ടെലിസ്കോപ്
- admin trycle
- Mar 31, 2020
- 0 comment(s)
ടെലിസ്കോപ്
അങ്ങ് ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണുവാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ടെലിസ്കോപ്. യുദ്ധ സമയങ്ങളിലും ഭൂതല നിരീക്ഷണങ്ങൾക്കും ഉപയോഗിച്ചിരുന്ന ഇവ പിന്നീട് വാനനിരീക്ഷണങ്ങൾക്ക് ഉപയോഗിക്കുവാൻ തുടങ്ങി. ജ്യോതിശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഉപകരണമാണ് ഇന്ന് ടെലിസ്കോപ്. പ്രപഞ്ചത്തിന്റെ വിദൂര സ്ഥലങ്ങളിൽ പോലുമുള്ള ആകാശ വസ്തുക്കളിൽ നിന്ന് വികിരണം ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള മാർഗ്ഗം ഇത് നൽകുന്നു. ആദ്യ കാലങ്ങളിൽ ലെൻസുകൾ ഉപയോഗിച്ചായിരുന്നു ഇത്തരം ടെലിസ്കോപ്പുകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് എല്ലാ വലിയ ടെലിസ്കോപ്പുകളും ഉൾപ്പെടെ മിക്ക ടെലിസ്കോപ്പുകളും മിററുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. മിററുകൾ ഭാരം കുറഞ്ഞവയും കൃത്യമായി മിനിസപ്പെടുത്താൻ ലെൻസുകളേക്കാൾ എളുപ്പമുള്ളവയും ആണ് എന്നതുകൊണ്ടാണ് ഇന്ന് കണ്ണാടികൾ ഉപയോഗിക്കുന്നത്.
ടെലിസ്കോപ്പിൽ ഉപയോഗിക്കുന്ന മിററുകളെയും ലെൻസുകളെയും “ഒപ്റ്റിക്സ്” എന്ന് വിളിക്കുന്നു. ലെൻസുകൾ ഉപയോഗിച്ച് നിർമ്മിച്ച ടെലിസ്കോപ്പിനെ റിഫ്രാക്റ്റിങ് ടെലിസ്കോപ് എന്ന് വിളിക്കുന്നു. മിററുകൾ ഉപയോഗിക്കുന്ന ടെലിസ്കോപ്പിനെ റിഫ്ലെക്റ്റിങ് ടെലിസ്കോപ് എന്ന് വിളിക്കുന്നു. വളരെ ശക്തിയേറിയ ടെലിസ്കോപ്പുകൾക്ക് വളരെ മങ്ങിയ കാര്യങ്ങളും വളരെ അകലെയുള്ള കാര്യങ്ങളും കാണാൻ കഴിയും. അത് ചെയ്യുന്നതിന്, ഒപ്റ്റിക്സ് ശരിക്കും വലുതായിരിക്കണം. കണ്ണാടികൾ അല്ലെങ്കിൽ ലെൻസുകൾ എത്രത്തോളം വലുതാണോ ടെലിസ്കോപ്പിന് അത്രയും കൂടുതൽ പ്രകാശം ശേഖരിക്കാൻ കഴിയും. അതിന് ശേഷം പ്രകാശം ഒപ്റ്റിക്‌സിന്റെ ആകൃതി കാരണം കേന്ദ്രീകരിക്കപ്പെടുന്നു. ആ പ്രകാശമാണ് ടെലിസ്കോപ്പിലേക്ക് നോക്കുമ്പോൾ നാം കാണുന്നത്. ടെലിസ്കോപ്പിന്റെ ഒപ്റ്റിക്സ് പെർഫെക്റ്റ് ആയിരിക്കണം. അതായത് മിററുകൾ അല്ലെങ്കിൽ ലെൻസുകൾ പ്രകാശം കേന്ദ്രീകരിക്കാൻ കഴിയുന്ന ശരിയായ ആകൃതിയിൽ ആയിരിക്കണം. അവയിൽ പാടുകളോ പോറലുകളോ മറ്റ് എന്തെങ്കിലും കുറവുകളോ ഉണ്ടാകരുത്. അവയ്‌ക്ക് അത്തരം പ്രശ്‌നങ്ങളുണ്ടെങ്കിൽ, ചിത്രം വികൃതമോ മങ്ങിയതോ ആകുകയും കാണാൻ പ്രയാസമാകുകയും ചെയ്യും. ഒരു മികച്ച മിറർ നിർമ്മിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ ഒരു മികച്ച ലെൻസ് നിർമ്മിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്.
