ഹെലന്‍ കെല്ലര്‍
- admin trycle
- Apr 4, 2020
- 0 comment(s)

ഹെലന്‍ കെല്ലര്‍
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് പ്രതികൂലസാഹചര്യങ്ങളെ സധൈര്യം നേരിട്ട വനിതയാണ് ഹെലന്‍കെല്ലര്‍. ചെറുപ്പത്തിൽ കാഴ്ചയും കേള്‍വിശക്തിയും നഷ്ടപ്പെട്ടിട്ടും ജീവിതത്തില്‍ തോറ്റു പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഹെലൻ ആഡംസ് കെല്ലർ എന്നാണ് ഇവരുടെ മുഴുവൻ പേര്. എഴുത്തുകാരി, സാമൂഹിക പ്രവർത്തക എന്നീ നിലകളിലെല്ലാം ഇവർ പ്രസ്തയാണ്. മറ്റുള്ളവരെ സഹായിക്കാനായി ജീവിതം സമർപ്പിച്ച ഹെലൻ കെല്ലർ വളരെ ബുദ്ധിശക്തിയും ഉയർന്ന ജീവിതാഭിലാഷവും മികച്ച നേട്ടങ്ങളും ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു.
1880-ല്‍ ജൂണ്‍ 27ന് അമേരിക്കയിലെ അലബാമയിലെ ടസ്കുമ്പിയയില്‍, ആർതർ എച്ച്. കെല്ലറിനും കാതറിൻ ആഡംസ് കെല്ലറിന്റെയും രണ്ട് പെൺമക്കളിൽ ആദ്യത്തെയാളായാണ് ഹെലൻ കെല്ലർ ജനിച്ചത്. കെല്ലറുടെ പിതാവ് ആഭ്യന്തരയുദ്ധകാലത്ത് കോൺഫെഡറേറ്റ് ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അധികം സമ്പന്നരലാത്ത ഈ കുടുംബം അവരുടെ പരുത്തിത്തോട്ടത്തിൽ നിന്നാണ് വരുമാനം കണ്ടെത്തിയിരുന്നത്. പിന്നീട് ആർതർ 'നോർത്ത് അലബാമിയൻ' എന്ന പ്രാദേശിക വാരികയുടെ എഡിറ്ററായി.
വെറും 19 മാസം പ്രായമുള്ളപ്പോൾ, അജ്ഞാതമായൊരു രോഗം മൂലം ഹെലന്‍ കെല്ലറിന് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു. സ്വതവേ വികൃതിയായിരുന്ന ഹെലൻ ഇതോടെ കൂടുതൽ വാശിക്കാരിയും ദേഷ്യക്കാരിയുമായി മാറി. ദേഷ്യം വരുമ്പോൾ അവൾ അടിക്കുകയും നിലവിളിക്കുകയും സന്തോഷിക്കുമ്പോൾ അനിയന്ത്രിതമായി ചിരിക്കുകയും ചെയ്യും. വീട്ടിലെ പാചകക്കാരിയുടെ മകളായ മാർത്ത വാഷിങ്‌ടൺ ആയിരുന്നു ഹെലന്റെ ബാല്യകാല സുഹൃത്ത്. ഇരുവരും പ്രത്യേകതരം ആംഗ്യഭാഷ സൃഷ്ടിച്ചിരുന്നു. കെല്ലറിന് 7 വയസ്സുള്ളപ്പോൾ, പരസ്പരം ആശയവിനിമയം നടത്താൻ അവർ 60 ലധികം അടയാളങ്ങൾ കണ്ടുപിടിച്ചിരുന്നു. അങ്ങനെയാണെങ്കിലും ദേഷ്യം വരുമ്പോൾ അവൾ മാർത്തയെ ഉപദ്രവിക്കുകയും മാതാപിതാക്കളെ പ്രകോപിപ്പിക്കുകയും ചെയ്തു.
