ഹൈക്കുകവിതകളുടെ അഷിത
- admin trycle
- May 11, 2020
- 0 comment(s)

അഷിത
ചെറുകഥാകൃത്തും, കവയിത്രിയും, വിവര്‍ത്തകയുമായി മലയാള സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അഷിത. ഹൈക്കു കവിതകളെ ആദ്യമായി മലയാള സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തി കൊടുത്ത എഴുത്തുകാരിയായ അഷിത മലയാള ബാലസാഹിത്യത്തിന് പുത്തന്‍ ഭാവങ്ങള്‍ നല്‍കിയ കഥാകാരി കൂടിയാണ്. ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ.
1956 ഏപ്രില്‍ അഞ്ചിന് തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് ജനിച്ചത്. കെ.ബി. നായരുടേയും (കഴങ്ങോട്ടു ബാലചന്ദ്രൻനായർ) തങ്കമണിയമ്മയുടേയും മകളായി ജനിച്ച അഷിത ഡൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. കേരള സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. കെ.വി. രാമന്‍കുട്ടിയെ വിവാഹം ചെയ്ത ഇവർക്ക് ഒരു മകളുണ്ട്
മലയാളത്തിലെ ആധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയായിരുന്ന അഷിത, സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും വ്യാകുലതകളും വരച്ചുകാട്ടുന്ന കഥകളിലൂടെയാണ് വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായത്. കവിതകളും ബാലസാഹിത്യകൃതികളും ആത്മീയഗ്രന്ഥങ്ങളും ഇവർ രചിച്ചിട്ടുണ്ട്.
"മൂന്നടിയാല്‍ സമസ്തവുമളന്നു
ചിരിക്കും വാമനനെപ്പോല്‍"
-ഹൈക്കു
എന്ന് ചൊല്ലിക്കൊണ്ട് മലയാള സാഹിത്യലോകത്ത് ഹൈക്കു എന്ന ജാപ്പനീസ് കാവ്യരൂപത്തെ പ്രതിഷ്ഠിച്ച എഴുത്തുകാരിയാണ് അഷിത. മൂന്ന് വരികളിലൊതുങ്ങുന്ന കാവ്യസമ്പ്രദായമാണ് ഹൈക്കു കവിതകള്‍. ചെറുതിന്‍റെ സൗന്ദര്യവും ശക്തിയും ആവാഹിക്കുന്നവയാണ് ഇതിലെ ഓരോ കവിതയും എന്ന് എഴുത്തുകാരി തന്നെ അഭിപ്രായപ്പെടുന്നു. 2014 ജനുവരി 1 ന് ഗ്രീന്‍ പെപ്പര്‍ പബ്ലിക്കേഷനാണ് അഷിതയുടെ ഹൈക്കുകവിതകളെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.
മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കിന്‍റെ കവിതകള്‍ മലയാളത്തിലേക്ക് അഷിത വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. മനോഹരമായ ബാലസാഹിത്യകൃതികളുടെ കര്‍ത്താവായ അഷിത കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവ പുനരാഖ്യാനം ചെയ്തു. വിവര്‍ത്തന സാഹിത്യത്തില്‍ മലയാളത്തിന് പകരം വക്കാനാവാത്ത പ്രതിഭയായ അഷിത കഥ, കവിത, നോവലെറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ചു.
1986 ൽ വിസ്മയചിഹ്നങ്ങൾ എന്ന കൃതിക്ക് ഇടശ്ശേരി പുരസ്കാരം നേടിയ അഷിത, 1994 ൽ ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡും നേടി. 2000 ൽ 'തഥാഗത'യ്ക്ക് പത്മരാജൻ പുരസ്കാരവും ഇവർ നേടി. 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരവും അഷിത നേടിയിരുന്നു. അതുപോലെതന്നെ അങ്കണം അവാർഡ്
തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ് എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്.
മരണത്തിന് ഒന്നരമാസം മുമ്പ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി അവര്‍ നടത്തിയ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'അത് ഞാനായിരുന്നു' എന്ന പേരിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഏതാനും മാസങ്ങൾക്കകം അഷിത അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഈ കഥാകാരി 2019 മാര്‍ച്ച് 27-ന് അന്തരിച്ചു
പ്രധാന രചനകള്‍
ډ വിസ്മയചിഹ്നങ്ങള്‍
ډ അപൂര്‍ണ്ണവിരാമങ്ങള്‍
ډ മഴമേഘങ്ങള്‍
ډ കല്ലുവച്ച നുണകള്‍
ډ തഥാഗത
ډ ഒരു സ്ത്രീയും പറയാത്തത്
ډ വിവാഹം ഒരു സ്ത്രീയോട് ചെയ്യുന്നത്
ډ കുട്ടികളുടെ ഐതിഹ്യമാല
ډ രാമായണം കുട്ടികള്‍ക്ക്
ډ അലക്സാണ്ടര്‍ പുഷ്കിന്‍റെ കവിതകളുടെ മലയാളതര്‍ജ്ജമ