ജലോത്സവം 2019
- admin trycle
- Aug 8, 2019
- 0 comment(s)
കേരളത്തിലെ എല്ലാ ഉത്സവങ്ങളും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. അവയില്‍ പലതും സംസ്ഥാനത്തിന്‍റെ ഭൂമിശാസ്ത്രപ്രത്യേകതയും കാലാവസ്ഥയും അനുസരിച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. അത്തരത്തില്‍ കേരളത്തിലെ ഭൂപ്രകൃതിയുമായി വളരെയധികം ഒത്തിണങ്ങുന്ന ഉത്സവമാണ് വള്ളംകളി. കായലുകളാല്‍ സമ്പന്നമായതിനാല്‍ വിശേഷാവസരങ്ങളില്‍ വള്ളംകളി ഒഴിച്ചുകൂടാനാവാത്ത വിനോദങ്ങളിലുള്‍പ്പെടുന്നു. ഓണത്തിനോടനുബന്ധിച്ചാണ് വള്ളംകളി പ്രധാനമായും നടത്തിപ്പോരുന്നത്. നെഹ്റുട്രോഫി വള്ളംകളി,ആറന്മുള ഉത്രട്ടാതി വള്ളംകളി, പ്രസിഡന്‍സ് ട്രോഫി വള്ളംകളി, പായിപ്പാട് ജലോത്സവം, ചമ്പക്കുളം മൂലം വള്ളംകളി എന്നിവ കേരളത്തിലെ പ്രധാനപ്പെട്ട വള്ളംകളികളാണ്.
പ്രാചീനകാലത്തെ സൈനിക ജലവാഹനങ്ങളായിരുന്നു ചുണ്ടൻ വള്ളങ്ങൾ. വലിയ നൗകകൾക്കുനേരേ മിന്നലാക്രമണം നടത്താൻവേണ്ട വേഗംകിട്ടാനാണ് ഈ രീതിയിൽ വള്ളങ്ങൾ രൂപകല്പന നടത്തിയത്. കുഞ്ഞാലി മരയ്ക്കാർ ഇത്തരം നൗകകൾ ഉപയോഗിച്ച് വിദേശികളുടെ കപ്പലുകൾക്കുനേരേ നടത്തിയ മിന്നലാക്രമണങ്ങൾ പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജാക്കന്മാരും യുദ്ധത്തിനായി ചുണ്ടന്‍വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. പിന്നീട് കേരളത്തിൽ ഈ വള്ളങ്ങള്‍ പ്രധാന ഗതാഗതമാര്‍ഗ്ഗങ്ങളായി തീർന്നു.
കേരളത്തിൽ ഇന്ന് നടക്കുന്ന വള്ളംകളികൾക്കായി ഉപയോഗിക്കുന്നത് പരമ്പരാഗതമായ വള്ളങ്ങളാണ്. അതില്‍ പ്രധാനമാണ് ചുണ്ടന്‍വള്ളം. കൂടാതെ ചുരുളന്‍വള്ളം, ഇരുട്ടുകുത്തിവള്ളം, ഓടിവള്ളം, വെപ്പുവള്ളം, വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നീ വള്ളങ്ങളും വള്ളംകളിയില്‍ ഉപയോഗിക്കുന്നു. തടികൊണ്ടുള്ള വള്ളങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആധികാരിക പുരാണഗ്രന്ഥമായ സ്തപ് ആത്യ വേദം അനുസരിച്ചാണ് ചുണ്ടന്‍വള്ളം നിര്‍മ്മിക്കുന്നത്. ചുണ്ടന്‍വള്ളങ്ങള്‍ക്ക് 100 മുതല്‍ 158 അടിവരെ നീളമുണ്ട്. ചുണ്ടന്‍വള്ളങ്ങള്‍ നിര്‍മ്മിക്കുന്നത് മാതാവ്, ഏരാവ് എന്നിങ്ങനെ പേരുകളുള്ള രണ്ട് പലകകള്‍ ഉപയോഗിച്ചാണ്. 45 മുതല്‍ 50 അടി വരെ നീളമുള്ള ആഞ്ഞലിത്തടികളാണ് ചുണ്ടന്‍വള്ളത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
ചുണ്ടന്‍വള്ളങ്ങളിലെ തുഴക്കാരെ വിന്യസിക്കുന്നത് പ്രത്യേകരീതിയിലാണ്. ഒരു അമരക്കാരനും അതിന് പിന്നില്‍ 4 പ്രധാന തുഴക്കാരും ഉണ്ട്. ഈ 4 പേര്‍ നാല് വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇതിന് പിന്നിലായി 2 പേർ എന്നവണ്ണം 64 തുഴക്കാര്‍ ഇരിക്കുന്നു. 64 കലകളെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. വള്ളത്തിന് നടുവില്‍ 8 പേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യം ഉണ്ട്. അഷ്ടദിഗ്പാലകരെയാണ് ഇത് സൂചിപ്പിക്കുന്നത്. വള്ളംകളിയില്‍ പങ്കെടുക്കുന്ന ഓരോ ചുണ്ടന്‍വള്ളങ്ങളും ഓരോ ഗ്രാമങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വള്ളംകളി നടക്കുമ്പോള്‍ വഞ്ചിപ്പാട്ട് പാടുക പതിവുണ്ട്. തുഴയുന്നയാള്‍ക്കാരെ ക്ഷീണം അറിയിക്കാതെ കൂടുതല്‍ ആവേശകരവും ഊര്‍ജ്ജിതവുമാക്കുന്ന തരം നാടോടി ഗാനങ്ങളാണ് വഞ്ചിപ്പാട്ടുകള്‍. പല വഞ്ചിപ്പാട്ടുകളും പ്രത്യേക ഈണത്തോടും താളത്തോടും കൂടിയതാണ്. ഇവയില്‍ മിക്കതും വാമൊഴി ഗാനങ്ങളായാണ് നിലനില്‍ക്കുന്നത്. പ്രശസ്ത കവി രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് ഇവയില്‍ പ്രസിദ്ധം.
കേരളത്തിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വള്ളംകളി. ഇന്ന് ടൂറിസം മേഖലയുടെ പ്രധാനപ്പെട്ട ചിഹ്നം കൂടിയാണ് വള്ളംകളി. കേരളസര്‍ക്കാര്‍ വള്ളംകളിയെ കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്. ആഗസ്ത്-സെപ്തംബര്‍ മാസമാണ് വള്ളംകളിയുടെ കാലം. ഈ വര്‍ഷത്തെ വള്ളംകളിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഈ വര്‍ഷം ആഗസ്ത് 10ന് ആരംഭിക്കുന്നു. നെഹ്റുട്രോഫി വള്ളംകളിയോടൊപ്പമാണ് ഇതും ആരംഭിക്കുന്നത്.
കേരളത്തിലെ മറ്റ് വള്ളംകളികളെ കുറിച്ച് കൂടുതലറിയാന്‍ ട്രൈക്കിളിന്‍റെ അടുത്ത ആഴ്ചയിലെ ബ്ലോഗ് വായിക്കു.