ഹെലന്റെ സ്വഭാവം മാറണമെങ്കിൽ ഹെലന് പഠിക്കാനുള്ള സാഹചര്യവും ശരിയായ പരിശീലനവും ആവശ്യമാണെന്ന് മനസ്സിലാക്കിയ ഹെലന്റെ അമ്മയും അച്ഛനും, ഡോക്ടർ അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ സഹായത്തോടെ അന്ധർക്കു വേണ്ടി പ്രവർത്തിക്കുന്ന പെർകിൻസ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും ഹെലനെ പരിശീലിപ്പിക്കുന്നതിനായി ഒരു അധ്യാപികയെ കണ്ടെത്തി. ബാല്യത്തില്‍ വികൃതിയും ആക്രമാസക്തയുമായി പെരുമാറിയിരുന്ന ഹെലന്‍റെ ജീവിതം മാറിമറിഞ്ഞത് ആനി മാന്‍സ്ഫീല്‍ഡ് സള്ളീവന്‍ എന്ന ഈ അധ്യാപികയിലൂടെയാണ്. പെര്‍ക്കിന്‍സ് അന്ധവിദ്യാലയത്തില്‍ നിന്ന് ബിരുദം നേടിയ 20 വയസ്സുകാരിയായിരുന്നു ആനി സള്ളീവന്‍. ഹെലൻ കെല്ലറെ അനുസരണയും സ്നേഹവും പഠിപ്പിക്കുക വഴി ഹെലന്റെ സ്നേഹം പിടിച്ചു പറ്റാം എന്ന് തിരിച്ചറിഞ്ഞ ആനി രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ ഹെലനെ ആനി താമസിക്കുന്ന കോട്ടേജിലേക്ക് ഒപ്പം കൂട്ടി. 1887 മുതൽ 1936 ൽ ആനി സള്ളീവന്റെ മരണം വരെ 49 വർഷം ഹെലൻ തന്റെ അദ്ധ്യാപികയ്ക്കൊപ്പം പ്രവർത്തിച്ചു. 1932 ൽ സള്ളീവന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. 1914 ൽ കെല്ലറിന്റെയും സള്ളീവന്റെയും സെക്രട്ടറിയായി പ്രവർത്തിക്കാൻ തുടങ്ങിയ പോളി തോംസൺ എന്ന യുവതി സള്ളീവന്റെ മരണശേഷം കെല്ലറുടെ നിരന്തരമായ കൂട്ടാളിയായി.
ഹെലനെ ആനി അറിവിന്‍റെ ലോകത്തേക്ക് എത്തിച്ചത് തീര്‍ത്തും അത്ഭുതകരമായ കഥയാണ്. ഒരു ദിവസം ആനി ഹെലനെ വെള്ളം പമ്പ് ചെയ്യുന്ന പൈപ്പിന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി. ഹെലന്‍റെ ഒരു കൈയിൽ പൈപ്പ് തുറന്ന് വെള്ളം വീഴ്ത്തുകയും രണ്ടാമത്തെ കൈയില്‍ w-a-t-e-r എന്ന് മെല്ലെയും പിന്നീട് വേഗത്തിലും ധാരാളം തവണ എഴുതി. ഇതിൽ നിന്നും ഹെലൻ തണുത്തു ധാരയായി ഒഴുകുന്ന വസ്തു വാട്ടർ ആണെന്ന് മനസിലാക്കി. ഇത്തരത്തിലായിരുന്നു ആനി ഹെലനെ അക്ഷരങ്ങളുടെയും വാക്കുകളുടെയും ലോകം പരിചയപ്പെടുത്തികൊടുത്തത്. ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഹെലൻ ആനിയിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിച്ചു. വളരെ പെട്ടെന്നുതന്നെ ആനിയും ഹെലനും അടുത്ത സുഹൃത്തുക്കളായി. പഠിക്കാനുള്ള താത്‌പര്യം ഹെലന് കൂടിവന്നു. 1888-90 കാലഘട്ടത്തിൽ തന്റെ നിശ്ചയദാർഢ്യവും കഠിനപരിശ്രമവും കൊണ്ട് ഹെലൻ ‘ബ്രെയ്‌ലി ലിപി’ പരിശീലിച്ചു.
1890 ൽ, പത്താം വയസ്സിൽ സംസാരിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ഹെലനെ ആനി ബോസ്റ്റണിൽ ഉള്ള ബധിരർക്കായുള്ള സ്കൂളിൽ ചേർത്തു. ബോസ്റ്റണിലെ ഹോറസ് മാൻ സ്കൂളിലെ സാറാ ഫുള്ളറുടെ കീഴിൽ സംസാരിക്കാനുള്ള പരിശീലനം ആരംഭിച്ചു. കേൾവിയും കാഴ്ചയും ഇല്ലാത്ത ഹെലനെ പരിശീലിപ്പിക്കുക ഏറെ ശ്രമകരമായിരുന്നു. എന്നാൽ, ഗുരുവിന്റെയും ശിഷ്യയുടേയും കഠിനപ്രയത്നം ഫലം കണ്ടു. ഹെലൻ സംസാരിക്കാൻ തുടങ്ങി. ടീച്ചറുടെ ചുണ്ടിലെയും തൊണ്ടയിലെയും ചലനങ്ങൾ തൊട്ടറിഞ്ഞ് ആയിരുന്നു സംസാരിക്കാൻ പഠിച്ചത്. 1894 മുതൽ 1896 വരെ കെല്ലർ ന്യൂയോർക്ക് നഗരത്തിലെ ബധിരർക്കായുള്ള റൈറ്റ്-ഹ്യൂമസൺ സ്കൂളിൽ ചേർന്നു. അവിടെ, അവളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയും പതിവ് അക്കാദമിക് വിഷയങ്ങൾ പഠിക്കുകയും ചെയ്തു. അവിടെ പഠിക്കുമ്പോൾ ഹെലൻ കോളേജിൽ പോകണം എന്ന തീരുമാനത്തിൽ എത്തി. തികച്ചും പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും കഠിനപ്രയത്നം കൊണ്ട് അതിജീവിച്ച്, 1904 ൽ, 24-ാം വയസ്സിൽ റാഡ്‌ക്ലിഫ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹെലൻ ബിരുദം നേടി.അങ്ങനെ കാഴ്ചയും കേൾവിയുമില്ലാതെ ബിരുദം നേടിയ ആദ്യവ്യക്തി എന്ന പദവി ഹെലനെ തേടിയെത്തി. ഹെലന്റെ ഓരോ വിജയത്തിനും പ്രചോദനമായത് ആനി സള്ളീവന്റെ പിന്തുണയായിരുന്നു.
