ഔറംഗസേബ്
- admin trycle
- Jul 31, 2019
- 0 comment(s)

ഷാജഹാന്റെയും മുംതാസ് മഹലിന്റെയും മകനായി ഔറംഗസേബ് ജനിച്ചത് 1618 നവംബർ 3 നാണ്. വളരെ ധീരനും ധൈര്യശാലിയുമായ വ്യക്തിയാണ് ഔറംഗസേബ് എന്നത് വളരെ ചെറുപ്പത്തിൽ തന്നെ എല്ലാവരും തിരിച്ചറിഞ്ഞ കാര്യമാണ്. ഈ സാമർഥ്യം കൊണ്ട് തന്നെ 1635 ൽ ബന്ദെർഖണ്ഡ് എന്ന പ്രദേശത്തെ ഭരണം പിടിച്ചെടുക്കുന്നതിനായി ഷാജഹാൻ ഔറംഗസേബിനെ നിയോഗിച്ചു.
അഹമ്മദ്‌നഗർ, ബിജാപ്പൂർ, ഗോൽക്കൊണ്ട എന്നീ പ്രവിശ്യകൾ പിടിച്ചെടുക്കുന്നതിൽ ഷാജഹാനോടൊപ്പം നിന്നത് ഔറംഗസേബ് ആയിരുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ ഡെക്കാനിലെ ഗവർണ്ണർ പദവി ഔറംഗസേബന് ലഭിക്കുകയുണ്ടായി. ഔറംഗസേബിന്റെ ആദ്യ യുദ്ധ പരാജയം കാണ്ഡഹാറിൽ വച്ചാണ് സംഭവിക്കുന്നത്. കാണ്ഡഹാർ കീഴടക്കുന്നതിനായി ഷാജഹാൻ തന്റെ മറ്റൊരു മകനായ മുറാദ്‌ബക്ഷിനെ 1646 ൽ അവിടേക്ക് അയച്ചു. എന്നാൽ ഉസ്‌ബൈക്കുകളോട് ഏറ്റുമുട്ടി പരാജയം വരിക്കേണ്ടി വന്നു ഇദ്ദേഹത്തിന്. പിന്നീട് ഇതിനായി ഔറംഗസേബിനെ നിയോഗിച്ചു. എന്നാൽ അദ്ദേഹത്തിനും പരാജയം തന്നെയായിരുന്നു ഫലം. 1657 ൽ ഷാജഹാന് പെട്ടന്ന് സുഖമില്ലാതാകുന്നതിലൂടെയാണ് മുഗൾ സാമ്രാജ്യത്തിന്റെ അധികാര വടംവലി തുടങ്ങുന്നത്. സഹോദരങ്ങൾ തമ്മിലുള്ള അധികാരത്തിനുള്ള ചരട് നീക്കങ്ങൾ യുദ്ധത്തിന്റെ വക്കിൽ വരെ എത്തി നിൽക്കുന്ന സമയത്താണ് ഷാജഹാൻ രോഗശയ്യയിൽ നിന്ന് സുഖം പ്രാപിച്ച് തിരിച്ച് അധികാര സ്ഥാനത്തേക്ക് വരുന്നത്. 1657 മുതൽ 59 വരെ നടന്ന ഈ അധികാര വടംവലിയുടെ ഒടുവിൽ ഔറംഗസേബ് മൂത്ത സഹോദരനുമായി യുദ്ധം ചെയ്യുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ആഗ്രയിൽ എത്തിയ ഔറംഗസേബ് തന്റെ പിതാവായ ഷാജഹാനെ വീട്ടുതടവിൽ ആക്കുകയും തന്റെ ശക്തി വർധിപ്പിക്കുന്നതിനായി മറ്റു സഹോദരങ്ങളെ വധിക്കുകയും ചെയ്തു.