ഒ.വി.വിജയന്‍
- admin trycle
- May 15, 2020
- 0 comment(s)
ഒ.വി.വിജയന്‍
ആധുനികതയുടെ സൂക്ഷ്മചലനങ്ങളെ ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ട് ആവിഷ്കരിച്ച എഴുത്തുകാരനാണ് ഒ.വി. വിജയന്‍. മലയാള സാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറ പാകിയ അദ്ദേഹം അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റും, പത്രപ്രവര്‍ത്തകനുമായിരുന്നു. ആനന്ദ്, എം മുകുന്ദന്‍, കാക്കനാടന്‍ എന്നിവരുടെ സമകാലികനായാണ് ഒ.വി വിജയന്‍ സാഹിത്യരംഗത്തേക്ക് എത്തിയത്. കാര്‍ട്ടൂണ്‍,ലേഖനം, ഓര്‍മ്മക്കുറിപ്പ്, നോവല്‍, ചെറുകഥ എന്നീ രംഗങ്ങളില്‍ നിരവധികൃതികള്‍ അദ്ദേഹം സമ്മാനിച്ചു.
1930 ജൂലൈ 2-നു പാലക്കാട് ജില്ലയില്‍ ജനിച്ച അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്നാണ്. മലബാര്‍ എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായിട്ടാണ് ഒ.വി.വിജയന്‍ ജനിച്ചത്. പ്രശസ്ത കവയിത്രിയും ഗാനരചയിതാവുമായ ഒ.വി. ഉഷ, വിജയന്റെ ഇളയ സഹോദരിയാണ്. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം പില്‍ക്കാലത്ത് താന്‍ ഏറ്റവും മോശം അധ്യാപകനായിരുന്നു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അധ്യാപകവൃത്തി ഉപേക്ഷിച്ച് അദ്ദേഹം പത്രപ്രവര്‍ത്തകനായി മാറി. ശങ്കേഴ്സ് വീക്ക്ലി, പേട്രിയറ്റ്, ദ സ്റ്റേറ്റ്സ്മാന്‍ എന്നീ ആനുകാലികങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി ഒട്ടനവധി രചനകള്‍ നടത്തിയിട്ടുണ്ട്.
1953-ല്‍ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. അരക്ഷിതാവസ്ഥ, ഒരു നീണ്ട രാത്രിയുടെ ഓർമ്മയ്ക്കായി, കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ, അശാന്തി എന്നിവ അദ്ദേഹത്തിന്റെ ചില കഥകളാണ്. ആദ്യത്തെ നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം 1969-ല്‍ ആണ് പ്രസിദ്ധീകരിച്ചത്. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു തന്നെ പുതിയ മാനങ്ങള്‍ കൈവന്നു. 1985-ല്‍ ധര്‍മ്മപുരാണം പ്രസിദ്ധീകരിച്ചു. 1987-ല്‍ ഗുരുസാഗരം, 1990-ല്‍ മധുരം ഗായതി, 1992-ല്‍ പ്രവാചകന്‍റെ വഴി, 1997-ല്‍ തലമുറകള്‍ എന്നിവ പ്രസിദ്ധീകരിച്ചു. തന്‍റെ എല്ലാ കൃതികളും മലയാളത്തില്‍ എഴുതുന്നതോടൊപ്പം സമാന്തരമായി ഇംഗ്ലീഷ് വിവര്‍ത്തനവും അനായാസമായി അദ്ദേഹം നടത്തിയിരുന്നു. ആഫ്ടര്‍ ദ ഹാങ്ങിങ്ങ് ആന്‍ഡ് അദര്‍ സ്‌റ്റോറീസ്, സാഗ ഓഫ് ധര്‍മപുരി, ലജന്‍ഡ് ഒഫ് ഖസാക്ക്, ഇന്‍ഫിനിറ്റി ഓഫ് ഗ്രെയ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് രചനകള്‍. ഇതിഹാസത്തിന്‍റെ ഇതിഹാസം, ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓര്‍മ്മ, ഘോഷയാത്രയില്‍ തനിയെ, അന്ധനും അകലങ്ങള്‍ കാണുന്നവനും എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലേഖനങ്ങൾ.
ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയുമാണ് ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ വിജയനെ പ്രശസ്തനാക്കിയത്. ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി അദ്ദേഹം കാർട്ടൂൺ വരച്ചു. 1975 ല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും അദ്ദഹം അതിനെ നിശിതമായി വിമര്‍ശിച്ചു.
1970-ല്‍ ഓടക്കുഴല്‍ അവാര്‍ഡു ലഭിച്ച ഖസാക്കിന്‍റെ ഇതിഹാസത്തിന് 1992-ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചു. ഗുരുസാഗരം എന്ന കൃതിക്ക് 1990-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ് എന്നിവയും 1991-ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. 1999-ല്‍ തലമുറകള്‍ എന്ന നോവലിന് എം.പി. പോള്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 2001-ല്‍ കേരളസര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്കാരവും 2003-ല്‍ രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതിയും നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി വിജയന്‍ അന്തരിച്ചു.