ദി സ്റ്റോറി ഓഫ് മൈ ലൈഫ് (1903), ഒപ്റ്റിമിസം (1903), ദി വേൾഡ് ഐ ലൈവ് ഇൻ (1908), മൈ റിലീജിയൻ (1927), ഹെലൻ കെല്ലേഴ്സ് ജേണൽ (1938), ദി ഓപ്പൺ ഡോർ (1957) എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങളിൽ അവൾ തന്റെ ജീവിതത്തെക്കുറിച്ച് എഴുതി. ഹെലന്റെ ജീവിതത്തെ ആസ്പദമാക്കി ധാരാളം പരമ്പരകളും സിനിമകളും ഡോക്യുമെന്ററിയുമെല്ലാം ഉണ്ടായി. ‘ഡെലിവറൻസ്’ എന്ന ഡോക്യുമെന്ററിയിൽ അവർതന്നെ അഭിനയിച്ചു.
1913-ൽ (ഒരു വ്യാഖ്യാതാവിന്റെ സഹായത്തോടെ) അവൾ പ്രഭാഷണം ആരംഭിച്ചു. 1921 ൽ അമേരിക്കൻ ഫെഡറേഷൻ ഫോർ ദി ബ്ലൈന്റ് സ്ഥാപിതമായപ്പോൾ, ഹെലൻ അവരുടെ പ്രവർത്തനങ്ങളിൽ ഭാഗമായി. അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളുടെ, വൈകല്യമുള്ളവരോടുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കാൻ ഹെലന്റെ പ്രസംഗങ്ങൾക്ക് കഴിഞ്ഞു. അവളുടെ പ്രഭാഷണ പര്യടനങ്ങൾ ലോകമെമ്പാടും നിരവധി തവണ അവളെ കൊണ്ടുപോയി. എല്ലാ സാമൂഹിക പ്രശ്നങ്ങളിലും അവർ ക്രിയാത്മകമായി ഇടപെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുടനീളം, സ്ത്രീകളുടെ വോട്ടവകാശം, സമാധാനം, ജനന നിയന്ത്രണം, സോഷ്യലിസം എന്നിവയുൾപ്പെടെയുള്ള നിരവധി സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ ഹെലൻ കെല്ലർ കൈകാര്യം ചെയ്തു. 1936 ൽ തിയോഡോർ റൂസ്‌വെൽറ്റ് ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് മെഡൽ, 1964 ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, 1965 ൽ വിമൻസ് ഹാൾ ഓഫ് ഫെയിമിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ജീവിതകാലത്ത് അവർക്ക് ലഭിച്ചു.
ആനി സള്ളീവനുമൊത്തുള്ള കെല്ലറുടെ ബാല്യകാല പരിശീലനം വില്യം ഗിബ്സന്റെ ദി മിറക്കിൾ വർക്കർ (1959) എന്ന പേരിൽ നാടകമാക്കി പ്രദർശിപ്പിക്കുകയും, ഇത് 1960 ൽ പുലിറ്റ്‌സർ സമ്മാനം നേടുകയും ചെയ്തു. തുടർന്ന് 1962 ൽ ഇത് ചലച്ചിത്രമാക്കുകയും രണ്ട് അക്കാദമി അവാർഡുകൾ നേടുകയും ചെയ്തു. ഹെലന്‍റെ അസാധാരണ കഴിവുകളും അവളുടെ ടീച്ചറിന്‍റെ ആത്മസമര്‍പ്പണത്തെയും അലക്സാണ്ടര്‍ ഗ്രഹാംബെല്ലും മാര്‍ക്ക് ട്വയിനും പുകഴ്ത്തിയിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ പടപൊരുതി മുന്നേറിയ സമാനതകളില്ലാത്ത ഈ പോരാളി 1968 ജൂണ്‍ 1ന് ലോകത്തോട് വിടപറഞ്ഞു.