അമേരിക്കൻ പ്രസിഡന്റുമാരും വൈറ്റ് ഹൗസ് നിർമ്മാണവും
- admin trycle
- Aug 25, 2020
- 0 comment(s)
ഇന്ന് നാം കാണുന്ന വൈറ്റ് ഹൗസ് നിരവധി മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച ഒരു ഭവനമാണ്. ഇന്ന് കാണുന്ന രീതിയിലേക്ക് എത്തുന്നതിനു മുൻമ്പ് നിരവധി നിർമ്മാണങ്ങൾ ഈ ഭവനത്തിൽ വിവിധ പ്രസിഡന്റ്മാരുടെ മേൽനോട്ടത്തിൽ നിവഹിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടൺ 1791-ൽ വൈറ്റ് ഹൗസിനായി സ്ഥലം തിരഞ്ഞെടുത്തതോടെയാണ് അമേരിക്കൻ പ്രസിഡന്റ്മാർക്ക് താമസിക്കാനുള്ള വൈറ്റ് ഹൗസിന്റെ ചരിത്രം തുടങ്ങുന്നത്. 1792-ൽ മൂലക്കല്ല് സ്ഥാപിക്കുകയും ഐറിഷ് വംശജനായ ആർക്കിടെക്റ്റ് ജെയിംസ് ഹോബൻ സമർപ്പിച്ച ഡിസൈൻ തിരഞ്ഞെടുക്കുകയും ചെയ്തു. എട്ടുവർഷത്തെ നിർമ്മാണത്തിനുശേഷം, പ്രസിഡന്റ് ജോൺ ആഡംസും ഭാര്യ അബീഗയിലും 1800 ൽ പൂർത്തിയാകാത്ത വൈറ്റ് ഹൗസിലേക്ക് മാറി. 1812 ൽ തുടങ്ങിയ യുദ്ധത്തിൽ ബ്രിട്ടീഷുകാർ 1814 ൽ പ്രസിഡന്റിന്റെ ഭവനത്തിന് തീയിട്ടു. വീട് പുനർനിർമ്മിക്കാൻ ജെയിംസ് ഹോബനെ നിയമിച്ചു, പിന്നീട് പ്രസിഡന്റ് ജെയിംസ് മൺറോ 1817-ൽ ഈ കെട്ടിടത്തിലേക്ക് മാറി. മൺറോയുടെ ഭരണകാലത്ത് രണ്ടു തവണയായി ഇതിൽ പലതരത്തിലുള്ള പണികൾ നടന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ ഭവനം വിപുലീകരിക്കാനോ അല്ലങ്കിൽ പുതിയ ഭവനം പണിയാനോ ഉള്ള വിവിധ നിർദേശങ്ങൾ നൽകി. എന്നാൽ പുതിയ ഭവനം പണിയുക എന്ന പദ്ധതി ഒരിക്കലും യാഥാർത്ഥ്യമായില്ല.
1902-ൽ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് വൈറ്റ് ഹൗസിന്റെ പ്രധാന നവീകരണം ആരംഭിച്ചു, പ്രസിഡന്റിന്റെ ഓഫീസുകൾ താമസസ്ഥലത്തെ രണ്ടാം നിലയിൽ നിന്ന് പുതുതായി നിർമ്മിച്ച താൽക്കാലിക എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിലേക്ക് (ഇപ്പോൾ വെസ്റ്റ് വിംഗ് എന്നറിയപ്പെടുന്നു) മാറ്റിസ്ഥാപിച്ചു. പ്രശസ്ത ന്യൂയോർക്ക് വാസ്തുവിദ്യാ സ്ഥാപനമായ മക്കിം, മീഡ് ആൻഡ് വൈറ്റ് ആണ് റൂസ്വെൽറ്റിന് വേണ്ടി നവീകരണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. റൂസ്‌വെൽറ്റിന്റെ പിൻഗാമിയായ പ്രസിഡന്റ് വില്യം ഹോവാർഡ് ടാഫ്റ്റ് ഓഫീസ് കെട്ടിടത്തിനുള്ളിൽ നിർമ്മിച്ചിരുന്ന ഓഫീസ് ഓവൽ ആകൃതിയിൽ വിപുലീകരിച്ചു.
റൂസ്‌വെൽറ്റിന്റെ കാലത്തെ നവീകരണത്തിന് ശേഷം അമ്പത് വർഷത്തിനുള്ളിൽ വൈറ്റ് ഹൗസ് ഗുരുതരമായ ബലഹീനതയുടെ ലക്ഷണങ്ങൾ കാണിച്ചു. തുടർന്ന് പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ കെട്ടിടത്തിന്റെ നവീകരണം ആരംഭിച്ചു, ഈ വിപുലമായ നവീകരണത്തിൽ പുറം മതിലുകൾ ഒഴികെ എല്ലാം പൊളിച്ചുമാറ്റി. പുനർനിർമ്മാണത്തിന് ആർക്കിടെക്റ്റ് ലോറെൻസോ വിൻസ്ലോ മേൽനോട്ടം വഹിച്ചു, ട്രൂമാൻ കുടുംബം 1952 ൽ വൈറ്റ് ഹൗസിലേക്ക് തിരികെ എത്തി.
ജോൺ ആഡംസ് മുതലുള്ള ഓരോ പ്രസിഡന്റും വൈറ്റ് ഹൗസിൽ താമസിച്ചിട്ടുണ്ട്, ഈ കെട്ടിടത്തിന്റെ നിർമാണവും ഇതിന്റെ കഥകളും ചരിത്രവും വളരെ അധികം പ്രസിദ്ധമാണ്. ആദ്യകാല മുറികളിൽ നിന്നും രൂപത്തിൽ നിന്നും ഇന്ന് കാണുന്ന വൈറ്റ് ഹൗസിലേക്ക് എത്തുവാൻ ഒട്ടനവധി കൂട്ടിച്ചേരലുകൾക്കും പൊളിച്ചു മാറ്റലുകൾക്കും സാക്ഷ്യം വഹിച്ചട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റുമാരുടെ കഥകൾ പറയുന്ന ഈ കെട്ടിടം ഇന്നേ വരെ പുതിയൊരു കെട്ടിടമായി മാറ്റി വേറെ സ്ഥലത്ത് പണിതട്ടില്ല.
132 മുറികളും 35 ബാത്ത്റൂമുകളും 6 നിലകളും ഈ റെസിഡൻസിൽ ഉണ്ട്. 412 വാതിലുകൾ, 147 വിൻഡോകൾ, 28 ഫയർപ്ലേസുകൾ, 8 സ്റ്റെയർകെയ്‌സുകൾ, 3 എലിവേറ്ററുകൾ എന്നിവയുമുണ്ട്. വൈറ്റ് ഹൗസ് അടുക്കളയിൽ ആയിരത്തിലധികം അതിഥികൾക്ക് അത്താഴം വിളമ്പാൻ കഴിയും. ചരിത്രത്തിലെ വിവിധ സമയങ്ങളിൽ, "വൈറ്റ് ഹൗസ് “,"പ്രസിഡന്റിന്റെ കൊട്ടാരം”, “പ്രസിഡന്റിന്റെ വീട്”, “എക്സിക്യൂട്ടീവ് മാൻഷൻ” എന്നറിയപ്പെടുന്നു. പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് ആണ് 1901 ൽ ഇപ്പോഴുള്ള വൈറ്റ് ഹൗസ് എന്ന പേര് നൽകുന്നത്.