ടി.സി. യോഹന്നാൻ
- admin trycle
- Jul 25, 2020
- 0 comment(s)

ലോങ് ജമ്പിലൂടെ ലോക കായിക ചരിത്രത്താളുകളില്‍ ഇന്ത്യയുടെ പേര് എഴുതി ചേര്‍ത്ത താരമാണ് ടി.സി. യോഹന്നാൻ. 1974 ലെ ടെഹ്‌റാൻ ഏഷ്യൻ ഗെയിംസിലെ ലോങ് ജമ്പ് മത്സരത്തിൽ 8.07 മീറ്റർ താണ്ടി ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച യോഹന്നാന്റെ പ്രകടനം ഏകദേശം മൂന്നു പതിറ്റാണ്ടുകാലം തകർക്കപ്പെടാതെ നിലകൊണ്ട ദേശിയ റെക്കോർഡാണ്. അദ്ദേഹത്തിന്റെ ഈ പ്രകടനം റോം ഒളിമ്പിക്സിൽ 400 മീറ്റർ ഓട്ടത്തിൽ മിൽക്ക സിങ്ങിന്റെ ഇതിഹാസ പ്രകടനത്തിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്.
1947 മേയ് 19 ന് കൊല്ലം ജില്ലയിലെ എഴുകോൺ മാരനാട് തടത്തുവിള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ ജംപ് ഇനങ്ങളോട് ആഭിമുഖ്യം പുലർത്തി തുടങ്ങിയ യോഹന്നാൻ സ്കൂൾ തല മത്സരങ്ങളിൽ വിജയം വരിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം 19-ആം വയസിൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനായി ഭിലായിൽ സഹോദരൻമാരുടെ അടുത്തേക്ക് പോയി. ആ തീരുമാനം കായിക ജീവിതത്തിൽ വഴിത്തിരിവായി. ഭിലായിലെ പഠനകാലത്ത് കായിക മത്സരങ്ങളിൽ ഏറെ തിളങ്ങി. ബാംഗ്ലൂരിൽ നടന്ന പ്രസന്നകുമാർ ഓൾ ഇന്ത്യ മീറ്റിൽ ലോംഗ് ജംപിലും ട്രിപ്പിൾ ജംപിലും സ്വർണം നേടിയ യോഹന്നാനെത്തേടി ജോലി വാഗ്ദാനങ്ങൾ പ്രവഹിച്ചു. ടെൽകോ, ടിസ്കോ, ഇന്ത്യൻ റെയിൽവേ തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങളാണ് മലയാളി താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ജോലിക്കായി ക്ഷണിച്ചത്.
1969 ൽ ആദ്യമായി ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുത്ത യോഹന്നാൻ 1971 ൽ പഞ്ചാബിലെ പട്യാലയിൽ നടന്ന ദേശീയ മത്സരത്തിൽ ലോങ് ജമ്പിൽ 7.6 മീറ്റർ താണ്ടി റെക്കോർഡ് സ്ഥാപിച്ചു, അതിനുശേഷം സിംഗപ്പൂരിൽ വെച്ച് നടന്ന അന്താരാഷ്ട്ര അത്‌ലറ്റിക് മീറ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ച അദ്ദേഹം ലോങ് ജമ്പ്, ട്രിപ്പിൾ ജമ്പ് മത്സരങ്ങളിൽ സ്വർണം നേടി. 1972 ലെ ദേശീയ അത്‌ലറ്റിക്സ് മീറ്റിൽ ട്രിപ്പിൾ ജമ്പ് മത്സരത്തിൽ ഒരു സ്വർണ്ണ മെഡൽ കൂടി നേടിയ യോഹന്നാൻ 1973 ൽ 7.78 മീറ്റർ താണ്ടി ലോംഗ് ജമ്പിലെ തന്റെ തന്നെ ദേശീയ റെക്കോർഡ് തിരുത്തി. 1974 ലെ തെഹ്റാൻ ഏഷ്യൻ ഗെയിംസിൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ജപ്പാന്റെ ഹോഷിത ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ലോംഗ് ജംപിൽ 8.07 മീറ്റർ താണ്ടി യോഹന്നാൻ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്. ഇന്ത്യൻ അത് ലറ്റ്ക്സ് ചരിത്രത്തിലെ സുവർണ നിമിഷങ്ങളിലൊന്നായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്
1975 ൽ ജപ്പാനിലേക്ക് ക്ഷണിക്കപ്പെട്ട യോഹന്നാൻ ടോക്കിയോ, ഹിരോഷിമ, കോബേ എന്നിവിടങ്ങളിലും ഫിലിപ്പൈൻസിലും നടന്ന മത്സരങ്ങളിൽ സ്വർണ മെഡൽ നേടി. അദ്ദേഹം പങ്കെടുത്ത അവസാന അത്‌ലറ്റിക് മീറ്റ് 1976 മോൺട്രിയൽ ഒളിമ്പിക് ഗെയിംസ് ആയിരുന്നു. തെഹ്റാനിലെ പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ യോഹന്നാന് മെഡൽ പട്ടികയിൽ ഇടം നേടാനാകുമായിരുന്നു. പക്ഷെ കാനഡയിലെ അതിശൈത്യവും പരിക്കിന്റെ രൂപത്തിലെത്തിയ നിർഭാഗ്യവും വിനയായി. പട്യാല ദേശീയ ക്യാമ്പിൽ പരിശീലനത്തിനിടെയുണ്ടായ പരുക്കിനെ തുടർന്ന് 1978 ൽ യോഹന്നാൻ അത്‍ലറ്റിക്സിൽ നിന്നും വിരമിച്ചു. 1974 ൽ ഭാരത സർക്കാരിന്റെ അർജ്ജുന അവാർഡിന് ടി.സി.യോഹന്നാൻ അർഹനായി. കേരള സർക്കാരും അദ്ദേഹത്തെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. കൂടാതെ തൊഴിലുടമകളായ ടെൽകോ അദ്ദേഹത്തിന് ടെൽകോവീർ അവാർഡ് നൽകി ആദരിച്ചു.