അടൂർ ഗോപാലകൃഷ്ണൻ
- admin trycle
- May 23, 2020
- 0 comment(s)

അടൂർ ഗോപാലകൃഷ്ണൻ
ലോക സിനിമകളുടെ പട്ടികയിലേക്ക് മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ സംവിധായകരിൽ എടുത്ത് പറയേണ്ട ഒരു വ്യക്തിയാണ് അടൂർ ഗോപാലകൃഷ്ണൻ. പച്ചയായ മനുഷ്യ ജീവിതത്തെ വെള്ളിത്തിരയിൽ കാണിച്ച ഒരു സംവിധായകനാണ് അദ്ദേഹം. 1941 അടൂരിനടുത്തുള്ള പള്ളിക്കല്‍ ഗ്രാമത്തില്‍ മാധവന്‍ ഉണ്ണിത്താന്റേയും ഗൗരി കുഞ്ഞമ്മയുടേയും മകനായാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ ജനനം. എട്ടാമത്തെ വയസ്സിൽ തന്നെ നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയ അദ്ദേഹം പിന്നീട് നാടകങ്ങൾ എഴുതുവാനും സംവിധാനം ചെയ്യുവാനും തുടങ്ങി. നാടകത്തിനോടുള്ള അതിയായ കമ്പം കാരണം സർക്കാർ ജോലി ഉപേക്ഷിച്ച് സംവിധാനം പഠിക്കുവാനായി 1962 ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. എന്നാൽ അവിടെ വച്ച് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അദ്ദേഹം ചേക്കേറി. പ്രമേയം കൈകാര്യം ചെയ്യുന്നതിൽ ചലച്ചിത്രങ്ങളുടെ കഴിവ് അടൂരിനെ ഈ മേഖലയിലേക്ക് ആകർഷിച്ചു. 1965 ൽ തിരക്കഥയിലും സംവിധാനത്തിലും ഡിപ്ലോമ പൂർത്തിയാക്കി.
പഠിച്ചിറങ്ങിയ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര ഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റിക്ക് അദ്ദേഹം രൂപം നൽകി. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വയംവരമായിരുന്നു അടൂരിന്റെ ആദ്യ സംവിധാനസംരംഭം. അടൂരിന്റെ സ്വയംവരം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. ഇതിന് മുമ്പു വരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യവശത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. പിന്നീടങ്ങോട്ട് ചലച്ചിത്ര മേളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കൂത്ത്, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും, പിന്നെയും എന്നിവയാണ് അടൂര്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
സിനിമയ്ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും അടൂരിന്റേതായിട്ടുണ്ട്. സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അടൂരിന്റെ ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയുടെ ലോകം, സിനിമാനുഭവം, സിനിമ സാഹിത്യം ജീവിതം എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അടൂരിന്റെ കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത് എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സംവിധായകൻ തിരക്കഥാകൃത്ത് എന്നീ നിലകളിൽ സംസ്ഥാന ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകൾക്ക് സംസ്ഥാന സിനിമ അവാർഡുകളും ഏഴു തവണ ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ എലിപ്പത്തായമെന്ന ചിത്രത്തിന് 1982 ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫിയും ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005), പത്മശ്രീ, 2006 ല്‍ പത്മവിഭൂഷണ്‍ എന്നിങ്ങനെ നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട്.