ക്വെന്റിൻ ടാരന്റിനോ
- admin trycle
- Jul 10, 2020
- 0 comment(s)

ക്വെന്റിൻ ടാരന്റിനോ
അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ ക്വെന്റിൻ ടാരന്റിനോയുടെ ചലച്ചിത്രങ്ങൾ വൈലൻസും മൂർച്ചയുള്ള സംഭാഷണവും ചലച്ചിത്ര-പോപ്പ് സംസ്കാരത്തോടുള്ള താൽപ്പര്യവും കൊണ്ട് ശ്രദ്ധേയമാണ്. തന്റെ സിനിമകളുടെ ഉള്ളടക്കവും ആഖ്യാന ശൈലിയും കാരണം ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികൾക്ക് ഇദ്ദേഹം പ്രിയങ്കരനാണ്. പൾപ് ഫിക്ഷൻ എന്ന ഇദ്ദേഹത്തിന്റെ ചിത്രം ആധുനിക സിനിമയിലെ ഒരു ക്ലാസിക് ആയി നിരൂപകരും വിലയിരുത്തുന്നു. എഴുത്തും സംവിധാനവും കൂടാതെ അഭിനയം നിർമ്മാണം എന്നീ മേഖലകളിലും ടാരന്റീനോ പ്രവർത്തിച്ചുട്ടുണ്ട്. ആക്ഷന്‍ ക്രൈം ത്രില്ലറുകളുടെ മാസ്റ്ററായ ക്വെന്റിന്‍ ടാരന്റിനോയുടെ സിനിമകൾ ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികൾക്ക് പ്രിയങ്കരമായി മാറിയവയാണ്.
1963 മാർച്ച് 27 ന് യുഎസിലെ ടെന്നസിയിലെ നോക്സ്വില്ലെ എന്ന പ്രദേശത്താണ് ക്വെന്റിൻ ടാരന്റിനോ ജനിച്ചത്. അദ്ദേഹത്തിന്റെ മുഴുവൻ പേര് ക്വെന്റിൻ ജെറോം ടരാന്റിനോ എന്നാണ്. സ്കൂൾ പഠന സമയത്ത് പഠനത്തിനുപകരം സിനിമ കാണാനോ കോമിക്സ് വായിക്കാനോ സമയം ചെലവഴിച്ച അദ്ദേഹത്തെ ആകർഷിച്ച ഒരേയൊരു വിഷയം ചരിത്രം മാത്രമാണ്. ഹൈസ്കൂൾ പഠനം അവസാനിപ്പിച്ച ശേഷം ടാരന്റീനോ ഒരു ഫിലിം തിയേറ്ററിൽ കുറച്ച് കാലം ജോലിചെയ്തു. മാത്രമല്ല അദ്ദേഹം അഭിനയ ക്ലാസുകളും എടുത്തിരുന്നു. സിനിമകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം ഒരു വീഡിയോ സ്റ്റോറിലെ ജോലിയിലേക്ക് നയിച്ചു. ഈ സമയത്താണ് ട്രൂ റൊമാൻസ്, നാച്ചുറൽ ബോൺ കില്ലേഴ്‌സ് എന്നിവയുടെ തിരക്കഥ അദ്ദേഹം എഴുതിയത്. 1992 ൽ 'റിസർവോയർ ഡോഗ്സ്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പരാജയപ്പെട്ട ജ്വല്ലറി സ്റ്റോർ കവർച്ചയായിരുന്നു ഈ വൈലൻസ് സിനിമയുടെ പ്രമേയം.
1994 ൽ പുറത്തിറങ്ങിയ 'പൾപ്പ് ഫിക്ഷൻ' എന്ന സിനിമയിലൂടെ അദ്ദേഹം ഒരു മുൻനിര സംവിധായകനായി മാറി. പൾപ്പ് ഫിക്ഷൻ വാണിജ്യപരവും നിരൂപണപരവുമായ വിജയമായിരുന്നു. കുറ്റകൃത്യ കഥകൾ ഉൾക്കൊള്ളുന്ന പ്രകോപനപരമായ ഈ ചിത്രം കാൻസ് ചലച്ചിത്രമേളയിൽ പാം ഡി'ഓർ നേടി(1994). മാത്രമല്ല മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ ഏഴ് അക്കാദമി അവാർഡ് നോമിനേഷൻസ് നേടിയ ചലച്ചിത്രം ടാരന്റീനോയ്ക്ക് (റോജർ അവരിയോടൊപ്പം) മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു. തുടർന്ന് ജാക്കി ബ്രൗൺ (1997) സംവിധാനം ചെയ്തു. ക്രിമിനൽ പ്രവർത്തനങ്ങളിൽ കുടുങ്ങിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെക്കുറിച്ചുള്ള എൽമോർ ലിയോനാർഡിന്റെ നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം.
പിന്നീട് കിൽ ബിൽ: വോളിയം. 1 (2003), കിൽ ബിൽ: വോളിയം. 2 (2004), ഗ്രിൻഡ്‌ഹൗസ് (ഇതിലെ 2 സിനിമകളിൽ ഡെത്ത് പ്രൂഫ് ആണ് ടാരന്റീനോ സംവിധാനം ചെയ്തത്) എന്നീ സിനിമകൾ ടാരന്റീനോ ചെയ്തു. ടാരന്റീനോ എഴുതി സംവിധാനം ചെയ്ത കിൽ ബിൽ സീരീസുകളുടെ ഇതിവൃത്തം പ്രതികാരം കേന്ദ്രീകരിച്ചായിരുന്നു. ഒരു പരിശീലനം ലഭിച്ച കൊലപാതകി(തുർമാൻ) അവൾക്കും അവളുടെ വിവാഹപാർട്ടിക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ ഉൾപ്പെട്ടവരെ കൊല്ലാൻ ശ്രമിക്കുന്നതാണ് പ്രമേയം.
അദ്ദേഹത്തിന് നിരവധി അവാർഡ് നോമിനേഷൻസ് നേടിക്കൊടുത്ത ചിത്രങ്ങളായിരുന്നു ഇംഗ്ലോറിയസ് ബാസ്റ്റേർഡ്സ് (2009), ജാങ്കോ അൺചെയിൻഡ് (2012) എന്നിവ. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി അധിനിവേശ ഫ്രാൻസിൽ, ഒരു കൂട്ടം ജൂത യുഎസ് സൈനികർ നാസി നേതാക്കളെ വധിക്കാൻ തയാറാക്കുന്ന പദ്ധതിയാണ് അദ്ദേഹത്തിന്റെ 'ഇൻഗ്ലോറിയസ് ബസ്റ്റേർഡ്സ്' ന്റെ പ്രമേയം. പിന്നീട് പുറത്തിറങ്ങിയ 'ജാങ്കോ അൺചെയിൻഡ്', ഒരു സ്വതന്ത്രനായ അടിമ തന്റെ ഭാര്യയെ ക്രൂരമായ തോട്ടം ഉടമയിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ കഥ പറയുന്നു. ജാങ്കോ അൺചെയിൻഡ് മികച്ച തിരക്കഥയ്ക്കുള്ള രണ്ടാമത്തെ ഓസ്കാർ പുരസ്കാരം അദ്ദേഹത്തിന് നേടി കൊടുത്തു. 'ഡെത്ത് പ്രൂഫ്'(2007),'ദി ഹേറ്റ്ഫുൾ ഏറ്റ്' (2015), 'വൺസ് അപ്പോൺ എ ടൈം.. ഇൻ ഹോളിവുഡ്' (2019) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചലച്ചിത്രങ്ങൾ.