ഐ.എം. വിജയൻ
- admin trycle
- Jul 20, 2020
- 0 comment(s)

മുൻ പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോൾ താരമാണ് ഐ എം വിജയൻ. 66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും ശ്രദ്ധേയനായ താരങ്ങളിൽ ഒരാളായ അദ്ദേഹം കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തിയാണ് വിജയൻ. ചില മലയാളം തമിഴ് ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1969 ഏപ്രിൽ 25-ന് തൃശൂരിലാണ് വിജയൻ ജനിച്ചത്. പരേതരായ അയനിവളപ്പിൽ മണിയും കൊച്ചമ്മുവുമായിരുന്നു മാതാപിതാക്കൾ. ബിജു എന്നൊരു ജ്യേഷ്ഠനും അദ്ദേഹത്തിനുണ്ട്. അയനിവളപ്പിൽ മണി വിജയൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഉപജീവനത്തിനായി കുട്ടിക്കാലത്ത് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡാ വിറ്റ് നടന്നിരുന്ന വിജയന് സ്കൂൾ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിർത്തേണ്ടി വന്നു. ഫുട്ബോൾ കളിയോട് അതിയായ അഭിനിവേശമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവിതരേഖ മാറ്റിവരച്ചത് ഫുട്‍ബോളായിരുന്നു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ അസാമാന്യ പ്രകടനം കാണാനിടയായ കേരളത്തിലെ അന്നത്തെ ഡിജിപി വിജയനെ കേരള പോലീസിലേക്ക് തിരഞ്ഞെടുത്തു. അങ്ങനെ പതിനെട്ടാം വയസിൽ അദ്ദേഹം കേരളാ പൊലീസിന്റെ ഫുട്ബോൾ ടീമിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്. 1987 ൽ കേരള പോലീസിനായി കളിച്ചു തുടങ്ങിയ വിജയൻ 1989 ൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൺപതുകളുടെ അവസാനത്തിലും 2000 ങ്ങളുടെ തുടക്കത്തിലും ഇന്ത്യൻ ദേശീയ ടീമിനായി ബൈച്ചുങ് ബൂട്ടിയയുമായി ചേർന്ന് മികച്ച ഒരു ആക്രമണ കൂട്ടുകെട്ട് വിജയൻ സൃഷ്ട്ടിച്ചു. നെഹ്‌റു കപ്പ്, സാഫ് കപ്പ്, സാഫ് ഗെയിംസ്, സഹാറ കപ്പ് , പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ്കപ്പ് ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. കേരള പൊലീസിൽ കളിക്കാൻ ആരംഭിച്ച വിജയൻ 4 വർഷത്തിന് ശേഷം മോഹൻ ബഗാനിലേക്ക് മാറി. 1992 ൽ കേരള പോലീസിൽ തിരിച്ചെത്തിയ വിജയൻ അടുത്ത വർഷം വീണ്ടും മോഹൻ ബഗാനിലേക്ക് മാറി. തന്റെ ക്ലബ് കരിയറിൽ ഈസ്റ്റ് ബംഗാൾ ക്ലബ്, ജെസിടി, എഫ് സി കൊച്ചി, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 79 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടിയ വിജയൻ 2003 ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. 1993, 97, 99 വർഷങ്ങളിൽ ഇന്ത്യയിലെ “ബെസ്റ്റ് ഫുട്‍ബോളർ ഓഫ് ദി ഇയർ” ആയി തിരഞ്ഞെടുക്കപ്പെട്ട ഐ എം വിജയന് 2002 ൽ അർജ്ജുന അവാർഡ് നൽകി രാജ്യം ആദരിച്ചു. കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി കാലാഹിരൺ എന്നൊരു ഹ്രസ്വ ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. പിന്നീട് ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് വിവിധ മലയാളം സിനിമകളിൽ അഭിനയിച്ച വിജയൻ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.