍ പ്രമേയമായിവരുന്ന ഒരു ചലച്ചിത്രമാണ് ഇത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് തീരത്ത് പെട്ടുപോകുന്നത് പ്രമേയമാക്കി നോളൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഡണ്‍കിര്‍ക്ക്'. ഡണ്‍കിര്‍ക്ക് തീരത്ത് ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സഖ്യകക്ഷി സൈനികരുടെ അനുഭവങ്ങളാണ് സിനിമ പറയുന്നത്. പ്രമേയത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തീവ്രതയേറിയ അനുഭവമാക്കി മാറ്റുന്നതില്‍ നോളന്‍ വിജയിച്ചിട്ടുണ്ട്.
സ്വതസ്സിദ്ധമായ ശൈലിയിൽ ചലച്ചിത്രങ്ങളെടുക്കുന്നതിന് പ്രസിദ്ധനായ നോളൻ, തന്റെ സിനിമകളിൽ തത്വശാസ്ത്രം, സാമൂഹികം, ആദർശം, മാനവിക സദാചാരം, കാലത്തിന്റെ നിർമ്മിതി, മനുഷ്യന്റെ വ്യക്തിത്വം, ഓർമ്മ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്. മൂന്നു തവണ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം നേടിയ നോളന് സംവിധാനത്തിലെ കലാമികവിനുള്ള ബാഫ്ത ബ്രിട്ടാനിയ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ക്രിസ്റ്റഫർ നോളനും ഭാര്യയായ എമ്മ തോമസും ചേർന്ന് ലണ്ടനിൽ നടത്തുന്ന ചലച്ചിത്ര നിർമ്മാണ് കമ്പനിയാണ് സിൻകോപി.