1608 ൽ ഡച്ചുകാരനായ ഹൻസ് ലിപ്പേർഷെയാണ് ആദ്യമായി ഒരു ടെലിസ്കോപ് നിർമ്മിക്കുന്നത്. പിന്നീട് ഗലീലിയോ ഹൻസിൻ്റെ ടെലിസ്കോപ് പരിഷ്ക്കരിച്ചു. ഇതിലൂടെ കൂടുതൽ വ്യക്തവും മികച്ചതുമായ ദൂരക്കാഴ്ച്ച സാധ്യമായി. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള പഠനത്തിനായി ടെലിസ്കോപ് ഉപയോഗിച്ചുകൊണ്ട് ഗലീലിയോ ജ്യോതിശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ചു. അതുവരെ മാഗ്‌നിഫിക്കേഷൻ ഉപകരണങ്ങൾ ഈ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നില്ല. പിന്നീട് ന്യൂട്ടനും തന്റേതായ ചില മാറ്റങ്ങൾ ടെലിസ്കോപ്പുകളിൽ കൊണ്ടുവന്നു. ആദ്യകാലങ്ങളിലെ റിഫ്രാക്റ്റിങ് ടെലിസ്കോപ്പുകൾ (അപവർത്തന ടെലിസ്കോപ്പുകൾ) മാറി പിന്നീട് റിഫ്ലെക്റ്റിങ് ടെലിസ്കോപ്പുകൾ (പ്രതിഫലന ടെലിസ്കോപ്പുകൾ) വന്നു. പിന്നീട് റേഡിയോ ടെലിസ്കോപ്പുകളും ഇൻഫ്രാറെഡ് ടെലിസ്കോപ്പുകളും കണ്ടുപിടിച്ചു. ഇതിന് ശേഷമാണ് ബഹിരാകാശ പഠനത്തിന് വേണ്ടിയുള്ള ടെലിസ്കോപ്പുകളുടെ നിർമ്മാണം വലിയ രീതിയിൽ ആരംഭിച്ചത്. ആദ്യം ഉപയോഗിച്ചിരുന്ന ടെലിസ്കോപ്പുകളെ അപേക്ഷിച്ച് കൂടുതൽ ദൂരം കാണുവാൻ സാധിക്കുന്ന രീതിയിൽ ആണ് ഇവയുടെ നിർമ്മാണം. മാത്രമല്ല ഇവക്ക് വേണ്ടി മാത്രമായി ലോകത്തിന്റെ പലഭാഗത്തും സെന്ററുകളും സ്ഥാപിക്കാറുണ്ട്. ഇത്തത്തിലുള്ള ഇന്ത്യൻ അസ്‌ട്രോണോമിക്കൽ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്നത് ലഡാക്കിൽ ആണ്.
വിവിധതരം സഹായ ഉപകരണങ്ങൾ (ഉദാ. ക്യാമറ, സ്പെക്ട്രോഗ്രാഫ്, ചാർജ്-കപ്പിൾഡ് ഡിവൈസ്) കണ്ടുപിടിച്ചതിലൂടെയും ടെലിസ്കോപ് സംവിധാനങ്ങളുമായി സംയോജിച്ച് ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾ, റോക്കറ്റുകൾ, ബഹിരാകാശ പേടകങ്ങൾ എന്നിവ ഉപയോഗിക്കുന്നതിലൂടെയും കൂടുതൽ മെച്ചപ്പെട്ട നിരീക്ഷണ ശേഷിയുള്ള ടെലിസ്കോപ്പുകൾ ഇന്ന് ലഭ്യമാണ്. ഈ മാറ്റങ്ങൾ സൗരയൂഥം, ക്ഷീരപഥം, പ്രപഞ്ചം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ വിജ്ഞാനത്തിന്റെ പുരോഗതിക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ബഹിരാകാശ ടെലിസ്കോപ്പുകളായ ഹബിൾ സ്പേസ് ടെലിസ്കോപ്, സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ് എന്നിവ നമ്മുടെ സൗരയൂഥത്തിൽ നിന്ന് വളരെ അകലെയുള്ള നക്ഷത്രസമൂഹങ്ങളുടെയും നെബുലകളുടെയും കാഴ്ചകൾ പകർത്താൻ നമ്മളെ അനുവദിച്ചു. ജെയിംസ് വെബ് സ്പേസ് ടെലെസ്കോപ്, കെപ്ലർ ടെലിസ്കോപ് എന്നിവയും വളരെ പ്രശസ്തമായ ടെലിസ്കോപ്പുകൾ ആണ്.